പൊന്ന് വിളയിച്ച് പൊൻകതിര്‍ കൂട്ടായ്മ
text_fields മാലിന്യം നിറഞ്ഞ് കിടക്കുന്ന തരിശു ഭൂമിയെ കൃഷിയിറക്കാൻ പാകത്തിൽ മെരുക്കിയെടുക്കുകയെന്നത് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമല്ലെന്നാണ് അങ്ങാടിപ്പുറത്തെ കൃഷി സ്നേഹികൾ പറയുന്നത്. പറയുക മാത്രമല്ല, പ്രവർത്തിച്ച് കാണിക്കുകയും ചെയ്തു അവർ. പൊൻമണി വിത്ത് വിതച്ച് 20 ഏക്കർ തരിശു ഭൂമിയില്‍ പൊന്ന് വിളയിച്ചാണ് അങ്ങാടിപ്പുറത്തെ ‘പൊൻകതിൻ ഗ്രാമം’ കൂട്ടായ്മ മാതൃക കാണിച്ചത്.
അങ്ങാടിപ്പുറം വളാഞ്ചേരി വഴിയോരത്തെ വൈലോങ്ങര കയിലിപ്പാടം ഇന്ന് നെൽകൃഷിയിറക്കാൻ പാകത്തില്‍ ഒരുക്കിയെടുത്തതിൽ കൃഷി ഓഫിസറുടെയും നാട്ടുകാരായ കർഷകരുടെയും വിദ്യാർഥികളുടെയും കഠിനാധ്വാനമുണ്ട്. മുമ്പ് നൂറുമേനി കൊയ്ത നെൽപാടം കാലങ്ങൾ കഴിയവെ വിസ്മൃതിയിലാണ്ടു. പാടം റോഡരികിലായതിനാൽ പതിയെ മാലിന്യനിക്ഷേപ കേന്ദ്രമായി ഇവിടം മാറി. എന്നാൽ, കൃഷിയിറക്കാൻ പാകത്തിൽ മണ്ണിനെ ഒരുക്കിയെടുക്കാൻ അങ്ങാടിപ്പുറം കൃഷിഭവൻ മുന്നോട്ടു വന്നു. ‘പൊൻകതിർ ഗ്രാമം’ എന്ന പേരിൽ കർഷക സമിതി രൂപവത്കരിച്ച് കൃഷി ഓഫിസർ കെ.പി. സുരേഷിന്‍െറ നേതൃത്വത്തിൽ കൂട്ടായ്മയുണ്ടാക്കി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കാർഷിക വികസന സമിതി അംഗങ്ങളും കർഷകരും ഫോർലൈഫ് അംഗങ്ങളും നെൽകൃഷിയിറക്കുന്നതിന് മുന്നിട്ടിറങ്ങാൻ ഇത് പ്രേരണയായി. കൃഷിക്കാവശ്യമായ പണം സ്വരൂപിക്കാൻ അങ്ങാടിപ്പുറം ഗ്രാമീണ്‍ ബാങ്കിൽ അക്കൗണ്ടും തുടങ്ങി. അങ്ങാടിപ്പുറം അഗ്രോ സർവിസ് സെൻററിലെ ജീവനക്കാരും വനിതാ തൊഴിലാളികളും ചേർന്നാണ് പാടം വിളവിറക്കാൻ പാകത്തിലാക്കിയത്. ‘പൊൻമണി’ വിത്ത് വിതച്ച് കൃത്യമായ പരിപാലനവും നടന്നു. ജൈവ വളങ്ങളും ജൈവ കീടനാശിനിയുമാണ് കൂടുതലായി ഉപയോഗിച്ചത്. സമിതി അംഗങ്ങളും കർഷകരും ആവശ്യമുള്ളതെടുത്തിട്ട് ബാക്കിവരുന്ന നെല്ല് സപൈ്ളകോക്ക് കൈമാറും. 12 ഏക്കർ പാടത്ത് കൃഷിഭവൻ കൃഷിയിറക്കിയപ്പോൾ ബാക്കി എട്ട് ഏക്കറിൽ പാട്ടം വാങ്ങിയ ഉടമസ്ഥരും കൃഷിയിറക്കി. അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റും കൃഷി പരിപാലിക്കാൻ രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊയ്ത്തുത്സവം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.