ഒത്തിരി കൃഷിയുമായി റഷീദിന്‍െറ ‘തണൽ’പ്പച്ച
text_fieldsഅഞ്ചു സെൻറ് മാത്രമുള്ള തൃശൂർ ജില്ലയിലെ പാലപ്പെട്ടിയിലെ പുരയിടത്തില്‍ വീടിനോട് ചേര്‍ന്ന് പച്ചക്കറികൃഷിയും ഫലച്ചെടികളും കൊണ്ട് നിറച്ചിരിക്കുകയാണ് എടത്തിരുത്തി സ്വദേശിയായ തൊപ്പിയില്‍ റഷീദ്. നാരകം, നെല്ലി, മാവ്, പിസ്ത, അമ്പഴം, മുള്ളാത്ത, സീതപ്പഴം എന്നിവയോടൊപ്പം പച്ചക്കറികളായ മുരിങ്ങ, ചീര, കൈപയ്ക്ക, തക്കാളി, പച്ചമുളക് തുടങ്ങിയവ തൊടിയിൽ സുലഭം. ‘തണല്‍’ എന്ന വീടിെൻറ പേര് അന്വര്‍ത്ഥമാക്കും വിധമാണ് മുന്നൂറോളം ചെടിയിനങ്ങള്‍ കൊണ്ട് വീടിന് ചുറ്റും മൂന്നുസെൻറിലധികം സ്ഥലത്ത് പച്ചപ്പണിയിച്ചത്. ആറുതരം മുളകൾ വളർന്നുപന്തലിച്ചിരിക്കുന്നു. മുളങ്കൂട്ടത്തില്‍ തേനീച്ചക്കൂടും താഴെ മീന്‍ വളര്‍ത്തുന്ന കുളവുമുണ്ട്. സിറ്റൗട്ടിലും ചവിട്ടുപടിയിലും വിവിധ ആകൃതിയില്‍ നിര്‍മ്മിച്ച ചട്ടികളില്‍ വ്യത്യസ്തമായ ചെടികള്‍. കയ്യാലും പേരാലും അരയാലും അത്തിയും ഇത്തിയും ഊദും തുടങ്ങി പാരിജാതവും അശോകവും തണല്‍ വിരിച്ചു നില്‍ക്കുന്നു. പശ്ചിമ ഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന സോമലതയാണ് ചെടികളില്‍ പ്രധാന താരം. ഓര്‍ക്കിഡ്, ബോണ്‍സായ് തുടങ്ങിയ അലങ്കാരച്ചെടികള്‍ക്കുമില്ല കുറവ്. വീടിനു പുറത്തെ ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ പച്ച പുതപ്പിച്ചപ്പോള്‍ മട്ടുപ്പാവില്‍ ചാക്കില്‍ മണ്ണു നിറച്ച് വാഴക്കൃഷി നടത്താനും മറന്നില്ല. പ്രവാസം അവസാനിപ്പിച്ച റഷീദ് ഏഴു വര്‍ഷം മുമ്പാണ് വീട് നിര്‍മ്മിച്ചത്. കുഴല്‍ക്കിണറില്‍ നിന്നും കിട്ടുന്ന ശുദ്ധജലത്തെക്കാള്‍ അടുക്കളയിലും മറ്റും ഉപയോഗിച്ച വെള്ളം ശേഖരിച്ചാണ് കൃഷികള്‍ നനക്കുന്നത്. പുലര്‍ച്ചെ രണ്ടുമണിക്കൂര്‍ ചെടികള്‍ക്കായി ചെലവിടുന്ന റഷീദിനെ അവധി ദിവസങ്ങളില്‍ ഭാര്യ റജുലയും മകന്‍ റയീസും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.