അറവാടിത്താവയിലെ കൃഷിഗാഥ
text_fieldsഇരിണാവ് സര്‍വീസ് സഹകരണ സംഘം സെക്രട്ടറി രാജീവനും കൂട്ടരും കൃഷിയിലേക്കാകൃഷ്ടരായത് യാദൃച്ഛികമായിട്ടായിരുന്നു. രണ്ടു വര്‍ഷംമുമ്പ് മാലിന്യസംസ്കരണ വിഷയവുമായി ബന്ധപ്പെട്ട ക്ളാസില്‍ പങ്കെടുത്തതാണ് തുടക്കം. മാലിന്യസംസ്കരണത്തിലൂടെ സ്വരൂപിക്കുന്ന ജൈവവളം പച്ചക്കറികൃഷിക്ക് അനുയോജ്യമാണെന്ന് അന്ന് മനസ്സിലാക്കി. നാട്ടില്‍ കൃഷിയില്‍ താല്‍പര്യമുള്ളവരെ സംഘടിപ്പിച്ചാല്‍ അതൊരു കൃഷിക്കൂട്ടായ്മയാകുമെന്ന് ചിന്തിച്ചത് അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതായിരുന്നു നാടിന്‍െറ കൃഷിഗാഥ. രാജീവന്‍ വായനശാലയില്‍ ഒത്തുകൂടി സുഹൃത്തുക്കളോടാണ് കര്‍ഷകക്കൂട്ടായ്മയുടെ ആശയം ആദ്യം പങ്കുവെച്ചുത്. പച്ചക്കറി ക്ളസ്റ്റര്‍ രൂപവത്കരിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങാം എന്ന ധാരണയില്‍ അന്ന് പിരിഞ്ഞു. അങ്ങനെയാണ് ‘ഹരിത പച്ചക്കറി ഉല്‍പാദക സഹകരണ സംഘം’ രൂപീകൃതമായത്. ഇന്ന് ഹരിത സംഘം സംസ്ഥാനത്തെ മികച്ച ജൈവ പച്ചക്കറി കൂട്ടായ്മകളിലൊന്നാണ്. ഇരിണാവിലെ പച്ചക്കറിക്ളസ്റ്ററിനാണ് 2015ലെ സംസ്ഥാനത്തെ ഏറ്റവും നല്ല പച്ചക്കറിക്ളസ്റ്ററിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. കല്യാശ്ശേരി പഞ്ചായത്തിലെ അറവാടിത്താവ എന്ന പ്രദേശത്താണ് ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചത്. ആ കൂട്ടായ്മക്ക് കല്യാശ്ശേരി കൃഷിഭവന്‍, പഞ്ചായത്ത് ഭരണാധികാരികള്‍, കൃഷി ഓഫിസര്‍ തുടങ്ങിയവരുടെ സഹകരണം പരിശീലനവും നിര്‍ലോഭം ലഭിച്ചതാണ് വഴിത്തിരിവായത്. ബാങ്ക് പലിശരഹിത വായ്പയും അനുവദിച്ചു. സമീപത്ത് കാടുപിടിച്ചുകിടക്കുകയായിരുന്നു അറവാടിത്താവ എന്ന വയലേല. പ്രകൃതിദത്തമായ ജലാശയമായിരുന്നു അറവാടിത്താവ. മഴക്കാലത്ത് വയലുകളിലൂടെ ഒഴുകിയത്തെുന്ന വെള്ളം അറവാടിത്താവയില്‍ സംഭരിക്കുന്നു. മദ്യപാനികളുടെയും ചീട്ടുകളിക്കാരുടെയും താവളമായിരുന്നു പ്രദേശം കൃഷിയാവശ്യത്തിന് അനുയോജ്യമാണെന്ന് കണ്ടത്തെി. ഉടമ സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു. നാട്ടുകാരുടെ കൂട്ടയ്മയില്‍തന്നെ കാട് വെട്ടിത്തെളിച്ച് കൃഷിയും തുടങ്ങി. വിത്തും സ്ഥലവും വളവും സൗജന്യം. സര്‍ക്കാറില്‍നിന്ന് ഹെക്ടറിന് 1500 രൂപ സബ്സിഡി. ക്ളാസുകളും പരിശീലനവും നല്‍കി.ലഭിച്ചു.
വിളവറിഞ്ഞ് കൃത്യതാ കൃഷി
വിത്തിടലും വിതക്കലുമെല്ലാം യന്ത്രസഹായത്തോടെ. തുറന്നനിലം ഉഴുത് വിരിച്ച ബെഡുകള്‍. തൈകള്‍ക്കാവശ്യമായ ജൈവവളം . നനക്ക് ഡ്രിപ് ഇറിഗേഷന്‍ സംവിധാനം. കൃത്യതാകൃഷി എന്ന യന്ത്രവല്‍കൃത കൃഷിരീതിക്ക് വേണ്ട എല്ലാമൊരുങ്ങി. മള്‍ച്ചിങ് ഷീറ്റ് ഉപയോഗിച്ച് ബെഡുകള്‍ പൊതിയുന്നതും മള്‍ച്ചിങ് ഷീറ്റില്‍ ദ്വാരമിട്ട് മുളപ്പിച്ച തൈകള്‍ നടുന്നതുമൊക്കെ ആ നാടിന് തന്നെ പുത്തന്‍ അറിവുകളായിരുന്നു. ഇത്തരം നടീലിന്‍െറ പ്രധാന മെച്ചം കള പറിക്കേണ്ട, വെള്ളം നനക്കേണ്ട, വളം നഷ്ടമാകുന്നില്ല എന്നതൊക്കെയാണ്. കീടനാശിനി ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയില്‍തന്നെ വെള്ളരി, കുമ്പളം, മത്തന്‍, പാവല്‍, പടവലം, കക്കിരി, തണ്ണിമത്തന്‍, പയര്‍, വെണ്ട, വഴുതന, തക്കാളി, കാബേജ്, കോളിഫ്ളവര്‍, സുന്ദരി മത്തന്‍, ചുരക്ക, ചീര എന്നിവയൊക്കെ അറവാടിത്താവയില്‍ വിളഞ്ഞു.കീടങ്ങളെ ‘ആകര്‍ഷണ കെണി’ വെച്ച് ശേഖരിച്ച് നശിപ്പിച്ചു. ഇതിനായി ഫെറമോണ്‍ കെണി, ശര്‍ക്കരക്കെണി, മഞ്ഞക്കാര്‍ഡ് കെണി, കൂടാതെ പരമ്പരാഗത രീതിയിലുള്ള രാത്രികാല തീയിടലും പതിവായി നടന്നു. പച്ചക്കറിക്കിടെ ചിലതരം പൂച്ചെടികളും നട്ടുപിടിപ്പിക്കുന്നു. മെറി ഗോള്‍ഡ് ഇനത്തില്‍പ്പെട്ട ഈ ചെടികള്‍ ഉള്ളതിനാല്‍ കീടങ്ങളെ അകറ്റാം. ഉദ്യോഗസ്ഥര്‍ തൊട്ട് പല മേഖലകളിലും ജോലിചെയ്യുന്നവരുണ്ട് കൃഷിക്ക്. എല്ലാവരും പതിവായി തോട്ടത്തിലത്തെുന്നു. വിളവെടുപ്പ് ഉത്സവാഘോഷത്തോടെയായിരുന്നു.ടണ്‍ കണക്കിന് പച്ചക്കറി ഉല്‍പന്നങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് വിറ്റഴിക്കാന്‍ കഴിഞ്ഞത് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി. ഇപ്പോള്‍ ദിനംപ്രതി ഒരു ടണ്ണിലധികം ഉല്‍പന്നങ്ങള്‍ ശേഖരിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്.ആദ്യ വര്‍ഷം 60 ടണ്‍ ശേഖരിക്കാനായി.
പ്രകൃതിദത്ത ശീതീകരണം
പച്ചക്കറി സൂക്ഷിക്കാന്‍ ഊര്‍ജ രഹിത ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തിയതാണ് മറ്റൊരു പ്രത്യേകത. ഒരുതരത്തിലുള്ള ഊര്‍ജവും ആവശ്യമില്ലാത്ത സീറോ എനര്‍ജി ശീതീകരണ സംവിധാനമാണ് ഇവിടെ രൂപകല്‍പന ചെയ്തത്. രണ്ടു തട്ടുകളിലായി ഇഷ്ടിക കെട്ടി വലിയ അറയുണ്ടാക്കി തട്ടിനുള്ളില്‍ പൂഴിനിറച്ച് തണുപ്പ് നിലനിര്‍ത്തുന്ന പരമ്പരാഗത സാങ്കേതിക വിദ്യകൂടിയാണിത്. ഇഷ്ടികക്കെട്ടിലുള്ള മണലിലും വെള്ളം നനക്കണമെന്നുമാത്രം. തോട്ടത്തില്‍നിന്ന് വിളവെടുക്കുന്ന പച്ചക്കറി ദിവസങ്ങളോളം കേടുകൂടാതെ ഈ ശീതീകരണ അറയില്‍ സൂക്ഷിക്കാനാകും. ഡല്‍ഹിയിലെ പൂസ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്തതാണ് ഈ മാതൃക.
നേട്ടത്തിന്‍െറ നെറുകയില്‍
2015ലെ സംസ്ഥാന പുരസ്കാരം എത്തിയതിന് ശേഷം കൂടുതല്‍ സജീവമാണ് സംഘത്തിന്‍െറ പ്രവര്‍ത്തനം. തുടര്‍പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആക്ഷന്‍ പ്ളാന്‍ തയാറാക്കി.വില്‍പന വിപുലീകരിക്കുന്നതിന്‍്റെ ഭാഗമായി ജൈവ അങ്ങാടിയിലൂടെ മികച്ച വില്‍പനയാണ് നടന്നുവരുന്നത്. നേരത്തെ ജില്ലയില്‍ മെച്ചപ്പെട്ട കൃഷിക്കുള്ള കൃഷിവകുപ്പിന്‍െറ രണ്ടാം സ്ഥാനം ക്ളസ്റ്റര്‍ നേടിയിരുന്നു. പഞ്ചായത്തിന്‍െറ ‘എ’ഗ്രേഡ് ക്ളസ്റ്റര്‍ എന്ന അംഗീകാരം ലഭിച്ചതോടെ സര്‍ക്കാറില്‍നിന്ന് രണ്ടുലക്ഷം രൂപ അനുവദിച്ചുകിട്ടുകയും ആ തുകക്ക് ഏഴര സെന്‍റ് സ്ഥലം വാങ്ങുകയും ചെയ്തു. മികച്ച ക്ളസ്റ്ററായി തെരഞ്ഞെടുത്തതോടെ സര്‍ക്കാറില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ജൈവ അങ്ങാടി പദ്ധതിക്കായി അഞ്ചുലക്ഷവും അനുവദിച്ചുകിട്ടി. കാര്‍ഷിക ഉല്‍പങ്ങള്‍ വാങ്ങിക്കാന്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചു. ഇതുപ്രകാരം ട്രാക്റ്റര്‍, റിഡ്ജര്‍ (ചാല്‍ കീറുന്നതിനുള്ള ഉപകരണം ) വിവിധ തരം സ്പെയര്‍, ഗ്രാസ്കട്ടര്‍ എന്നിവയടക്കം 13.5 ലക്ഷം രൂപയ്ക്കുള്ള യന്ത്രസാമഗ്രീകള്‍ ഇതിനകം വാങ്ങിച്ചു. ഇതിനായി സര്‍ക്കാര്‍ 10 ലക്ഷത്തിന്‍്റെ സബ്സിഡി അനുവദിച്ചു. സര്‍ക്കാരിന്‍െറ സഹകരണത്തിന് പുറമെ കൃഷി വകുപ്പു ജീവനക്കാരുടെ സഹായവും സംഘത്തിന്‍െറ വളര്‍ച്ചക്ക് കാരണമായതായി ഇരിണാവ് സര്‍വീസ് സഹകരണ സംഘം സെക്രട്ടറി രാജീവന്‍ പറയുന്നു.അറവാടിത്താവ എന്നയിലൂടെ നാടിന്‍െറ കൂടി കാര്‍ഷികഗാഥ രചിച്ച സംതൃപ്തിയിലാണ് ഈ കൂട്ടായ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.