കൃഷിയിടത്തില്‍ വ്യത്യസ്തനാണ് നാരായണന്‍
text_fieldsകൃഷിയിടത്തിലെ ചേനക്ക് എത്ര ഉയരംവരെ വളരാനാകും? കൂര്‍ക്കവള്ളി എത്ര നീളത്തില്‍ പടരും? കൂടിയാല്‍ നാലോ അഞ്ചോ അടിയോളം ഉയരത്തില്‍ വളരുന്ന ചേനയെ 10അടി മൂന്ന് ഇഞ്ചിലേക്കും നിലത്തുനിന്ന് ഏറിയാല്‍ ഒരടിയില്‍നിന്ന് വളരാത്ത കൂര്‍ക്കച്ചെടിയെ എട്ടടി ഉയരത്തിലേക്കും വളര്‍ത്തി ചാലക്കുടി അയനിക്കലാത്ത് നാരായണന്‍ വാര്‍ത്തകളില്‍ ഇടംതേടുന്നു. ചാലക്കുടി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്തുള്ള നാരായണന്‍െറ വീട്ടില്‍ചെന്നാല്‍ എല്ലാം നേരില്‍ കാണാം. പ്രവാസിയായിരുന്ന ഇദ്ദേഹം വിശ്രമജീവിതത്തിനിടെയാണ് പുരയിടത്തില്‍ പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. സസ്യപ്രകൃതിയിലെ ചെറുതുകളെ വളര്‍ത്തി വികസിപ്പിച്ച് വിസ്മയം സൃഷ്ടിക്കുന്നതില്‍ സന്തോഷം കണ്ടത്തെുകയാണ് നാരായണന്‍. ലോകത്തെ അപൂര്‍വവും വിലയേറിയതുമായ ഇനം സസ്യങ്ങളെ ഇവിടെ നട്ടുപരിപാലിക്കുന്നതും ഇദ്ദേഹത്തിന്‍െറ ആനന്ദമാണ്. 39 വര്‍ഷം അബൂദബിയില്‍ മെഡിക്കല്‍ ലാബിലെ ഉദ്യോഗസ്ഥനായിരുന്ന നാരായണന് കൃഷിയോടുള്ള ആത്മാര്‍ഥമായ പ്രേമം ചുട്ടുപൊള്ളുന്ന മരുഭൂമിയിലും മരങ്ങള്‍വെച്ച് പിടിപ്പിക്കുന്നതിലാണ് കലാശിച്ചത്. അവിടെ വേരുപിടിക്കാന്‍ ഏറെ സാധ്യതയുള്ളത് മുരിങ്ങയും മാവും മാത്രമാണ് എന്നതിനാല്‍ അതാണ് ധാരാളമായി നട്ടുവളര്‍ത്തിയത്.
മനസ്സില്‍ മായാതെ പച്ചപ്പ്
ചാലക്കുടിയിലെ ഒരു ചെറുകിട കാര്‍ഷികകുടുംബത്തിന്‍െറ പശ്ചാത്തലമുള്ള നാരായണന്‍െറ മനസ്സില്‍ എവിടെപ്പോയാലും കൃഷി മായാതെനില്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് കതിര് സംരക്ഷിക്കാന്‍ നെല്‍വയലില്‍ തത്തകളെയും മറ്റും ഓടിച്ചുവിടുന്നതായിരുന്നു വീട്ടിലെ ജോലി. അന്ന് വീട്ടുകാരുടെ നിര്‍ബന്ധംകൊണ്ട് ചെയ്തതാണതെല്ലാം. എന്നാല്‍, ഇപ്പോള്‍ ചെയ്യുന്ന കൃഷിപ്പണികള്‍ സന്തോഷത്തിനുവേണ്ടി ചെയ്യുന്നതാണ്. സഹായത്തിന് ഭാര്യ ഹേമലതയുണ്ട്. മൂത്തമകള്‍ വിവാഹിതയായി. ഇളയമകള്‍ മൈസൂരുവില്‍ പഠിക്കുന്നു. അതുകൊണ്ട് തനിച്ചായ ദമ്പതികള്‍ക്ക് കൂട്ട് ഈ മരങ്ങളാണ്. അവയെ മക്കളെപ്പോലെതന്നെ ശ്രദ്ധയോടെ പരിപാലിക്കുന്നു.
കെ.എസ്.ആര്‍.ടി.സി റോഡിലെ 12 സെന്‍റ് പുരയിടത്തിന് പുറമേ ചാലക്കുടിയിലും പരിസരത്തും നാരായണന് വേറെയും സ്ഥലങ്ങളുണ്ട്. അവയൊന്നും തരിശാക്കി വെറുതേ ഇട്ടിട്ടില്ല. 10ഉം 15ഉം സെന്‍റ് പുരയിടത്തിന്‍െറ പരിമിതിയില്‍ കൃഷിസാധ്യതയില്ളെന്ന് ആരും നിരാശപ്പെടേണ്ടതില്ളെന്നാണ് നാരായണന്‍െറ അനുഭവം തെളിയിക്കുന്നത്. പുതിയ നഗരജീവിതത്തില്‍ വളരെ കുറച്ചുസ്ഥലം മാത്രമെ കൃഷിക്ക് ലഭ്യമാവുകയുള്ളൂവെന്നതിനാല്‍ ഉള്ളസ്ഥലത്ത് വിലയേറിയ ഇനങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് നാരായണന്‍ ശ്രമിച്ചത്.
വിദേശത്തും അന്യസംസ്ഥാനത്തുമുള്ള വിലയേറിയ ചെടികളാണ് നാരായണന്‍െറ തോട്ടത്തില്‍. വിദേശമാര്‍ക്കറ്റില്‍ ഇവയുടെ ഇലകള്‍ക്കും കിഴങ്ങുകള്‍ക്കും വലിയവില ലഭിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിക്കുന്ന സര്‍വസുഗന്ധിയും ഇവിടെ വളര്‍ത്തുന്നുണ്ട്. ഇതിന്‍െറ ഇലക്കും വന്‍വില ലഭിക്കും. ഈജിപ്ഷ്യന്‍, ബ്രസീലിയന്‍, തായ്ലന്‍ഡ് ചീരകള്‍, കൊറിയന്‍ ചേമ്പ്, ബ്രസീലിയന്‍ ഇഞ്ചി, ഫിലിപ്പീന്‍സ് കരിമ്പ്, ആസ്ട്രേലിയന്‍ മധുരക്കിഴങ്ങ്, സിറിയന്‍ പിസ്ത, പ്ളം, ആപ്പ്ള്‍, തായ്ലന്‍ഡിലെ ദുറിയാന്‍, റമ്പൂട്ടാന്‍, മരുന്നായി ഉപയോഗിക്കുന്ന ചക്കയുണ്ടാകുന്ന സിന്‍ചി (ഇതിന്‍െറ മറ്റൊരു ചെടി മൈസൂരു രാജകൊട്ടാരത്തിലുണ്ട്), തുളസിവെറ്റില, റെഡ്ഡാക്ക ബനാന, ഗലാംഗല്‍, മൈസൂരു കണിക്കൊന്ന, ബോധിവൃക്ഷം, ഇലഞ്ഞി, തുളസി വെറ്റില, ആപ്പ്ള്‍, കറുത്ത അവക്കോട, കാട്ടുവെണ്ട, കാട്ടുകോവലം, കോളിഫ്ളവര്‍, മണിത്തക്കാളി തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ 12 സെന്‍റ് സ്ഥലത്ത് നാരായണന്‍ അതീവശ്രദ്ധയോടെ പരിപാലിക്കുന്നു.
ജൈവം കൃഷിമയം
കുറച്ചുസ്ഥലത്ത് കൃഷിചെയ്യുമ്പോള്‍ അത് ഗുണകരമാക്കാന്‍ ചെയ്യേണ്ട മറ്റൊരു തന്ത്രമാണ് വിളവ് കൂടുതല്‍ വലുതും തൂക്കവും ഉള്ളതാക്കി മാറ്റുക എന്നത്. എന്നാല്‍, ചെറിയവയെ വലുതാക്കാന്‍ അങ്ങനെ രാസവളം ചെലുത്താന്‍ നാരായണന്‍ ശ്രമിക്കാറില്ല. ഇതിനായി സ്വന്തമായ രീതില്‍ വളം ഇദ്ദേഹം കണ്ടത്തെിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന ചായക്കൊറ്റനാണ് ഇതിലെ പ്രധാന ഘടകം. ഇതിനോടൊപ്പം അറക്കപ്പൊടി, കയറുപൊടി, ഉമി, ചാണം, ചാരം എന്നിവയും ചേര്‍ക്കുന്നു. ഈ മിശ്രിതമാണ് നാരായണന്‍െറ തോട്ടത്തിലെ ചേനയേയും കൂര്‍ക്കയെയും മാത്രമല്ല, സാധാരണ ആറിഞ്ച് വിസ്താരംവരുന്ന ചേനപ്പൂവിനെ രണ്ട് അടി വ്യാസത്തിലേക്കും മൂനന് അടി ഉയരത്തിലേക്കും വളര്‍ത്തി വലുതാക്കിയത്. കരയിലെ ഏറ്റവുംവലിയ പൂവുകളിലൊന്നാണ് എലിഫെന്‍റ് ഫുട്യാന്‍ എന്നു വിളിക്കുന്ന ചേനപ്പൂവ്. മൂന്ന് മാസംകൊണ്ടാണ് നാരായണന്‍െറ തോട്ടത്തില്‍ ഇത് വളര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.