സുറുജയുടെ കൃഷിയിടത്തില്‍ മരച്ചീനി മുതല്‍ മണിച്ചോളം വരെ
text_fieldsവീട്ടിലിരുന്ന് വെറുതെ സമയം കളയാനൊന്നും സുറുജ തയാറല്ല. തൊഴിലാളികളുടെ സഹായമില്ലാതെ കൃഷിയും പരിപാലനവും സ്വയം ഏറ്റെടുത്തിരിക്കുകയാണ് സുറുജ. ഏനാത്ത് ദാറുല്‍ അമാനില്‍ സുറുജ മജീദ് ആണ് കല്ലടയാറിന്‍റെ തീരത്ത് സമ്മിശ്ര കാര്‍ഷിക സമൃദ്ധി വിളയിക്കുന്നത്. ഭര്‍ത്താവ് പി.എച്ച്. മുഹമ്മദ് നജീബ് മൗലവി സൗദിയില്‍ ജിദ്ദയിലാണ്.
കല്ലടയാറിന്റെ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണില്‍ ജൈവകൃഷിയിലൂടെയാണ് തരിശു കിടന്ന കൃഷിയിടത്തില്‍ സുറുജ പച്ചപ്പണിയിച്ചത്. ഭക്ഷ്യ സുരക്ഷയില്‍ പരമ്പരാഗത കാര്‍ഷിക വിഭവങ്ങളുടെ പങ്ക് വളരെ വലുതാണെന്നാണ് സുറുജയുടെ പക്ഷം. മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ വിളയിച്ചാണ് തുടക്കം.
വീടിനോടു ചേര്‍ന്നുള്ള ഒന്നരയേക്കര്‍ കൃഷിയിടത്തില്‍ മരച്ചീനി മുതല്‍ മണിച്ചോളം വരെയാണ് വിളയുന്നത്. ഇപ്പോള്‍ തണ്ണിമത്തനും കൃഷി ചെയ്യുന്നു. വെള്ളരി, പയര്‍, വഴുതന, തക്കാളി, പച്ചമുളക്, വെണ്ട, ചീര തുടങ്ങി വിവിധയിനം പച്ചക്കറികളും കൃഷി ചെയ്ത് വിളവെടുത്തു. ഏത്തന്‍, പൂവന്‍, കദളി തുടങ്ങി 150 ല്‍ അധികം വാഴയുണ്ട്.
കല്ലടയാറിന്റെ സാമീപ്യം വേനലിലും കൃഷിയിടത്തില്‍ പച്ചപ്പ് നിലനിര്‍ത്തുന്നതിന് ആശ്വാസകരമാണ്. പശുവും കോഴിയും താറാവും കൃഷിയുടെ ഭാഗമായി. വിഷരഹിത പച്ചക്കറികളും പാലും മുട്ടയും എല്ലാം സ്വന്തം ആവശ്യത്തിന് കൃഷി ചെയ്‌തെടുക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്ന് സുറുജ പറയുന്നു.
പശുക്കളെ പരിപാലിക്കുന്നതിലൂടെ പാലും പാല്‍ ഉത്പന്നങ്ങളും ലഭിക്കുന്നതിനു പുറമെ ജൈവകൃഷിക്ക് സഹായകരവുമാകുന്നു. 50 കോഴിയും 50 താറാവും ഉണ്ട്. കുളത്തിലും നീര്‍ച്ചാലുകളിലും മത്സ്യകൃഷിക്കും തയാറെടുക്കുന്ന ഈ മിടുക്കി, വരാല്‍ മത്സ്യങ്ങളെ വളര്‍ത്തി പരിപാലിക്കുന്നുമുണ്ട്.
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പ്രകാരം തരിശു കിടക്കുന്ന 25 സെന്റില്‍ പച്ചക്കറി വിളയിക്കാന്‍ വിത്തും വളവും നല്‍കി സുറുജക്ക് സഹായമേകുമെന്ന് കൃഷി അസിസ്റ്റന്റ് ടി. അനീഷ പറഞ്ഞു. മഴ കാരണം പച്ചക്കറി കൃഷി ഗ്രോബാഗില്‍ കൂടി ചെയ്യാന്‍ തയാറെടുക്കുകയാണ് സുറുജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.