സുഗന്ധമേകും ശീതളക്കാറ്റിൽ പൗലോസിന്‍റെ പറമ്പിലെ ഓറഞ്ച് മരം മധുരക്കാഴ്ച
text_fieldsഅങ്കമാലി: മൂക്കന്നൂർ ആഴകം മാളിയേക്കൽ പൗലോസിന്‍റെ വളപ്പിലുള്ളത് നിറഞ്ഞ് തൂങ്ങിയ തേനൂറും മധുര ഓറഞ്ച് മരമാണ്. 30 അടിയോളം ഉയരമുള്ള ഓറഞ്ച് മരത്തിലെ പടർന്നുപന്തലിച്ച ശിഖരങ്ങളിൽ നിറയെ കടും മഞ്ഞനിറമുള്ള തുടുത്ത ഓറഞ്ചുകളാണ്. നല്ല വിളവ് ലഭിച്ചതിനാൽ ഇത്തവണ പറിച്ചെടുത്ത ഓറഞ്ചുകൾ വീടിനടുത്തെ ഫ്രൂട്സ് കടയിൽ വിറ്റു. ഇതോടെ പൗലോസിന്‍റെ വളപ്പിലെ ഓറഞ്ച് മരവും മധുരമൂറും ഓറഞ്ചും കൂടുതൽ പേർ അറിഞ്ഞു. മായം ചേരാത്ത നാടൻ ഓറഞ്ച് ലൈവായി വാങ്ങാൻ ആളുകൾ പൗലോസിന്‍റെ വീട്ടിലേക്കെത്തുകയാണ്.
1994ലാണ് ആഴകം തെക്കു കവലയിൽ യാക്കോബായ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തായി പുത്തേൻ വർഗീസിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന 12 സെന്‍റ് സ്ഥലം പൗലോസ് വാങ്ങിയത്. തെങ്ങും, പ്ലാവും നിറഞ്ഞ പറമ്പിൽ നാരക തൈയുമുണ്ടായിരുന്നു. എന്നാൽ ഏതിനം നാരകമാണെന്നറിയില്ലായിരുന്നു. മൈസൂരിൽ നിന്ന് വാങ്ങിയ ഓറഞ്ച് തൈ പറമ്പിൽ നട്ട് പിടിപ്പിച്ചിരുന്നതായി വർഗീസ് സൂചന നൽകിയിരുന്നെങ്കിലും എവിടെയാണ് നട്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ അതിൽ ഒരു ഓറഞ്ച് കണ്ടു. പിറ്റേ വർഷം 15 ഓറഞ്ചുണ്ടായി. തുടർന്ന് എല്ലാ വർഷവും ഓറഞ്ച് കായ്ക്കാൻ തുടങ്ങി. അതോടൊപ്പം മരവും വലുതായി. ശിഖരങ്ങളും വ്യാപിച്ചു.
അതിനിടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് കുറെ ശിഖരങ്ങൾ മുറിച്ചു കളഞ്ഞെങ്കിലും അവശേഷിച്ചവ വീണ്ടും വളർന്നു വലുതായി. അവയിലെല്ലാം ഓറഞ്ചുകളും കായ്ക്കാൻ തുടങ്ങി. വിളവെടുക്കുമ്പോൾ പൗലോസും ഭാര്യ അമ്മിണിയും ചേർന്ന് അയൽവാസികളുടെ വീടുകളിൽ ഓറഞ്ചുകൾ സമ്മാനിക്കും. വർഷം പിന്നിടുന്തോറും കൂടുതൽ വിളവ് ലഭിക്കാൻ തുടങ്ങി. 2019ലെ കോവിഡ് സന്ദർഭത്തിൽ 300 കിലോയോളം വിളവ് ലഭിച്ചതായി പൗലോസ് പറയുന്നു.
മഞ്ഞുകാലങ്ങളിൽ ഈ ഓറഞ്ചിന് നല്ല മധുരവും നിറവുമുണ്ടാകും. അതിനാൽ ഓറഞ്ചിനെക്കുറിച്ച് കൂടുതൽ അറിയുന്നവർ പറയുന്നത് മൈസൂർ ഇനം ഓറഞ്ചാണിതെന്നാണ്. ഇത്തവണ നവംബർ 15 മുതൽ വിളവെടുക്കാൻ തുടങ്ങി. വലത്തോട്ടി ഉപയോഗിച്ചാണ് പറിച്ചെടുക്കുന്നത്. 100 കിലോയോളം ഓറഞ്ചിൽ പകുതിയും പറിച്ചു. അബൂദബിയിൽ നിന്ന് ലീവിനെത്തിയ മെക്കാനിക്കായ മകൻ എൽദോസിനും സൗദിയിൽ നിന്ന് ലീവിനെത്തിയ നഴ്സായ മകൾ ലിബിയക്കും വീട്ടുപറമ്പിലെ ഓറഞ്ച് നൽകിയാണ് പൗലോസും അമ്മിണിയും സ്വീകരിച്ചത്. മുന്തിയ ഇനത്തിൽപ്പെട്ട ഓറഞ്ച് മരമായതിനാൽ പഴുത്ത ഓറഞ്ചിന്‍റെ കുരുവെടുത്ത് പാകി ഏതാനും തൈകൾ പൗലോസ് നട്ട് പിടിപ്പിച്ചിട്ടുണ്ട്. പടർന്നു പന്തലിച്ച ഓറഞ്ച് മരത്തെക്കുറിച്ചറിഞ്ഞ നാട്ടുകാർ ഓറഞ്ചും, ഓറഞ്ച് തൈകളും തേടി എത്തുന്നതായും പൗലോസ് 'മാധ്യമ' ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.