തലയോലപ്പറമ്പിൽ 1.26 ഏക്കർ നെൽവയൽ നികത്തുന്നതിന് അനുമതി നൽകി
text_fieldsതിരുവനന്തപുരം : തലയോലപ്പറമ്പിൽ 1.26 ഏക്കർ നെൽവയൽ നികത്തുന്നതിന് അനുമതി നൽകി റവന്യൂ വകുപ്പിന്റെ ഉത്തരവ്. നിലവിലുള്ള ബണ്ട് റോഡിന്റെ ഇരുവശങ്ങളിലേയും പാടശേഖരത്തിലെ കാർഷിക പ്രവർത്തനങ്ങൾക്കും കൃഷിക്കും ജലനിർഗമനത്തിനും നാശം സംഭവിക്കാത്ത വിധത്തിൽ നിർമാണ പ്രവർത്തനം നടത്തണമെന്നാണ് വ്യവസ്ഥ.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പൊതുആവശ്യത്തിനായി നിലം പരിവർത്തനപ്പെടുത്തുമ്പോൾ നിഷ്കർഷിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടർ ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശം നൽകി.
കോട്ടയം വടയാർ വില്ലേജിൽപ്പെട്ട ആലങ്കേരി പാടശേഖരത്തിൽ ഒരു ഫാം റോഡ് നിർമിക്കുന്നതിനാണ് നിലം നികത്താൻ അനുമതി നൽകിയത്. കർഷകർക്ക് കൃഷി ഭൂമിയിലെ ആവശ്യത്തിന് കാർഷിക സാമഗ്രികളും കൃഷി യന്ത്രങ്ങളും കൊണ്ടുപോകുന്നതിന് റോഡ് നിർമിക്കുന്നതിന് പാല മണ്ണ് സംരക്ഷണ ഓഫിസറും തലയോലപ്പറമ്പ് കൃഷി ഓഫിസറുമാണ് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയത്.
നെൽ പാടത്തുകൂടെയുള്ള റോഡ് കൃഷിയെ സാരമായി ബാധിക്കുമെന്നും ഭാവിയിൽ മറ്റ് നെൽവയലുകൾ പരിവർത്തനപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനതല സമിതി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കർഷകരുടെ ആവശ്യപ്രകാരം പാടശേഖരത്തിലൂടെ കൃഷിക്കാവശ്യമായ അസംസ്കൃത വസ്തുക്കളും കൊണ്ടുപോകുന്നതിനും കാർഷിക ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനും യാതൊരുവിധ മാർഗങ്ങൾ ഇല്ലാത്ത സാഹചര്യമുണ്ട്.
ഫാം ബണ്ട് ഇല്ലാത്തതിനാൽ കർഷകർ വളരെയേറെ ക്ലേശങ്ങൾ സഹിച്ചും സാമ്പത്തികമായി വളരെ പണം ചെലഴിച്ചാണ് ഇപ്പോൾ ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നത്. റോഡ് നിർമിക്കുന്നത് പാടശേഖരത്തിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയോ കൃഷി നടത്താൻ പറ്റാത്ത സാഹചര്യമോ ഉണ്ടാക്കില്ല. റോഡ് നിർമിച്ചാൽ കർഷകർക്ക് വളരെ ഉപകാരപ്രദമാണ്. കാർഷിക ചെലവ് കുറക്കാനും കഴിയും.
പദ്ധതികളുടെ പൂർണമായ പ്രയോജനം കൈവരിക്കുന്നതിനായി ഫാം ബണ്ടിന്റെ നിർമ്മാണം അത്യന്താപേക്ഷിതമാണെന്നും മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകളോടെ റോഡ് നിർമാണത്തിന് നിലം നികത്താൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.