പെരിയാർ തീരം പച്ചക്കറി തോട്ടമാക്കിയ കർഷകൻ; ഖാദർ കുട്ടിക്ക് സ്വപ്‌നഭൂമിയാണ് കൃഷിയിടം
text_fieldsആലുവ: പെരിയാറിന്‍റെ തീരത്ത് പച്ചക്കറി കൃഷിയിലൂടെ പൊന്നുവിളയിക്കുകയാണ് 70കാരനായ ഒരു സാധാരണ കർഷകൻ. ഓർമവെച്ച കാലം മുതൽ സ്വന്തം കുടുംബത്തെ പോറ്റാൻ പലവിധ ഉപജീവന മാർഗ്ഗങ്ങൾ കണ്ടെത്തി അവസാനം ജീവിതം കൃഷിക്കായി ഉഴിഞ്ഞുവെച്ച കർഷകനാണ് ആലുവ ഈസ്‌റ്റ് പുറത്തൂട്ട് വീട്ടിൽ ഖാദർ കുട്ടി. കപ്പലണ്ടി കച്ചവടം, മുറുക്കാൻ കച്ചവടം, പെട്രോൾ മാക്‌സ്, കുട, ഫ്ലാസ്ക് എന്നിവയുടെ റിപ്പയർ എന്നുവേണ്ട ഖാദർ കുട്ടി കടന്നു ചെല്ലാത്ത തൊഴിൽ മേഖലകൾ കുറവാണ്. കഴിഞ്ഞ 20 വർഷമായി കാർഷിക മേഖലയിൽ സജീവമാണ് ഈ പച്ചയായ മനുഷ്യൻ.
തോട്ടുമുഖം പടിഞ്ഞാറെപള്ളി കടവിന് സമീപം ആലുവ പുഴയുടെ ഓരത്ത് മഴ വെള്ളത്തിൽ അടിഞ്ഞു കൂടുന്ന ചേണി കോരിയെടുത്ത് അതിലാണ് വിത്ത് നടുന്നത്. കപ്പ, ചീര, വഴുതന, വെണ്ട, പടവലം, ചുരക്ക, മത്തൻ എന്നുവേണ്ട ഒട്ടനവധി പച്ചക്കറി വിളകൾ കൃഷിചെയ്യാറുണ്ട്. ഇവ നട്ടുനനച്ചു നൂറുമേനി വിളയിച്ചെടുക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. പ്രഭാത നിസ്‌കാരത്തിന് ശേഷം പണി സാധനങ്ങൾ എടുത്ത് പുഴവക്കിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന ഖാദർകുട്ടി പുതു തലമുറക്കും ഒരു പ്രചോദനമാണ്.
ഖാദർ കുട്ടിക്ക് കാർഷിക പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി ഭാര്യ കുഞ്ഞിപ്പാത്തുമ്മയും പുഴയോരത്ത് ഒരു കൈ സഹായത്തിനായി കൂട്ടിനുണ്ട്. മീൻ പിടിക്കുന്നതിലും വിദഗ്ധനാണ് ഖാദർകുട്ടി. സ്വന്തമായി ഏഴര സെൻറ് കിടപ്പാടം മാത്രമാണ് ഈ കർഷകനുള്ളത്. അതിനാലാണ് പെരിയാർ തീരം തന്‍റെ കൃഷിഭൂമിയായി തിരഞ്ഞെടുത്തത്. പുറമ്പോക്കിൽ കൃഷി ചെയുന്നതുകൊണ്ടാകണം കാർഷിക മേഖലയിൽ പഞ്ചായത്ത് തലത്തിൽ നിന്നുള്ള ഒരു പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടില്ല.
നാല് പെൺമക്കൾ ഉൾപ്പെടെ ഏഴു മക്കളുടെ പിതാവാണ് ഖാദർ കുട്ടി. എല്ലാവരും വിവാഹിതരാണ്. മൂന്നു ആൺ മക്കൾ വിദേശത്താണെങ്കിലും എല്ലാവരെയും പോലെ സ്വന്തമായി പണിയെടുത്തു ജീവിക്കുമ്പോഴാണ് തനിക്ക് മന:സുഖം എന്നതാണ് ഖാദർകുട്ടിയുടെ പക്ഷം. ശാരീരിക അവശതകൾ ഏറെയുണ്ടെങ്കിലും മുടങ്ങാതെ തന്‍റെ സ്വപ്‌നഭൂമിയായ കൃഷിയിടം കൺചിമ്മാതെ സംരക്ഷിക്കുന്ന ഈ മനുഷ്യൻ നാട്ടുകാർക്കും പ്രിയങ്കരനാണ്. കഴിഞ്ഞ വർഷം കുറച്ച് കൃഷി നാശം സംഭവിച്ചിരുന്നു. എന്നാൽ, അതിൽ തളരാതെ ഇക്കുറി കൂടുതൽ കരുത്തോടെ മുന്നോട്ട് വന്നിരിക്കുകയാണ്. വെള്ളപ്പൊക്കം കഴിഞ്ഞതോടെ കൃഷിക്കായി തീരം ഒരുക്കുന്ന തിരക്കിലാണ് ഖാദർ കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.