കന്നിക്കൃഷിയിൽ വിജയം കൊയ്ത് വാണിയമ്പലത്തെ വിദ്യാർഥികൾ
text_fieldsഅരിവാളും പാടവും ചേറുമൊക്കെ ഇപ്പോൾ വാണിയമ്പലത്തെ കുട്ടികൾക്ക് സുഹൃത്തുക്കളാണ്.കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ ഒന്നിച്ച് പാടത്തിറങ്ങി അധ്വാനത്തിന്റെ വില മനസിലാക്കി. ഒടുവിൽ മികച്ച ഫലം കൂടെ ലഭിച്ചതോടെ ക്ലാസ് റൂമിെൻറ നാല് ചുവരുകൾക്കപ്പുറത്ത് മണ്ണും മനുഷ്യനും തമ്മിലൊരു ആത്മ ബന്ധമുണ്ടെന്ന് ഇവർ തിരിച്ചറിഞ്ഞു.രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് മലപ്പുറം ജില്ലയിലെ വാണിയമ്പലം ഗവർണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. ഉച്ചഭക്ഷണത്തിനു വേണ്ട അരി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയിരിക്കുകയാണ് ഇവിടത്തെ ഹൈസ്ക്കൂൾ വിദ്യാർഥികൾ . സ്വയം പര്യാപ്തത ലക്ഷ്യം വച്ചിറക്കിയ കൃഷിയിൽ നൂറ് മേനി വിളവും ലഭിച്ചതോടെ വലിയ ആവേശത്തിലാണ് വിദ്യാർഥികളും അധ്യാപകരും. കഴിഞ്ഞയാഴ്ച്ച നടന്ന കൊയ്ത്തുത്സവത്തിൽ രക്ഷകർത്താക്കളും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ കുട്ടികൾക്കൊപ്പമിറങ്ങി.കൊയ്യാൻ മുണ്ടുമടക്കി കയ്യിൽ അരിവാളുമായി എ.പി്അ നിൽ കുമാർ എം.എൽ.എ കൂടെ വയലിലിറങ്ങിയത് കുട്ടികൾക്കാവേശമായി.
പ്രദേശത്തെ സ്വകാര്യ വ്യക്തികൾ സൗജന്യമായി കൃഷി ചെയ്യാൻ നൽകിയ ഒന്നര ഏക്കർ വയലിലാണ് കുട്ടികൾ മികച്ച വിളവുണ്ടാക്കിയെടുത്തത്. 25,000 രൂപ ചിലവിലാണ് കൃഷി നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് വിത്തിറക്കിയത്. 'ഉമ' യിനത്തിൽപ്പെട്ട സങ്കരയിനം വിത്താണ് കൃഷിക്കുപയോഗിച്ചത്. ഞാറുനടീൽ മുതൽ കൊയ്ത്ത് വരെ പരിപാലനം വിദ്യാർഥികൾ തന്നെയായിരുന്നു. നാട്ടിലെ മുതിർന്ന കർഷകരുടെ സഹായവും നിർദേശങ്ങളുമെല്ലാം ഓരോ ഘട്ടങ്ങളിലും കുട്ടികൾക്ക് ലഭിച്ചു.
പൂർണമായും ജൈവവളത്തിെൻറ പിന്തുണയോടെയാണ് കൃഷി നടത്തിയത്. മിക്കവർക്കും ചെളിയിലിറങ്ങുന്നതും അരിവാളേന്തുന്നതുമൊക്കെ പുത്തനനുഭവമായിരുന്നു. രക്ഷിതാക്കൾ കൂടെ അംഗങ്ങളായ വണ്ടൂർ മഹാത്മാ ലേബർബാങ്ക് അംഗങ്ങളായ തൊഴിലാളികളും, ജനപ്രതിനിധികളും, നാട്ടുകാരുമെല്ലാം കൊ യ്ത്തുത്സവത്തിനെത്തിയിരുന്നു.നാടൻ കൊയ്ത്തുപാട്ടുകൾ സംഘമായിച്ചേർന്നാലപിച്ചാണ് കൊയ്ത്താരംഭിച്ചത്.
കൊയ്ത്തവസാനിപ്പിച്ചപ്പോഴേക്കും പ്രതീക്ഷിച്ചതിനപ്പുറം വിളവാണ് ലഭിച്ചത്.നാലു ടൺ നെല്ലാണ് ഇവർ കൊയ്തെടുത്തത്.
സ്ക്കൂളിലേക്കാവശ്യമുള്ളതെടുത്ത് ബാക്കി വരുന്നത് വിൽക്കാനും അതിൽ നിന്നും കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്. നെൽകൃഷിക്ക് പുറമെ മീൻ കൃഷിയും പരീക്ഷിക്കുന്നുണ്ട്. ഗ്രാസ് ഷാർപ്പ്, നട്ടർ തുടങ്ങിയയിനം 300 ഓളം മത്സ്യങ്ങളാണ് ഇവർ കൃഷി ചെയ്യുന്നത്.സ്ക്കൂളിനടുത്ത് തന്നെയുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 2 സെൻറ് സ്ഥലത്തുള്ള കുളത്തിലാണ് മത്സ്യകൃഷി. രാവിലെയും വൈകുന്നേരവുമുള്ള പരിപാലനവും തീറ്റ കൊടുക്കലും വിദ്യാർത്ഥികൾ തന്നെയാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് അടുത്ത ആഴ്ച്ചയോട് കൂടി ഉഴുന്ന്, മുതിര, എള്ള് തുടങ്ങിയവ കൃഷി ചെയ്യാനാണ് ഇവരുടെ അടുത്ത പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.