മുഹമ്മദിന്റെ 20 കാർഷിക വർഷങ്ങൾ
text_fieldsകാർഷിക വൃത്തിയിൽ സജീവമായ 20 വർഷങ്ങൾ പൂർത്തിയാക്കിയ ചാരിതാർഥ്യത്തിലാണ് കുഞ്ഞാൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന എറിയാട്ടുകുഴിയിൽ മുഹമ്മദ്. 64 കഴിഞ്ഞെങ്കിലും മലപ്പുറം ജില്ലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൂരാട് തെക്കുമ്പുറം സ്വദേശിയായ ഇദ്ദേഹത്തിന് കൃഷി എന്നും ആവേശമാണ്. ദാരിദ്യത്തിന്റെയും പട്ടിണിയുടെയും ഇന്നെലകളിൽ എട്ടാം ക്ലാസിൽ വെച്ചുതന്നെ പഠനം ഉപേക്ഷിക്കേണ്ടിവന്നപ്പോൾ കൃഷിപ്പണിയാണ് ജീവിതത്തെ മുന്നോട്ടു നയിക്കാൻ സഹായിച്ചത്.
ചെറുപ്പത്തിൽ ടൗണിലെ അനാഥായത്തിൽ താമസിച്ചാണ് അടുത്തുള്ള വിദ്യാലയത്തിൽനിന്ന് അറിവ് നുകർന്നത്. എന്നാൽ, കാരുണ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് സമാഹരിച്ച തുക അത്യാവശ്യ കാര്യത്തിൽ ചിലയാളുകൾക്ക് നൽകേണ്ടി വരുകയും പിന്നീട് തിരിച്ചു ചോദിച്ചപ്പോൾ ചിലർ തരാതിരിക്കുകയും ചെയ്തപ്പോൾ ആ ബാധ്യത വീട്ടാൻ മുഹമ്മദിന് ഉമ്മാന്റെ കൂടെ കൂലിപ്പണിക്ക് പാടത്തേക്കിറങ്ങേണ്ടി വന്നു.
ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ടതിനാൽ മുഹമ്മദിന് താങ്ങും തണലും ഉമ്മയായിരുന്നു. കൃഷിപാഠങ്ങൾ ഉമ്മയിൽനിന്നാണ് സ്വായത്തമാക്കിയത്. പാടത്ത് കന്നുപൂട്ടാനും വിത്ത് വിതക്കാനും കൊയ്യാനും മെതിക്കാനുമൊക്കെ മുഹമ്മദ് പതിയെ പഠിച്ചെടുത്തു. പിന്നീട് വളർന്നപ്പോൾ കൂലിപ്പണിക്ക് പുറമെ, പാട്ടഭൂമിയിൽ കൃഷിയിറക്കി തുടങ്ങി. വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്ത് തുടങ്ങിയത്.
പയറും വെണ്ടയും മത്തനും കുമ്പളവും ചീരയും വെള്ളരിയുമൊക്കെ നല്ലപോലെ വിളഞ്ഞു. വലിയെരു സാമ്പത്തിക സ്ഥിതി അന്നുമിന്നുമില്ലെങ്കിലും കൃഷിയിൽനിന്ന് തനിക്ക് ലഭിച്ചത് ഏത്രയോ ഉദാത്തമായ അനുഭവങ്ങളാണെന്ന് മുഹമ്മദ് (കുഞ്ഞാൻ) പറയുന്നു.
തുടക്കം നെൽകൃഷിയിൽ
പണ്ട് കൂലിപ്പണിയായി എടുത്തിരുന്നത് മിക്കതും പാടത്തെ ജോലികളാണ്. നെല്ലിന് നിലമൊരുക്കൽ, ഞാറ് നടീൽ തുടങ്ങിയ ജോലിയൊക്കെ ചെയ്തിട്ടുണ്ട്. പണ്ട് വയ്ക്കോൽ വീടുകളായിരുന്നല്ലോ കൂടുതലും. അതുകൊണ്ടുതന്നെ വീട് മേയാനുള്ള വയ്ക്കോലിനായി നെൽകൃഷി ചെയ്തിരുന്നു.
അതും പാട്ടത്തിനാണ് ചെയ്തിരുന്നത്. നെല്ല് ഉടമസ്ഥനും വയ്ക്കോൽ പണിക്കാരനുമായിരുന്നു. ആ വയ്ക്കോൽകൊണ്ടാണ് സ്വന്തം വീടൊക്കെ മേഞ്ഞിരുന്നത്. വീട്ടുലുള്ളതും വീട്ടുകാരിലുള്ളതുമൊക്കെ പണയംവെച്ചാണ് അന്ന് നെൽകൃഷി ആരംഭിക്കുക. പിന്നീട് ഇതിന്റെ കടം വീട്ടാൻ കൃഷിയൊഴിഞ്ഞ സമയം ഈരാറ്റുപേട്ടയിലേക്ക് പോകും.
അവിടെ ചെന്ന് കരിപ്പണി ചെയ്യും. അന്ന് നാട്ടിലെ മിക്കവരും അവിടെ താമസിച്ച് കരിപ്പണി എടുക്കുന്ന പതിവുണ്ടായിരുന്നു. ചിലർ നാളുകളേറെ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. മറ്റു ചിലർ സീസണുകളിൽ മാത്രമായും ജോലി നോക്കി.
ബിസിനസിൽനിന്നൊക്കെ ലഭിക്കുന്നത് പോലത്ര ലാഭം കാർഷിക വൃത്തിയിൽനിന്ന് ലഭിക്കില്ലെന്ന് മുഹമ്മദ് പറയുന്നു. പ്രായം 64 കഴിഞ്ഞെങ്കിലും കൃഷിയിൽ ഇന്നും സജീവമായിട്ടും അത്രക്കൊന്നും സമ്പാദിക്കാൻ മുഹമ്മദിനായില്ല. അതിനുള്ള പ്രധാന കാരണം കൃഷി ചെയ്തത് അധികവും പാട്ടഭൂമിയിലായിരുന്നു.
കൃഷിയിൽ കർഷകനല്ല ലാഭം, ഇടനിലക്കാരനും വ്യാപാരികൾക്കുമാണ്. 50 രൂപ പയറിന് മാർക്കറ്റ് വിലയുണ്ടെങ്കിൽ പ്രദേശിക മാർക്കറ്റിൽ കർഷകന് 35-40 വരെ മാത്രമേ വില ലഭിക്കൂ. അല്ലെങ്കിൽ സ്വന്തം നിലക്ക് വിപണി കണ്ടെത്തണം. അതിനു പലപ്പോഴും സാധിക്കാത്തതാണ് മികച്ച വില കർഷകർക്ക് അന്യമാകുന്നത്. കൂടാതെ, വന്യമൃഗശല്യവും കാലാവസ്ഥ വ്യതിയാനവും വിളനാശവുമൊക്കെ വലിയ ഭീഷണിയാണ്.
ഇതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതോ തുച്ഛവും. അതു കിട്ടാൻതന്നെ സർക്കാർ ഓഫിസുകൾ കയറിയിറങ്ങണം. നാട്ടിൽ കൃഷിയെ സ്നേഹിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവരുകയാണ്. പുതുതലമുറക്ക് കൃഷി അവരുടെ ശ്രദ്ധയിൽ പോലുമില്ല. അത്യാവശ്യത്തിന് സ്വന്തമായി കൃഷിചെയ്താൽ ഏതൊരാൾക്കും വിശ്വസിച്ച് ആഹരിക്കാം. അതിൽ മൊബൈൽ ഫോണിൽ നമ്മൾ ചെലവിടുന്ന സമയത്തിന്റെ നേർപകുതി നേരം മതി.
കൃഷിയിൽ തനിക്കൊപ്പം കുടുംബത്തിന്റെ സഹായമുണ്ടെന്ന് കുഞ്ഞാൻ പറയുന്നു. മൈമൂനയാണ് ഭാര്യ. സഫീർ, ഷിഫാനത്ത്, സുഹൈർ, സുബൈർ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.