വരും വർഷങ്ങളിൽ സംസ്ഥാനത്ത് പാൽവിപ്ലവം നടക്കുമെന്ന് ജെ. ചിഞ്ചുറാണി
text_fieldsതിരുവനന്തപുരം : വരും വർഷങ്ങളിൽ സംസ്ഥാനത്ത് പാൽവിപ്ലവം നടക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ (കെ.എൽ.ഡി.ബി) ആഭിമുഖ്യത്തിൽ രാഷ്ട്രീയ ഗോകുൽ മിഷൻ വഴി നടപ്പിലാക്കുന്ന ലിംഗനിർണയം നടത്തിയ ബീജാമാത്രകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കുകയായരുന്നു മന്ത്രി.
സംസ്ഥാനത്ത് വരും വർഷങ്ങളിൽ പാൽ വിപ്ലവത്തിനുതകുന്ന പദ്ധതിയായ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് വഴി നടപ്പിലാക്കുന്ന പദ്ധതി ഇനി മുതൽ എല്ലാ കർഷകർക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആറ് പതിറ്റാണ്ടിനിപ്പുറം നടപ്പാക്കുന്ന സ്വപ്ന പദ്ധതിയുടെ ക്രയോ ക്യാൻ കൃത്രിമ ബീജാധാന കിറ്റ് എന്നിവ തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ടി. ബീന ബീവിക്ക് മന്ത്രി കൈമാറി.
കർഷകർക്ക് ഉയർന്ന ഗുണമേൻമയുള്ള തൊണ്ണൂറു ശതമാനവും പശുക്കുട്ടികളെ ഉറപ്പുനൽകുന്ന പദ്ധതിയാണ് ലിംഗനിർണയം നടത്തിയ ബീജാമാത്രകൾ പദ്ധതി.സംസ്ഥാനത്തെ പശുക്കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നതിന് വേണ്ടി ലിംഗനിർണയം നടത്തിയ ബീജാമാത്രകൾ പരീക്ഷണാടിസ്ഥാനടത്തിൽ വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കെ.എൽ.ഡി.ബി ലക്ഷ്യമിടുന്നത്. ഈ പദ്ധതി 500 രൂപയ്ക്കാണ് കർഷകർക്ക് ലഭിക്കുക. രണ്ട് പ്രാവശ്യവും പശുക്കൾക്ക് ഗർഭധാരണം സാധ്യമായില്ലെങ്കിൽ 500 രൂപ തിരികെ നൽകും .അതേ സമയം ഗർഭധാരണത്തിലൂടെ കാളക്കുട്ടിയാണ് ഉണ്ടാകുന്നതെങ്കിൽ 750 രൂപയും തിരികെ നൽകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ചടങ്ങിൽ ഈ വർഷത്തെ ഗോപാൽരത്ന പുരസ്കക്കാര ജേതാക്കളായ മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തെയും മന്ത്രി ജെ.ചിഞ്ചുറാണി ആദരിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് മൃഗസംരക്ഷണ മേഖലയിൽ കെ.എൽ.ഡി.ബി നടപ്പിലാക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് ഡോ.അവിനാശ്, ഡോ.കിരദാസ് എന്നിവർ ക്ലാസെടുത്തു. പരിപാടിയിൽ അഡ്വ.വി.കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.