കിളിക്കൂട്ടിന് കാട
text_fields
കൊച്ചുപ്രായത്തില്‍ പച്ചപ്പനംതത്തയും മാടപ്രാവും മൈനയും കിളിക്കൂട്ടുകാരാവാം. പിന്നെപിന്നെ ആ ഇഷ്ടം ഫെസന്‍റുകളോടും ലവ് ബേര്‍ഡ്സിനോടുമാകും. തരംപോലെ മക്കാത്തത്തകളും ബഡ്ജീസുകളും കൊക്കറ്റൂ തത്തകളും പാരക്കീറ്റുകളും പ്രാവുകളും ഇഷ്ടക്കാരാകാം. എന്നാല്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ കാടകളോട് പ്രണയംപൂത്ത പയ്യനാണ് കോഴിക്കോട് മുക്കം ആനയാംകുന്ന് പാറമ്മല്‍ ഷമീര്‍. ഒത്തിരി ചന്തമോ വലിപ്പമോ ഒന്നുമില്ലാത്ത ഇത്തിരിക്കുഞ്ഞന്‍ കാടകളെ പെരുത്തിഷ്ടമായത് എന്തിന്‍െറയൊക്കെയോ നാന്ദിയായി. വളര്‍ത്തു പക്ഷിപ്രേമം അസ്ഥിക്ക് പിടിച്ച പയ്യന്‍ ഇന്ന് 26കാരനാണ്. മലബാറില്‍ കാടകള്‍ക്ക് മേല്‍വിലാസം തേടുന്നവരുടെ മുന്നില്‍ ആദ്യമത്തെുന്ന പേരുകാരന്‍.
കണ്ടും കേട്ടും വായിച്ചും അറിഞ്ഞാണ് കാടകളോടുള്ള ഇഷ്ടം കൂടിയത്. കാടകളെ കാണാനും തൊടാനുമായി കണ്ണൂരും കാലടിയും പാലക്കാടും കടന്ന് കോയമ്പത്തൂരും സേലവും നാമക്കല്ലുംവരെ നീണ്ടിട്ടുണ്ട് യാത്രകള്‍. കാടവളര്‍ത്തലില്‍ പരിശീലനം നേടിയതോടെ കാടകളെ കൂടാതെ മുന്നോട്ട് ഇല്ളെന്നായി. കൂട്ടിലിട്ടും ഡീപ്പ് ലിറ്റര്‍ രീതിയിലും വളര്‍ച്ച പരീക്ഷിച്ചു. വരവും ചെലവും കണക്കുപുസ്തകത്തില്‍ കുറിച്ചിട്ടു. മുതല്‍മുടക്ക് കുറവ്. കുറഞ്ഞ തീറ്റ. വളര്‍ത്താന്‍ കുറച്ച് സ്ഥലം. ആറാഴ്ചകൊണ്ട് ആദായം. വേഗത്തിലുള്ള വളര്‍ച്ച. ഉയര്‍ന്ന മുട്ടയുല്‍പാദനം. മുട്ടക്കായി വളര്‍ത്താന്‍ പൂവന്‍ വേണ്ടേ. അസുഖങ്ങള്‍ കുറവ്. സ്വാദിഷ്ടമായ ഇറച്ചി, മുട്ട. അടയിരിക്കില്ല; പൊരുതില്ല. എക്കാലത്തും മുട്ടയിട്ട് ആദായം കൂട്ടാന്‍ മിടുക്കര്‍... ഇത്തിരിപ്പക്ഷിയുടെ ഒത്തിരി വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.
കാട വളര്‍ത്താന്‍ നിശ്ചയിച്ചതോടെ കുഞ്ഞുങ്ങള്‍ കിട്ടാനായി പ്രയാസം. 8,000 മുട്ടകള്‍ വിരിയിക്കാനുള്ള ഇന്‍കുബേറ്റര്‍ സ്വയം വികസിപ്പിച്ചാണ് ആ പ്രതിസന്ധി മറികടന്നത്. വിരിഞ്ഞിറങ്ങിയ കാട വാങ്ങാന്‍ ആവശ്യക്കാര്‍ കാവല്‍നിന്നപ്പോള്‍ വിപണനം പ്രശ്നമാകില്ളെന്നുറപ്പായി. മുട്ട തേടി ആവശ്യക്കാര്‍ വീട്ടിലത്തെി. മുട്ടയുല്‍പാദനം കുറഞ്ഞവയെ ഇറച്ചിയാക്കി വിറ്റു. മുക്കം അങ്ങാടിതന്നെ അവക്ക് വിപണിയൊരുക്കി. കാട ഹാച്ചറിയുടെ സാധ്യത തെളിയാന്‍ ഇത് ധാരാളമായിരുന്നു.
ഒമ്പതു വര്‍ഷംകൊണ്ട് ഷമീര്‍ മലബാറിലെ അറിയപ്പെടുന്ന കാട ഹാച്ചറി ഉടമയായി. കോഴിക്കോടിനു പുറമെ മലപ്പുറം, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്രയമായി. പ്രതിദിനം കാല്‍ ലക്ഷം കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശേഷിയായി. ഒന്നര ലക്ഷം മുട്ട വിരിയിക്കാനുള്ള ഇന്‍കുബേറ്ററടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. പരിചിതരായ അഞ്ച് തൊഴിലാളികളെ കൂട്ടി ഷമീര്‍ ഇരുത്തംവന്ന സംരംഭകനായി. സ്ഥലം പാട്ടത്തിനെടുത്താണ് പ്രവര്‍ത്തനങ്ങള്‍. അര ലക്ഷം വരും പാരന്‍റ് സ്റ്റോക്ക്. ഇതില്‍ 40,000 പിടകള്‍. 10,000 പൂവന്‍. പ്രതിദിനം ശരാശരി 35,000 മുട്ട കിട്ടും. ഇന്‍കുബേറ്ററില്‍ വെച്ചാല്‍ 16-18ദിവസത്തിനകം വിരിയും. വിരിഞ്ഞതിന്‍െറ അടുത്ത ദിവസം വില്‍ക്കും. കുഞ്ഞൊന്നിന് 6.50 രൂപയാണ് വില. ആറ് ജില്ലകളിലെ നഴ്സറികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ആവശ്യമനുസരിച്ച് നേരിട്ടത്തെിക്കും. ഒരു മാസം പ്രായമായ മുട്ടക്കാടക്ക് 28 രൂപയാണ്. ആറാഴ്ച കഴിഞ്ഞാല്‍ മുട്ടയിടും. ശരാശരി 300 മുട്ട പ്രതീക്ഷിക്കാം. മുട്ടയൊന്നിന് രണ്ട് രൂപ. ഒരു കോഴിയെ വളര്‍ത്തുന്ന സ്ഥലത്ത് പത്ത് കാടകളെ വളര്‍ത്താം. കോഴിയേക്കാള്‍ ആദായമാണ് കാടയെന്നതിന് ഷമീറിന്‍െറ ന്യായം.
കോണ്‍ക്രീറ്റിട്ട നിലത്ത് അറക്കപ്പൊടി (ഈര്‍ച്ചപ്പൊടി) വിരിച്ച് ഡീപ്പ് ലിറ്റര്‍ രീതിയിലാണ് വളര്‍ത്തല്‍. കൂട്ടിലെ ദുര്‍ഗന്ധമൊഴിവാക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗമിതാണ്. കാടവളം വിറ്റുള്ള ആദായം വേറെ. ഒരു ചാക്ക് ഈര്‍ച്ചപ്പൊടി നിരത്തി ഒരു മാസം കഴിഞ്ഞാല്‍ ആറ് ചാക്ക് വളം കിട്ടും. വളം കിലോഗ്രാമിന് അഞ്ചര രൂപ. ഇറച്ചിക്കാടകളാണ് വിപണിയിലെ പുതുതാരം. ഷമീറിന്‍െറ പരീക്ഷണനിരീക്ഷണങ്ങള്‍വഴി ഒരു ഇനത്തെ ഉരുത്തിരിച്ചിട്ടുണ്ട്. ഇതിന് എസ്.പി.എ എന്നാണ് പേരിട്ടത്. ഇവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞിന് ഏഴ് രൂപയാണ് വില. 260-270 ഗ്രാമാണ് ശരീരഭാരം. ഇറച്ചിയാക്കിയാല്‍ 200 ഗ്രാം. കാടയൊന്നിന് 44 രൂപക്കാണ് വില്‍പന.
കാടക്ക് പ്രതിദിനം 25 ഗ്രാം തീറ്റയാണ് ശിപാര്‍ശ. ഷമീര്‍ 27.5 ഗ്രാം തീറ്റ നല്‍കും. അതുവഴി ആരോഗ്യത്തിന് പുറമെ മുട്ടയുല്‍പാദനവും കൂടും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കും. ശരാശരി 85 ശതമാനമാണ് വിരിഞ്ഞിറങ്ങല്‍. തുടര്‍ച്ചയായി ഒരേതരം തീറ്റ നല്‍കണം. മാറ്റിയാല്‍ ചുരുങ്ങിയത് ഒരാഴ്ചത്തെ മുട്ടയുല്‍പാദനം വെള്ളത്തിലാവും. അതിന് പരിഹാരമായി സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന തീറ്റയാണ് ഷമീര്‍ കാടകള്‍ക്ക് നല്‍കുന്നത്. ഇതിനുവേണ്ടി പ്രതിദിനം 7,500 കിലോഗ്രാം ഉല്‍പാദനശേഷിയുള്ള തീറ്റമില്ലുണ്ട്. കാടകളുടെ വളര്‍ച്ചക്കാവശ്യമായ ഉത്തമ പോഷണവും പ്രോട്ടീനുമടങ്ങിയതാണ് തീറ്റ. കാടകളുടെ അതിവേഗ വളര്‍ച്ചയാണ് അതിനുള്ള തെളിവെന്ന് ഷമീര്‍.
ചൂട് കുറക്കുന്ന നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുവേണം ഷെഡൊരുക്കാന്‍. 500 കാടകളെ വീതം വളര്‍ത്താവുന്ന അറകളായി തിരിക്കണം. നാലുപാടും സുരക്ഷിതമാക്കാന്‍ ഇരുമ്പുവലകളുപയോഗിക്കാം. വറ്റുന്നതിനനുസരിച്ച് കൃത്രിമമായി നിറയുന്ന വെള്ളപ്പാത്രം. ഇത്തിരിപോലും പാഴാകാത്ത തീറ്റപ്പാത്രം എന്നിവയെല്ലാം കാടക്കൂടുകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാമഗ്രികളാണ്. തൊഴിലാളികളുടെ സഹായമില്ലാതെ 2,000 കാടകളെ വളര്‍ത്താന്‍ താല്‍പര്യമുള്ള വീട്ടമ്മക്കാവും.
വൈകീട്ട് അഞ്ചിനും രാത്രി എട്ടിനുമാണ് മുട്ട ശേഖരിക്കുക. രാത്രി മുഴുവന്‍ ഷെഡില്‍ വെളിച്ചംവേണം. പാരന്‍റ് സ്റ്റോക്കിനെ ഉല്‍പാദിപ്പിക്കലും കരുതലോടെയാണ്. പൂവനെ പത്ത് ആഴ്ചയും പിടയെ ഒമ്പത് ആഴ്ചയും തനിച്ച് വളര്‍ത്തും. മുളപ്പിച്ച പയര്‍, കടല, ഗോതമ്പ്, ഉണക്കമീന്‍, യീസ്റ്റ് പൊടി തുടങ്ങിയവ നല്‍കും. മുട്ടയിട്ട് തുടങ്ങി മൂന്നാഴ്ച കഴിഞ്ഞാല്‍ ഇവയെ ഒന്നിച്ചാക്കും. നാല് ദിവസം കഴിഞ്ഞാല്‍ മുട്ട വിരിയിക്കാന്‍ എടുക്കാം. ഒരാഴ്ച കഴിഞ്ഞതാണ് കൊത്തുമുട്ടക്കായി ഷമീര്‍ എടുക്കുക. വലുപ്പവും ഭാരവും രൂപവും പരിഗണിച്ച് നല്ല മുട്ട മാത്രം വിരിയിക്കും. 85 ശതമാനത്തിലേറെ മുട്ടയും വിരിയും. ഒരു കാടയില്‍നിന്ന് പരമാവധി 120 മുട്ടകളേ വിരിയിക്കാനെടുക്കൂ. പിന്നീട് ഇടുന്നവ വില്‍ക്കും.
നിലവാരമുള്ള പാരന്‍റ് സ്റ്റോക്ക്. ഗുണമേന്മയുള്ള തീറ്റ നല്‍കല്‍. പരിപാലനത്തിലെ കൃത്യത. വിപണി കണ്ടത്തൊനും അതിനനുസരിച്ച് സംരംഭം മുന്നോട്ട് കൊണ്ടുപോകാനുമുള്ള കഴിവ്- ഇതാണ് ഷമീറിന്‍െറ വിജയഗാഥയുടെ സൂത്രവാക്യം. സര്‍ക്കാറിന് കീഴില്‍ നിരവധി പരിശീലന കേന്ദ്രങ്ങളുള്ളത് സംരംഭം തുടങ്ങുന്നവര്‍ക്ക് തുണയാകും. പക്ഷി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും പുത്തന്‍ സംരംഭകര്‍ക്കും ആശ്രയിക്കാവുന്ന തൊഴിലായി കാട വളര്‍ത്തല്‍ മാറുകയാണ്.
ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ നല്‍കി ഒരു മാസം വളര്‍ത്തി തിരിച്ചുവാങ്ങുന്ന രീതി പരീക്ഷിക്കാനൊരുങ്ങുകയാണ് ഷമീര്‍. വളര്‍ത്തുകൂലി നല്‍കും. ഒരു ലക്ഷം കാടകളെ വളര്‍ത്താന്‍ സൗകര്യമുള്ള ഷെഡുകള്‍ ഷമീറിനുണ്ട്. അതിനാവശ്യമായ ജീവനക്കാരും. കാടക്കുഞ്ഞുങ്ങള്‍ ആദ്യദിവസം വിറ്റുപോയില്ളെങ്കില്‍ ഒരുമാസം വളര്‍ത്തി മുട്ടക്കാടകളാക്കും. വില മൂന്നിരട്ടി കൂടും. ഈ സമയത്ത് തീറ്റച്ചെലവും പരിചരണച്ചെലവും കഴിഞ്ഞാലും ലാഭംതന്നെ. വിപണിയിലെ താല്‍ക്കാലിക തിരിച്ചടിപോലും ഷമീറിന്‍െറ ലാഭപ്പട്ടിക പെരുപ്പിക്കുകയേ ഉള്ളൂ. മാതാപിതാക്കളായ ആയിഷയുടെയും അലവിയുടെയും സഹോദരി ഷറീനയുടെയും സഹായം സംരംഭവിജയത്തില്‍ നിര്‍ണായകമാണെന്ന് ഷമീര്‍. മാസം ചെലവെല്ലാം കഴിച്ച് മാന്യമായ ലാഭം കിട്ടുന്നുണ്ട്. കാട മുട്ടക്ക് പുറമെ ഇറച്ചിയാക്കി വിറ്റ് ഈ തൊഴിലില്‍ ഉറച്ചുനില്‍ക്കാനാണ് ഈ യുവാവിന്‍െറ പൂതി. കൂടുതല്‍ വിവരങ്ങള്‍ക്ക് -98462 59363.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.