കാർഷിക-ജലസേചന മേഖലകളിൽ സൗരോർജ അധിഷ്ഠിത ബദൽ ഊർജ മാർഗങ്ങൾ തുടങ്ങിയെന്ന് പി. പ്രസാദ്
text_fieldsതിരുവനന്തപുരം: കാർഷിക-ജലസേചന മേഖലകളിൽ സൗരോർജ അധിഷ്ഠിത ബദൽ ഊർജ മാർഗങ്ങൾ പര്യവേക്ഷണം ചെയ്തുകൊണ്ട് സാമ്പ്രദായിക രീതികൾ മാറ്റാൻ ശ്രമം തുടങ്ങിയതായി മന്ത്രി പി. പ്രസാദ്. അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്‌സും കെഎസ്ഇബിയുടെ കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററും (ഇഎംസി) സംയുക്തമായി സംഘടിപ്പിച്ച 'കേരളത്തിന്റെ കാർഷിക മേഖലയിലെ ഊർജ പരിവർത്തനം' എന്ന ദ്വിദിന കൺസൾട്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാൻ കർഷകരെ സഹായിക്കുന്നതിനായി സുസ്ഥിര കൃഷിരീതികൾ, ഉപജീവന വൈവിധ്യവൽക്കരണം, വികേന്ദ്രീകൃത പുനരുപയോഗം, ഊർജ കാര്യക്ഷമത എന്നിവയിലേക്ക് കേരളം തുടക്കമിട്ടു. വലിയ അളവിൽ പരമ്പരാഗത ഊർജം ആവശ്യമായി വരുന്ന നിലവിലുള്ള കൃഷിരീതികൾ ഘട്ടംഘട്ടമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്ക് സംസ്ഥാനം തുടക്കം കുറിച്ചു.
നിലമൊരുക്കൽ, വിത്തുകൾ സംരക്ഷിക്കൽ, ജലസേചനം, വിളവെടുപ്പ് എന്നിവയിൽ പരമ്പരാഗത ഊർജ്ജം ഉപയോഗിക്കുന്ന സമീപന രീതി കുറച്ചുകൊണ്ടുവരാൻ സഹായിക്കുന്ന കർമ്മ പദ്ധതി തയാറാക്കും. സംസ്ഥാനത്ത് ഭക്ഷ്യ സംസ്കരണം, മൂല്യവർദ്ധന പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തങ്ങളും പുനരുപയോഗ ഊർജത്തിന് കീഴിൽ കൊണ്ടുവരും.
ഫോസിൽ ഇന്ധന ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ് സർക്കാർ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുഡ് പോളിസി അനലിസ്റ്റ് ദേവീന്ദർ ശർമ്മ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സുസ്ഥിര കാർഷിക കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.രാമഞ്ജനേയലു, അസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനുത ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.