ഐ.ഐ.എസ്.ആർ സുരസ: പുതിയ ഇഞ്ചി ഇനവുമായി സുഗന്ധവിള ഗവേഷണ സ്ഥാപനം
text_fieldsഇഞ്ചി കർഷകർക്ക് പ്രതീക്ഷയേകി മികച്ച ഉല്പാദനക്ഷമതയുള്ള മറ്റൊരിനം കൂടി കർഷകരിലേക്ക്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.ഐ.എസ്.ആർ) കര്ഷകപങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന് ‘ഐ.ഐ.എസ്.ആർ സുരസ’ എന്നാണ് പേരു നൽകിയിരിക്കുന്നത്. കഴിക്കുമ്പോൾ കുത്തൽ അനുഭവപ്പെടാത്ത, രുചിയുള്ള ഇനമാണ് സുരസ. ശാസ്ത്രീയ രീതികൾ അവലംബിച്ചു കൃഷി ചെയ്താൽ ഹെക്ടറിന് 24.33 ടണ്ണോളം വിളവ് സുരസയിൽ നിന്നും പ്രതീക്ഷിക്കാം. സ്ഥിരതയോടെ ഈ വിളവ് ലഭിക്കുമെന്നതും പുതിയ ഇനത്തിന്റെ മേന്മയാണ്. പച്ചക്കറി ആവശ്യത്തിനുവേണ്ടി വികസിപ്പിച്ച ഇന്ത്യയിലെതന്നെ ആദ്യത്തെ ഇഞ്ചി ഇനം എന്ന പ്രത്യേകതകൂടി ഐ.ഐ.എസ്.ആർ സുരസയ്ക്കുണ്ട്.
കോഴിക്കോട് കോടഞ്ചേരിയിലുള്ള കർഷകനായ ജോൺ ജോസഫിൽ നിന്നുമാണ് ഗവേഷകർ ഇതിന്റെ യഥാർഥ പ്രകന്ദം കണ്ടെടുക്കുന്നത്. തുടർന്ന് ഇതിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് സുരസ വികസിപ്പിക്കാനായത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലും, കേരളം, നാഗലാൻഡ്, ഒഡിഷ എന്നീ സംസഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുമായി ആറു വർഷത്തോളം കൃഷി ചെയ്തു ഉത്പാദനക്ഷമത ഉറപ്പുവരുത്തിയതിനുശേഷമാണ് സുരസ കർഷകരിലേക്കെത്തുന്നത്. ഈ ഇനം കേരളത്തിൽ കൃഷി ചെയ്യുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കേരള സംസ്ഥാന വെറൈറ്റൽ റിലീസ് കമ്മിറ്റിയിൽ നിന്നും ഗവേഷണ സ്ഥാപനം കരസ്ഥമാക്കി.
സാധാരണ ഇഞ്ചി ഇനങ്ങളെക്കാൾ വലുപ്പമേറിയ പ്രകന്ദങ്ങളുള്ള സുരസയുടെ അകം വെള്ള കലർന്ന മഞ്ഞ നിറത്തിലാണ് കാണപ്പെടുക. നാരിന്റെ അംശം കുറവുള്ള ഇതിനു 21 ശതമാനം ഉണക്കുശതമാനവുമുണ്ട്. ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുന്നതിനും ഏറെ അനുയോജ്യമായിട്ടുള്ളതാണ് ഈ ഇനം.
വലിപ്പമേറിയ പ്രകന്ദങ്ങളായതുകൊണ്ടുതന്നെ വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർദ്ധനവ്നടത്തുന്നതിന് പുതിയ ഇനം കൂടുതൽ അനുയോജ്യമാവുമെന്ന് സുരസയുടെ മുഖ്യ ഗവേഷകയും സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. സി. കെ. തങ്കമണി പറഞ്ഞു.
അടുത്ത നടീൽ സീസണായ മെയ്, ജൂൺ മാസത്തോടെ കർഷകർക്ക് ചെറിയ അളവിൽ വിത്ത് ലഭ്യമായി തുടങ്ങും. സുഗന്ധവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. എൻ.കെ. ലീല, ഡോ. ടി.ഇ.ഷീജ, ഡോ. കെ.എസ്.കൃഷ്ണമൂർത്തി, ഡോ. ഡി. പ്രസാദ്, ഡോ. ഷാരോൺ അരവിന്ദ്, ഡോ. എസ്. മുകേഷ് ശങ്കർ എന്നിവരാണ് ഗവേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.