മുണ്ടകൻ വൈക്കോലിന് ഇക്കുറിയും വിലയില്ല, ആവശ്യക്കാരും
text_fieldsചുരുട്ടി കെട്ടുകളാക്കി വില്‍പ്പനക്ക് തയാറാക്കിയ മുണ്ടകന്‍ വൈക്കോല്‍
കൊടകര: മുന്‍കാലങ്ങളില്‍ നല്ലവില കിട്ടിയിരുന്ന മുണ്ടകന്‍ വൈക്കോലിന് ഇക്കുറി വിലയും ആവശ്യക്കാരും കുറഞ്ഞത് നെല്‍കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി. കൃഷിച്ചെലവിനു തുല്യമായ തുക മുന്‍വര്‍ഷങ്ങളില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷം വൈക്കോല്‍ വില്പനയിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. ആറേഴുവര്‍ഷം മുമ്പ് ഒരുകെട്ട് വൈക്കോലിന് 250 രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നൂറുരൂപയില്‍ താഴെയാണ് കിട്ടുന്നത്. ഒരുമാസം മുമ്പ് കൊയത്ത് പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ക്ക് കെട്ടിന് 125 രൂപ നിരക്കില്‍ കിട്ടിയിരുന്നു.
ആവശ്യക്കാര്‍ കുറഞ്ഞതും വേനല്‍മഴ കനത്തുപെയ്തതുമാണ് വിപണിയില്‍ വില ഇടിയാന്‍ കാരണമായത്. ക്ഷീരകര്‍ഷകരാണ് പ്രധാനമായും മലയോരത്തെ പാടശേഖരങ്ങളില്‍നിന്ന് വൈക്കോല്‍ വാങ്ങാറുള്ളത്. എന്നാല്‍ വീടുകളില്‍ കന്നുകാലികളെ വളര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞതും ഫാമുകളില്‍ പശുക്കളെ വളര്‍ത്തുന്നവര്‍ വൈക്കോലിനു പകരം തീറ്റപുല്ലും കടകളില്‍നിന്ന് കിട്ടുന്ന കാലിതീറ്റയും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വൈക്കോലിന് ആവശ്യക്കാര്‍ കുറഞ്ഞു. കൊയ്ത്തുനടക്കുന്ന സമയത്ത് മഴപെയ്തതും കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ യന്ത്രമിറങ്ങി കൊയ്ത്ത് നടത്തിയപ്പോള്‍ ഒട്ടുമിക്ക കര്‍ഷകരുടേയും വൈക്കോല്‍ ചെളിയില്‍ പൂണ്ട് നശിച്ചു. കോടാലിപാടത്ത് കൊയ്ത്തുപൂര്ത്തിയായെങ്കിലും പാടത്ത് ഉണങ്ങാനിട്ടിരിക്കുന്ന വൈക്കോല്‍ യന്ത്രസഹായത്തോടെ ചുരുട്ടികെട്ടുന്ന പണികള്‍ നടന്നുവരികയാണ്.
ഒരുകെട്ട് വൈക്കോല്‍ ഇത്തരത്തില്‍ യന്ത്രസഹായത്തോടെ ചുരുട്ടികെട്ടാന്‍ 35 രൂപയാണ് നല്‍കേണ്ടത്. ഒരേക്കര്‍ നിലത്തില്‍നിന്ന് ശരാശരി 60 കെട്ട് വൈക്കോലാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഒരുകാലത്ത് മലയോരത്തെ പാടശേഖരങ്ങില്‍ മുണ്ടകന്‍ കൊയ്ത്ത് പൂര്‍ത്തിയാകുമ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആവശ്യക്കാര്‍ വൈക്കോല്‍ വാങ്ങാനായി എത്താറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.