മണ്ണറിഞ്ഞ കര്‍ഷക പ്രതിഭ
text_fieldsമണ്ണിനെ അറിയുന്നവർ മനുഷ്യരാവും. മണ്ണിൽ മനസ്സറിഞ്ഞ് വിത്തിട്ടാൽ നല്ല വിളവും ലഭിക്കും. സംസ്ഥാന സർക്കാറിെൻറ ഇൗ വർഷത്തെ മികച്ച കർഷക പ്രതിഭ പുരസ്കാരം നേടിയ മലപ്പുറം ജില്ലയിലെ നിലമ്പൂർ ചുങ്കത്തറ എം.പി.എം സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥി അഫീഫിന് കൃഷി ജീവിതത്തെക്കുറിച്ച് ഒറ്റവാക്കിൽ ഇതു പറയാം. മൂത്തേടം നെല്ലിപ്പൊയില്‍ സ്വദേശി താഴെപറമ്പന്‍ ഉമ്മറിെൻറയും റംലത്തിെൻറയും മകനായ അഫീഫിന് കൃഷിയോടുള്ള താല്പര്യം കുഞ്ഞു നാൾ മുതലേ തുടങ്ങിയതാണ്. അഞ്ചേക്കര്‍ കേരകൃഷിയടക്കം 16 ഏക്കറിലാണ് അഫീഫ് കൃഷി നടത്തുന്നത്.
വാഴ, വെള്ളരി, കുമ്പളം, മത്തന്‍, പാവല്‍, ചീര, പയര്‍, പടവലം, മഞ്ഞള്‍ തുടങ്ങി എല്ലാത്തരം പച്ചക്കറികളും മത്സ്യകൃഷി, ഹൈബ്രിഡ് ഇനങ്ങളടക്കമുള്ള പൗള്‍ട്രി ഫാം എന്നിവയും ഈ കൊച്ചുമിടുക്കന് നടത്തിവരുന്നുണ്ട്. ഉമ്മറിെൻറ അഞ്ചു മക്കളില്‍ രണ്ടാമനാണ് അഫീഫ്. ബാപ്പയും ഉമ്മയുമാണ് കൃഷി കാര്യങ്ങളില്‍ അഫീഫിനെ സഹായിക്കുന്നത്. കൃഷിക്ക് പുറമെ സ്വന്തമായുള്ള 700 റബര്‍ മരങ്ങള്‍ ദിവസേന ടാപ്പിങ് നടത്തുന്നതും അഫീഫാണ്.
80 ശതമാനം മാര്‍ക്കോടെയാണ് എസ്.എസ്.എല്‍.സി വിജയിച്ചത്. തുടര്‍ന്ന് സയന്‍സ് വിഷയത്തില്‍ പ്ലസ് ടുവിന് ചേര്‍ന്നു. ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൃഷി ലീഡര്‍ കൂടിയാണ് അഫീഫ്. കഴിഞ്ഞവര്‍ഷം മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള ചുങ്കത്തറ ഗ്രാമപഞ്ചായത്തിെൻറ അവാര്‍ഡ് അഫീഫിന് ലഭിച്ചിരുന്നു. ഇത്തവണ സംസ്ഥാന സര്‍ക്കാറിെൻറ വിദ്യാര്‍ഥി കര്‍ഷകനുള്ള അവാര്‍ഡ് അഫീഫിനെ തേടിയെത്തിയതില്‍ വീട്ടുകാരും സ്കൂള്‍ അധികൃതരും ഏറെ അഭിമാനിക്കുന്നു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിൽനിന്ന് ഏറ്റുവാങ്ങിയതിെൻറ നിർവൃതിയിലാണിന്ന് അഫീഫ്.
കൃഷിയൊരുക്കം
വേനൽകാലത്ത് ശേഖരിക്കുന്ന ചാണകം, എല്ലുപൊടി, കടലപ്പിണ്ണാക്ക് തുടങ്ങിയവ തടമെടുത്ത് കൂട്ടിയ മണ്ണിൽ കലർത്തിവെക്കും. പിന്നീട് പുതുമഴക്കായി കാത്തിരിക്കും. മഴപെയ്യാൻ തുടങ്ങുന്നതോടെ പിന്നെ വല്ലാത്തൊരു വെമ്പലാണ് അഫീഫിനും പിതാവ് ഉമ്മറിനും. പലയിടത്തുനിന്നും പാട്ടത്തിനെടുത്ത മണ്ണിലേക്ക് ഇരുവരും കൈക്കോട്ടുമെടുത്ത് കൃഷിക്കായി ഇറങ്ങും. ഒന്നാം തരി (ആദ്യമായി കൃഷിയൊരുക്കുന്നിടം) ആണെങ്കിൽ ആവേശം അതിരുകടക്കും. മണ്ണിനെ നന്നായി ഇളക്കിമറിക്കും (ഒന്നാം തരിയിൽ വിളവ് സാധാരണയെക്കാൾ പതിന്മടങ്ങാണ് ലഭിക്കുക). അടിവളമായി നേരത്തേ തയാറാക്കിവെച്ച ജൈവവളം മണ്ണിൽ നിക്ഷേപിക്കും. മഴപെയ്ത് ഭൂമി തണുത്താൽ ഒരുതടത്തിൽ രണ്ടു വിത്ത് എന്നനിലയിൽ പാകും.
പരിചരണം
വിത്ത് മുളപൊട്ടുന്നതോടെ അരുമക്കിടാക്കളെ അമ്മമാർ പരിപാലിക്കുന്നതിനെക്കാൾ നന്നായിത്തന്നെ കൃഷിയെ പരിപാലിക്കണം. ആദ്യത്തെ രണ്ടിലയിലാണ് (ബീജപത്രി) ഒരു സസ്യത്തിെൻറ ഗുണമേന്മ മുഴുവൻ അടങ്ങിയിരിക്കുന്നത്. ആദ്യത്തെ ആറിലകൾ വരുന്നതിനുള്ള ശേഷി ഇതിൽ അടങ്ങിയിട്ടുണ്ട്. ആറിലകൾ വരുന്നതോടെയാണ് പയർ തുടങ്ങിയവ ഇഴയാൻ തുടങ്ങുന്നത്. കൃത്യമായ ദൂരത്തിൽ കൃത്യമായ ജൈവവളം നൽകണം. ആറിലകൾ വരുന്നതുവരെ കീടങ്ങൾ ആക്രമിക്കാതിരുന്നാൽപിന്നെ വലിയ പരിചരണം ആവശ്യമില്ലെന്നാണ് അഫീഫ് പറയുന്നത്. രണ്ടാം തരി (രണ്ടോ അതിലധികമോ തവണ കൃഷിചെയ്തയിടം) ആണെങ്കിൽ സോളോമേറ്റ്സ് ഉപയോഗിക്കണം. പൂവിടുംമുമ്പ് അഞ്ചോ ആറോ തവണ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, ചകിരിച്ചോറ് തുടങ്ങിയവ മണ്ണിൽ നിക്ഷേപിക്കണം. പാഴ്ച്ചെടികൾ വെട്ടിവൃത്തിയാക്കി വേണം ഇവ നിക്ഷേപിക്കാൻ.
വിത്തിനെ അറിഞ്ഞ് മണ്ണിനെ ഇളക്കിമറിച്ച് കൃത്യമായി നട്ടാൽ ഒരു വിത്തും കെട്ടുപോകില്ലെന്നാണ് 40 വർഷത്തിലധികമായി കൃഷിചെയ്യുന്ന ഉമ്മർ പറയുന്നത്. ഭൂമിയിൽ വളം നിക്ഷേപിക്കുന്നത് ഭൂവുടമക്കാണ് കൂടുതൽ ഗുണംചെയ്യുക. തങ്ങളിടുന്ന വളത്തിെൻറ 80 ശതമാനവും ആ ഭൂമിയിൽ പിന്നീടിറക്കുന്ന കൃഷിക്കാണ് ലഭിക്കുക. ഒരു സസ്യത്തിന് ആവശ്യമുള്ള വളം മാത്രമേ അതെടുക്കൂ. കൂടാതെ പച്ചക്കറി കൃഷിയൊരുക്കുന്നതിലൂടെ ഭൂമിയിൽ ധാരാളം നൈട്രജനും ഒാക്സിജനും വന്നുചേരുകയും ചെയ്യും. ഇതെല്ലാം കൃത്യമായി അറിയുന്നവരാണ് ഭൂമി വിട്ടുതരുന്നതെന്നാണ് ഉമ്മർ പറയുന്നത്. റബർ പ്ലാേൻറഷന്‍ തയാറാക്കിയ ഭൂമിയിലാണ് കൂടുതലും ഇവർ മഴക്കാലത്ത് കൃഷിചെയ്യുന്നത്. റബർ ടാപ്പിങ്ങിന് തയാറാകുംവരെ ഇത്തരത്തിൽ ഇടകൃഷിക്കായി ഭൂമി ലഭിക്കുന്നു. വേനലിൽ പാടങ്ങളിലാണ് കൃഷിചെയ്യുന്നത്.
സ്ലെറി രൂപപ്പെടുത്തൽ
മുളപൊട്ടിയ ചെടിക്ക് കൃത്യമായ വളർച്ചയാെണങ്കിൽ 40ാം ദിവസം പൂവിടും. ഇൗ സമയത്താണ് സസ്യങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള െസ്ലറി നൽകേണ്ടത്. ചാണകം, ഇളനീർ, വേപ്പിൻപിണ്ണാക്ക്, ശർക്കര ഇതെല്ലാം കൃത്യമായി വെള്ളം േചർത്ത് ഒരു ഡ്രമ്മിൽ നിക്ഷേപിക്കും. ഏഴു ദിവസം ആവുേമ്പാഴേക്കും ഇത് കുഴമ്പുരൂപത്തിൽ െസ്ലറിയായി രൂപപ്പെടും. ഒാരോ ദിവസവും രണ്ടുനേരം വലത്തുനിന്ന് ഇടത്തേക്ക് (ക്ലോക്ക് വൈസ്) സ്ലെറി ഇളക്കിക്കൊണ്ടിരിക്കണം. അഞ്ചു കപ്പ് വെള്ളത്തിന് ഒരു കപ്പ് െസ്ലറി എന്നനിലയിൽ ചെടിയിൽ ഒഴിച്ചുകൊടുക്കണം. ഇതോടെ വിളവ് പതിന്മടങ്ങ് വർധിക്കും. പൂവിടുംമുമ്പ് െസ്ലറി ഒഴിച്ചാൽ ഇലകൾ കൂടുതൽ വരുന്നതോടെ കായ്ഫലം കുറയുമെന്നാണ് അഫീഫ് പറയുന്നത്.
കൃഷി മനുഷ്യനു മാത്രമല്ല
പ്രകൃതിയും കൃഷിയും മനുഷ്യനു മാത്രമുള്ളതല്ലെന്നാണ് ഉമ്മർ പറയുന്നത്. സ്വയംപര്യാപ്തതയുള്ള മനുഷ്യന് കൃഷിചെയ്ത് ഫലം വിളയിക്കാം. നമ്മളൊരുക്കിയ കൃഷിയിൽ ഒരുപങ്ക് പക്ഷികൾ, കീടങ്ങൾ, മൃഗങ്ങൾ എന്നിവക്കുമുണ്ട് -അനുഭവത്തിെൻറ ഒാർമകൾ ചികഞ്ഞെടുത്ത് ഉമ്മർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് മലയോരത്ത് 2000 വാഴകൾ കൃഷിചെയ്തു. വിളവെടുപ്പിനായ വാഴക്കുലകൾ എല്ലാം കാട്ടാനകൾ നശിപ്പിച്ചു. വിരലിലെണ്ണാവുന്ന കുലകൾ മാത്രം ബാക്കി. എന്നാൽ, ഇൗ കുലകൾ വെട്ടാൻ പോയ സമയത്ത് കിളിക്കൂട്ടം വന്ന് കലപിലകൂട്ടി. ഇതോടെ മടങ്ങി. ഇൗ കുലകൾ പക്ഷികൾക്ക് വിട്ടുകൊടുത്തു. പിറ്റേ വർഷം ഇൗ ഭൂമിയിൽനിന്ന് ലഭിച്ചത് പതിന്മടങ്ങ് ഫലം. കൃഷി സഹജീവികൾക്കു കൂടിയുള്ളതാണെന്ന് ആ സംഭവത്തോടെ മനസ്സിലാക്കിയതായി ഉമ്മർ പറയുന്നു. ചിത്രശലഭങ്ങളും കീടങ്ങളും ഒരുപരിധിവരെ നമ്മുടെ കൃഷിയിടത്തിൽ വേണം. അവർക്ക് തിന്നാനുള്ളതുകൂടി നാം കൊടുത്താൽ അതിനുള്ള പ്രതിഫലം മറ്റൊരു തരത്തിൽ ലഭിക്കും.
വിപണനം
മണ്ണൊരുക്കലും കൃഷിയൊരുക്കലും കർഷകർക്ക് ഒരു തരം ത്രില്ലാണ്. ലാഭം മാത്രം കൊതിച്ച് കൃഷിക്കിറങ്ങരുത്. കൃഷിയിലൂടെ ആത്മസംതൃപ്തിക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്. വിപണനം പലപ്പോഴും വില്ലനാകാറുണ്ട്. ജൈവവളം മാത്രമിട്ട് കൃഷിയൊരുക്കുന്നവർ മത്സരിക്കുന്നത് ഇതര സംസ്ഥാനത്തുനിന്ന് വരുന്ന രാസവളത്തിലൂെട വിളവെടുത്ത കൃഷി ഉൽപന്നങ്ങളുമായാണ്. നമുക്ക്് കിലോക്ക് 10 രൂപക്ക് കിട്ടുന്നത് അവർ അതിൽ കുറഞ്ഞ വിലക്ക് നൽകും. ഇത് പലപ്പോഴും ലാഭമില്ലാതെ സാധനങ്ങൾ നൽകേണ്ടതിലേക്ക് നയിക്കുന്നു. വീട്ടാവശ്യത്തിനുള്ളത് ഇതിൽനിന്ന് ലഭിക്കും എന്നതും രാസവളം ചേർക്കാത്ത പച്ചക്കറി ഉപയോഗിക്കാം എന്നതുമാണ് മെച്ചം. പതിറ്റാണ്ടുകൾക്കു മുമ്പ് മലയോരത്തെത്തി കാട് വെട്ടിത്തെളിച്ച് കൃഷിയൊരുക്കി വിജയഗാഥ രചിച്ച താഴെപറമ്പൻ ഉണ്ണി മമ്മദ് ഹാജിയുടെ മകനും പേരമകനും കൃഷിയിൽതന്നെ തുടരുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.