ഹരിതശോഭ പരത്തി ശോഭയുടെ കൃഷിയിടം
text_fieldsനിലക്കടലയും ചോളവും കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും എല്ലാമായി സമ്മിശ്രകൃഷിയാല്‍ ശോഭപരത്തുന്നു ഈ കൃഷിയിടം. പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് മണ്ണിനോടും കൃഷിയോടും സ്‌നേഹം പുലര്‍ത്തി കൃഷി കൈവിടാതെ കാത്തുസൂക്ഷിക്കുന്ന വീട്ടമ്മയാണ് ശോഭ സുധാകരന്‍. പരമ്പരാഗത കാര്‍ഷിക വിളകള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന വീട്ടുപറമ്പില്‍ നിന്ന് നിലക്കടലയും ചോളവും വിളവെടുത്ത സന്തോഷത്തിലാണ് ഈ വീട്ടമ്മ.
കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിയും നാട്ടിലെ മികച്ച കര്‍ഷകനുമായിരുന്ന പിതാവ് സുരേന്ദ്രന്റെ പാത പിന്തുടര്‍ന്നാണ് ഏനാത്ത് മണ്ണടിയില്‍ ഭര്‍തൃഗൃഹമായ പൊലിയ അഖിലാലയത്തിലും ശോഭ കൃഷി വ്യാപകമാക്കിയത്. കൃഷിയാണ് തന്റെ ജീവിതവരുമാനമെന്ന് ശോഭ അഭിമാനത്തോടെ പറയുന്നു.
56 സെന്റ് സ്ഥലത്താണ് കൃഷി. വീട്ടുപറമ്പുകളിലെ മരച്ചീനികൃഷി മണ്‍മറഞ്ഞ കാലത്തും ശോഭയുടെ കൃഷിയിടത്തിലെ 30 സെന്റില്‍ മരച്ചീനി പാകമായി വരുന്നു. ഇടവിളയായി പച്ചക്കറികളും വാഴയുമുണ്ട്. ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും ചീര, വഴുതന, ചുരക്ക, പച്ചമുളക്, തക്കാളി, വെണ്ട, പയര്‍, കുമ്പളം എന്നിവയും മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുന്നു.
കുട്ടിക്കാലം മുതല്‍ കൃഷി കണ്ടു വളര്‍ന്നതും വീട്ടുപറമ്പിലെ വളക്കൂറുള്ള മണ്ണുമാണ് കൃഷിയില്‍ ചുവടുറപ്പിക്കുവാന്‍ പ്രചോദനമായതെന്ന് ശോഭ പറയുന്നു. ഇവിടുത്തെ മണല്‍ കലര്‍ന്ന ഇളക്കമുള്ള മണ്ണ് അനുയോജ്യമാണെന്ന് കണ്ടതോടെയാണ് 15 സെന്റില്‍ നിലക്കടലയും ചോളവും വിളയിച്ചത്.
ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ചാണകപ്പൊടിയും എല്ലുപൊടിയുമാണ് പ്രധാന വളങ്ങള്‍. ഹോട്ടലുകളില്‍ നിന്ന് തേയിലകൊളുന്തും ചാമ്പലും ഉള്ളിത്തൊലിയും മുട്ടത്തോടും ശേഖരിച്ച് വളമിടും. വീട്ടിലെ അടുക്കളമാലിന്യവും ജൈവവളമാക്കും. ജലദൗര്‍ലഭ്യം കൃഷിക്ക് പ്രയാസമാകുന്നതായി ശോഭ പറഞ്ഞു. തയ്യല്‍, കരകൗശല നിര്‍മാണ പരിശീലകയുമാണ് ശോഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.