Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightകൊപ്ര ലേലത്തിന്‌...

കൊപ്ര ലേലത്തിന്‌ നാഫെഡ്; കർഷകർ ആ​ശങ്കയിൽ

text_fields
bookmark_border
കൊപ്ര ലേലത്തിന്‌ നാഫെഡ്; കർഷകർ ആ​ശങ്കയിൽ
cancel

നാളികേര കർഷകരുടെ പ്രതീക്ഷകൾ കാറ്റിൽ പറക്കുമോ? ഓഫ്‌ സീസണിലെ വിലക്കയറ്റം മുന്നിൽക്കണ്ട്‌ കൊപ്ര കരുതിയ ഉൽപാദകരെ സമ്മർദത്തിലാക്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര ഏജൻസിയായ നാഫെഡ്‌ രംഗത്ത്‌. സംഭരിച്ച കൊപ്ര ലേലത്തിന്‌ ഇറക്കാനുള്ള പുറപ്പാടിലാണവർ. നാളികേര വിളവെടുപ്പ്‌ വേളയിൽ കർഷകർക്ക്‌ താങ്ങ്‌ പകരാൻ വിപണിയിൽ ഇറങ്ങിയ ഏജൻസി കരുതൽശേഖരം വിറ്റുമാറാനുള്ള നീക്കം ഉൽപാദകരെ ആശങ്കയിലാക്കി.

കഴിഞ്ഞ സീസണിൽ സംഭരിച്ച കൊപ്രയിൽ ഏകദേശം 39,000 ടണ്ണാണ്‌ തമിഴ്‌നാട്ടിൽ വിൽപന നടത്തുന്നത്‌. ക്വിന്റലിന്‌ 11,160 രൂപയാണ്‌ നിലവിലെ താങ്ങുവില. 2023ൽ സംഭരിച്ച കൊപ്രക്ക്‌ ഇപ്പോഴത്തെ സാഹചര്യത്തിൽ 9000 രൂപ പോയിട്ട്‌ 8700 പോലും ഉറപ്പുവരുത്താനാവില്ലെന്നത്‌ വാസ്‌തവം. നടപ്പ്‌ സീസണിൽ തമിഴ്‌നാട്‌ ഏകദേശം 90,000 ടൺ കൊപ്ര സംഭരിച്ചിട്ടുണ്ട്‌. വൻശേഖരം മുന്നിലുള്ളതിനാൽ വില ഉയർത്തി ലേലം പിടിക്കാൻ വ്യവസായികൾ ഉത്സാഹിക്കില്ല.

നിലവിൽ കാങ്കയം, പൊള്ളാച്ചി, കോയമ്പത്തൂർ, പഴനി വിപണികളിൽ 9200 രൂപക്ക്‌ യഥേഷ്‌ടം ചരക്ക്‌ ലഭ്യമാണ്‌. നടപ്പ്‌ സീസണിൽ കേരളത്തിന്‌ അരലക്ഷം ടൺ കൊപ്ര സംഭരണത്തിന്‌ കേന്ദ്രം അനുമതി നൽകിയെങ്കിലും സംഭരിച്ചത്‌ കേവലം 120 ടൺ മാത്രം. കൊച്ചിയിലും കോഴിക്കോടും വില ക്വിന്റലിന്‌ 10,000 രൂപയാണ്‌. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വിലയിരുത്തിയാൽ ഉൽപന്നം മുന്നേറാൻ ക്ലേശിക്കേണ്ടിവരും. കേന്ദ്ര ഏജൻസി സംഭരിച്ച കൊപ്ര വെളിച്ചെണ്ണയാക്കി വിപണിയിൽ ഇറക്കിയാൽ കാർഷിക മേഖലക്ക്‌ അത്‌ ആശ്വാസം പകരും.

● ഇന്ത്യൻ റബർ കരുത്ത്‌ നിലനിർത്തുമ്പോൾ രാജ്യാന്തര വിപണി വിൽപനക്കാരുടെ നിയന്ത്രണത്തിലേക്ക്‌ വഴുതുന്നു. വിദേശത്തെ ചലനങ്ങൾ വിലയിരുത്തിയാൽ മാസാവസാനം ഷീറ്റ്‌ വിലയിൽ വീണ്ടും തിരുത്തൽ സാധ്യത. ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും കരുതലോടെ വിപണിയെ സമീപിച്ചില്ലെങ്കിൽ ഉയർന്ന വിലയുടെ നേട്ടം കൊയ്യാനാവില്ല.

സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ റബർ 20,900 രൂപയിൽനിന്ന് 21,200 വരെ കയറി, ഒരു ദശകത്തിനിടയിൽ ആദ്യമായാണ്‌ റബർ ഈ റേഞ്ചിൽ വിപണനം നടക്കുന്നത്‌. മഴ തുടരുന്നതിനാൽ റബർ വെട്ടിന്‌ അവസരം ലഭിക്കാതെ കർഷകർ തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നു. അതായത്‌, മാസാവസാനം വരെ പുതിയ ഷീറ്റ്‌ വിൽപനക്ക്‌ എത്തില്ലെന്നത്‌ വ്യവസായികളെ വില ഉയർത്താൻ പ്രേരിപ്പിക്കുമെന്നാണ്‌ തോട്ടം മേഖലയുടെ വിലയിരുത്തൽ. നിലവിലെ ബുൾ റാലി റബറിനെ 22,000 വരെ എത്തിക്കുമെന്ന്‌ കണക്കുകൂട്ടുന്നവരുമുണ്ട്‌. കർക്കടകം രണ്ടാം പകുതിയിൽ കാലാവസ്ഥ തെളിഞ്ഞാൽ റബർ ടാപ്പിങ്‌ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദകർ. കാലവർഷം തുടങ്ങിയ ശേഷം തുടർച്ചയായി ഒരാഴ്‌ച പോലും റബർ വെട്ടിന്‌ അവസരം ലഭിക്കാഞ്ഞതിനാൽ ഉൽപാദകരുടെ കൈവശം സ്റ്റോക്കില്ല. 20,900 രൂപയിൽ വിൽപന തുടങ്ങിയ ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ വാരാന്ത്യം 21,200 രൂപയിലാണ്‌. രാജ്യാന്തര റബർ ഒരു മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാര നഷ്ടത്തിലാണ്‌.

● ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ നീളുന്ന ഉത്തരേന്ത്യൻ ഉത്സവ ദിനങ്ങളിൽ ബംബർ വിൽപനയാണ് സുഗന്ധവ്യഞ്‌ജനങ്ങളിൽ പ്രതീക്ഷിക്കുന്നത്‌. പതിവുപോലെ കുരുമുളക്‌ തിളങ്ങുമെന്നാണ്‌ വൻകിട സ്റ്റോക്കിസ്റ്റുകളുടെ വിലയിരുത്തൽ.

ആഭ്യന്തര വ്യാപാരികൾ ചരക്ക്‌ സംഭരിക്കുന്നത്‌ വിലയിൽ കുതിപ്പ്‌ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ മലയോര മേഖല. അൺ ഗാർബ്ൾഡ്‌ കുരുമുളക്‌ വാരാന്ത്യം 65,400 രൂപയിലാണ്‌. രാജ്യാന്തര വിപണിയിൽ മലബാർ കുരുമുളക്‌ വില ടണ്ണിന്‌ 8300 ഡോളർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copraNAFEDFarmers
News Summary - Nafed for copra auction
Next Story