രണ്ടാം വിള നെൽകൃഷി; മാർഗനിർദേശങ്ങളുമായി കൃഷി വകുപ്പ്
text_fieldsആലത്തൂർ: നെൽ കൃഷിയിൽ രണ്ടാം വിളയിറക്കുന്നവർക്ക് മാർഗ നിർദേശങ്ങളുമായി കൃഷി വകുപ്പ്. ചേറ്റുവിത നടത്തുന്നവർ നിലം നന്നായി ഉഴുത് നിരത്തി ഏക്കറിന് 100 കിലോ കുമ്മായം ചേർക്കണം. നാലു ദിവസം കഴിഞ്ഞ് വെള്ളം ഇറക്കിയ ശേഷമാണ് വിത്ത് വിതറേണ്ടത്.
ചേറ്റുവിതക്ക് ഏക്കറിന് 32 മുതൽ 40 കിലോ വരെ വിത്ത് വിതക്കാവുന്നതാണ്. വിത്ത് നന്നായി കഴുകി വൃത്തിയാക്കി 18 മണിക്കൂർ വെള്ളത്തിൽ ഇട്ടുവെച്ച ശേഷം എടുത്ത് വെള്ളം വാർത്ത് ചാക്കിൽ കെട്ടിവെച്ച് 48 മണിക്കൂർ കഴിഞ്ഞാണ് വിതക്കേണ്ടത്.
ഒരു കിലോ വിത്തിന് 20 ഗ്രാം സ്യുഡോമോണസ് ചേർക്കുന്നത് ഓലകരിച്ചിൽ തടയാൻ ഫലപ്രദമാണ്. ചേറ്റുവിത നടത്തുന്ന പാടങ്ങളിൽ കളശല്യം കുറക്കാൻ വിത്ത് വിതക്കും മുൻപ് തന്നെ കളനാശിനി പ്രായോഗിക്കാവുന്നതാണ്. നന്നായി ഉഴവാക്കിയ പാടത്ത് ട്രൈയഫോമോൺ+ ഈതോക്സി സൾഫൂറോൺ ( കൗൺസിൽ ആക്റ്റീവ് ) എന്ന കളനാശിനി 45 ഗ്രാം ഒരു ഏക്കറിന് എന്ന തോതിൽ 20 കിലോ മണലുമായോ / യൂറിയുമായോ നന്നായി കലർത്തിയ ശേഷമാണ് വിതറേണ്ടത്.
കളനാശിനി ഇട്ടശേഷം പാടത്ത് വെള്ളം കയറ്റാനോ / ഇറക്കാനോ ശ്രമിക്കരുത്. കളനാശിനി ഇട്ട് മൂന്ന് ദിവസത്തിന് ശേഷം ചാക്കിൽ കെട്ടിവെച്ച വിത്ത് മുള വന്ന പരുവത്തിലാണ് വിതക്കേണ്ടത്.
നടീലാണെങ്കിൽ നടീൽ നടത്തുന്ന പാടങ്ങളിൽ പറിച്ചു നടുമ്പോൾ നുരികൾ തമ്മിൽ 25 സെ. മീ അകലം വേണം. ഒരു നുരിയിൽ അഞ്ച് ചെടികൾ വരുന്ന പോലെയാണ് നടേണ്ടത്. നട്ട് മൂന്ന് ദിവസത്തിനുള്ളിൽ സാത്തി ( പൈറോസോൻ സൾഫ്യുറോൺ) എന്ന കളനാശിനി ഏക്കറിന് 80 ഗ്രാം പാക്കറ്റ് എന്ന തോതിൽ അടിവളത്തിന്റെ കൂടെയോ അല്ലെങ്കിൽ മണലുമായോ കലർത്തി എറിയുന്നത് കീട നിയന്ത്രണത്തിന് ഫലപ്രദമാണ്.
നട്ട് മൂന്ന് മുതൽ അഞ്ച് വരെ ദിവസത്തിനുള്ളിൽ ഒരു ഏക്കറിന് 90 കിലോ സിംഗിൽ സൂപ്പർഫോസ്ഫറ്റ് / രാജ്ഫോസ് /മസ്സുറീ ഫോസ് ഇവയിൽ ഏതെങ്കിലും ഒന്ന് 33കിലോ യൂറിയ, 15 കിലോ പൊട്ടാഷ് എന്നിവ ചേർത്ത് അടിവളമായി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.