തൊട്ടാൽ ചൊറിയുന്ന കൃഷിയിൽ നൂറുമേനി വിജയംകൊയ്ത് സതീശൻ
text_fieldsഇരിട്ടി: നായ്ക്കുരണ പ്രയോഗം എന്നു കേട്ടാൽ തന്നെ ചൊറിയും പലർക്കും. നായ്ക്കുരണച്ചെടിയെ തൊടാൻപോയിട്ട് അടുത്തുപോകാൻപോലും പേടിയാണ്. വീട്ടുമുറ്റത്തോ തൊടിയിലോ ചെടികണ്ടാൽ ഉടൻ പറിച്ചുനശിപ്പിച്ചേ അടങ്ങൂ പലരും.
എന്നാൽ ചൊറിയുന്ന കൃഷിയിലൂടെ വരുമാനവും ജീവിതവും കരുപ്പിടിപ്പിക്കുകയാണ് പായം വട്ടിയറ സ്വദേശി വടവതി സതീശൻ. എഴുന്നേറ്റു നടക്കാൻ കഴിയാത്ത 12 വയസ്സുള്ള മകന്റെ ചികിത്സക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് സതീശൻ പെയിന്റിങ് തൊഴിലിനിടയിൽ ആറു വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ നായ്ക്കുരണ കൃഷിയും തുടങ്ങിയത്.
മാറ്റൊരു വരുമാനം കൂടി ലഭിച്ചാലെ മകന്റെ ചികിത്സയും ജീവിത ചെലവും മുന്നോട്ട് നീക്കാൻ പറ്റൂ എന്ന ചിന്തയിൽ നിന്നാരംഭിച്ച കൃഷി പാഠം ഇന്ന് സതീശന് ജീവിതമാർഗം കൂടിയായി മാറി. വീട്ടുപറമ്പിലാണ് കൃഷി ആരംഭിച്ചത്. ആദ്യ വർഷം തന്നെ മികച്ച വിളവും കൂടുതൽ ആദായവും ലഭിച്ചതോടെ വീടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കറിലധികം വരുന്ന സ്ഥലം പാട്ടത്തിനെടുത്തും കൃഷി തുടങ്ങി.
മികച്ച വിളവ് ലഭിച്ചതോടെ ആറു വർഷമായി ഇതേ കൃഷിയിലൂടെ മകന്റെ മരുന്നിനും ജീവിതത്തിനും പണം കണ്ടെത്തുന്നു സതീശൻ. കിലോക്ക് 2800 രൂപയോളം വിലയുണ്ട് നായ്ക്കുരണ പൊടിക്ക്. പടർന്നു പന്തലിക്കുന്ന ചെടിയിൽനിന്ന് ഉണങ്ങിയ കായ പറിച്ചെടുത്ത് പാലിൽ സംസ്കരിച്ചാണ് പൊടിയാക്കി വിൽക്കുന്നത്.
കോട്ടക്കൽ ആര്യവൈദ്യശാല, കോയമ്പത്തൂർ ആദ്യവൈദ്യശാല ഉൾപ്പെടെ ആയുർവേദമരുന്ന് കടകളിലേക്കെ ഇതിന് വലിയ ഡിമാന്റുമാണ്. അധ്വാനം ഏറെയുണ്ടെങ്കിലും അതിനുള്ള മെച്ചവും ഉള്ളതുകൊണ്ടാണ് ഏറെ സാഹസപ്പെട്ടും ഈ കൃഷിയിൽ തുടരുന്നതെന്ന് സതീശൻ പറഞ്ഞു.
കൃഷിയുടെ വിളവെടുപ്പു ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. കർഷകസംഘം യൂനിറ്റ് സെക്രട്ടറി ഇ.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. എം സുമേഷ്, ഷിജു സി വട്യറ, നവീൻ മാവില, ടി.ജി. ദിനേശൻ, വടവതി സതീശൻ എന്നിവർ സംസാരിച്ചു.
സതീശന്റെ നായ്ക്കുരണ പൊടി പെരുമ കടൽ കടന്ന് വിദേശത്തേക്കും എത്തി. തുടർച്ചയായി മൂന്നാം വർഷവും യുറോപ്പിൽ നിന്നും ആവശ്യക്കാർ പൊടി തേടി സതീശന്റെ അടുക്കലെത്തി. രണ്ട് കിലോ മുതൽ അഞ്ചു കിലോ വരെ വാങ്ങാൻ ആവശ്യക്കാരെത്തുന്നുണ്ട്.
ഗൾഫ് രാഷ്ട്രങ്ങളിലെ നിരവധിപേർക്കും പൊടി അയച്ചു നൽകുന്നുണ്ട്. പൊടിയിൽ മായം കലർത്തി വിൽപന തടയുന്നതിനായി സംസ്കരിച്ച് പൊടിച്ച് വിൽപന നടത്തുന്നതിനുള്ള ലൈസൻസും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സതീശൻ. മറ്റ് കാർഷിക വിളകൾക്ക് നൽകുന്നതു പോലുള്ള ആനുകൂല്യം നായ്ക്കുരണ കൃഷിക്കും ലഭ്യമാക്കണമെന്നാണ് സതീശന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.