സപ്ലൈകോക്കു പിന്നാലെ വേനൽമഴയും ചതിച്ചു; പാടത്ത് കർഷകൻറെ കണ്ണീർ നനവ്
text_fieldsകോട്ടയം: ജില്ലയിൽ സപ്ലൈകോക്കു പിന്നാലെ കർഷകരെ ചതിച്ച് വേനൽമഴ. പാടത്ത് കൂട്ടിയിട്ട നെല്ല് വെള്ളത്തിലാണ്. പകൽ വെയിൽ തെളിഞ്ഞതോടെ വെള്ളം വലിയുന്നുണ്ടെങ്കിലും നനഞ്ഞ നെല്ല് എന്തുചെയ്യുമെന്നാണ് കർഷകരുടെ ചോദ്യം. നനഞ്ഞ നെല്ല് പാടത്തുനിന്ന് പണിക്കാരെവെച്ച് ചുമന്ന് റോഡിലെത്തിച്ച് ഉണക്കാനിടുന്ന തിരക്കിലാണ് കർഷകർ. മഴ പെയ്തതിനാൽ മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടും.
ഇനിയും കാത്തിരിക്കാനാവാത്തതിനാൽ ഗത്യന്തരമില്ലാതെ ചോദിക്കുന്ന കിഴിവ് നൽകേണ്ടിവരും. ഒരു മണിപോലും കിഴിവ് നൽകില്ലെന്നു പറഞ്ഞ തിരുവാർപ്പിലെ കർഷകർ രണ്ടുകിലോ കിഴിവിനാണ് നെല്ല് നൽകിയത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മാടേക്കാട് പാടശേഖരത്തില്‍ മില്ലുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് 22 കിലോ കിഴിവാണെന്നാണ് കർഷകർ പറയുന്നത്. 150 ഏക്കറില്‍ താഴെ മാത്രമുള്ള പാടശേഖരത്തിലെ കൊയ്ത്ത് ഒരു മാസം മുമ്പേ പൂര്‍ത്തിയായിരുന്നു.
ഒറ്റപ്പെട്ടു കിടക്കുന്ന പാടശേഖരത്തിലെ മുക്കാല്‍ നെല്ലും രണ്ടു കിലോ കിഴിവില്‍ സംഭരിച്ചശേഷം മില്ലുകാര്‍ പിന്‍വാങ്ങി. അവശേഷിക്കുന്ന നെല്ലു നല്കാന് മില്ലുകാരെ തേടി കര്‍ഷകര്‍ നെട്ടോട്ടമാണ്. ഈ നെല്ലാണ് ഇപ്പോൾ 22 കിലോ കിഴിവിന് ആവശ്യപ്പെടുന്നത്. കുറിച്ചിയിലെ രണ്ടു പാടശേഖരത്തിലും രണ്ടാഴ്ചയിലേറെയായി നെല്ല് സംഭരണം തടസ്സപ്പെട്ടിരിക്കുകയാണ്. എട്ടു കിലോ കിഴിവാണ് ഇവിടെ ചോദിക്കുന്നത്. മഴ കൂടി എത്തിയതോടെ എത്ര കിഴിവു നല്കിയാലും വേണ്ടില്ല നെല്ല് കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഇന്നും പാഡി ഓഫിസ് ഉപരോധിക്കും
തിരുവാര്‍പ്പ് മാടേക്കാട്, കുറിച്ചി പാടശേഖരങ്ങളിലെ സംഭരണം പുനരാരംഭിക്കാന്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ പാഡി മാര്‍ക്കറ്റിങ് ഓഫിസ് ഉപരോധിക്കും.
ആലപ്പുഴയില്‍നിന്നുള്ള കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കാളികളാകുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ് പറഞ്ഞു. കഴിഞ്ഞ ദിവസവും നെല്‍കര്‍ഷക സംരക്ഷണ സമിതി പാഡി ഓഫിസ് ഉപരോധിച്ചിരുന്നു. വൈകീട്ട് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.