കർഷകർ പണം മുടക്കി വെള്ളം വറ്റിച്ചു; കരിങ്ങാലിപ്പാടം നെൽകൃഷിക്ക് ഒരുങ്ങുന്നു
text_fieldsപന്തളം: മഴക്കാലത്ത് നിറഞ്ഞ വെള്ളം പണം മുടക്കി വറ്റിച്ച് കർഷകർ കരിങ്ങാലിപ്പാടത്ത് നിലം ഒരുക്കി തുടങ്ങി. കൃഷി ഇറക്കേണ്ട ഡിസംബർ ആദ്യവാരത്തിൽ, പാടത്ത് കെട്ടിനിന്ന വെള്ളവും ശക്തമായ മഴയും കാരണം നിലം ഒരുക്കാൻ പോലും കർഷകർക്കായില്ല.
പെട്ടിയും പറയും വാടകക്കെടുത്തും വിലയ്ക്ക് വാങ്ങിയും ജനറേറ്റർ ഉപയോഗിച്ചും ദിവസങ്ങളോളം വെള്ളം വറ്റിച്ചാണ് നിലം ഒരുക്കുന്നത്. ചിറ്റിലപ്പാടത്ത് വിതച്ച നെല്ല് വെള്ളത്തിൽ പൊങ്ങിയും വിതക്കാനായി കുതിർത്തുവെച്ച നെല്ല് കിളിർത്തും നഷ്ടമായിരുന്നു. ഇനിയും വിത്ത് വിലയ്ക്കുവാങ്ങി കൃഷിയിറക്കേണ്ട അവസ്ഥയാണ്.
വെള്ളത്തിന്റെ പ്രശ്നമാണ് കർഷകർക്ക് പ്രധാനമായും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഡിസംബറിൽ കൃഷിയിറക്കാൻ വെള്ളം വറ്റിക്കാനാണ് അടിസ്ഥാന സൗകര്യത്തിന്റെ കുറവ് കരിങ്ങാലിപ്പാടത്തെ കർഷകരെ വലക്കുന്നു.
ഡിസംബറിൽ കൃഷിയിറക്കാൻ വെള്ളം വറ്റിക്കാനാണ് പ്രയാസമെങ്കിൽ ഫെബ്രുവരിയാകുമ്പോഴേക്കും കൃഷി ആവശ്യത്തിനുള്ള വെള്ളം എത്തിക്കലാണ് പ്രയാസം. ആധുനിക സൗകര്യം കൃഷിക്കായി ഒരുക്കുന്ന കാലത്തുപോലും കരിങ്ങാലിപ്പാടത്ത് വെള്ളം വറ്റിച്ച് നേരത്തേ കൃഷിയിറക്കാനുള്ള സൗകര്യമില്ല. പല പാടശേഖരങ്ങളിലും വൈദ്യുതിപോലും എത്തിയിട്ടില്ല.
പമ്പുസെറ്റുകൾക്കു പകരം ഇപ്പോഴും പെട്ടിയും പറയും ഡീസൽ എൻജിനുമാണ് മിക്ക പാടശേഖരങ്ങളിലും ഉപയോഗിക്കുന്നത്. ഇതിന് കർഷകർതന്നെ പണം മുടക്കേണ്ട അവസ്ഥയുമാണ്. വൃച്ഛിക കാർത്തികക്ക് നിലം ഒരുക്കി കൃഷിയിറക്കേണ്ട കരിങ്ങാലി പാടശേഖരത്തിലാണ് ഇത്തവണ വളരെ താമസിച്ച് കൃഷിയിറക്കുന്നത്.
ഓരോ മഴയിലും ഐരാണിക്കുടി പാലത്തിനു താഴെയുള്ള വലിയതോടുവഴി കരിങ്ങാലിപ്പാടത്ത് വെള്ളം നിറയുന്നതുകാരണം നിലം പൂട്ടിയടിച്ച് ഒരുക്കുന്നതിന് കർഷകർക്ക് കഴിയാറില്ല. വെള്ളം വറ്റിക്കാൻ പദ്ധതിയില്ലാത്തതു തന്നെയാണ് പാടത്തെ പ്രധാന പ്രശ്നം.മുമ്പ് ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫിസിൽനിന്ന് വെള്ളം വറ്റിക്കുന്നതിനായി കരാർ നൽകി പാടത്തെ മുഴുവൻ വെള്ളവും ഒന്നിച്ച് വറ്റിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, ഇന്ന് വെള്ളം തനിയെ വറ്റുന്നതുവരെ കാത്തിരിക്കുയോ പണം കൊടുത്ത് കർഷകർ വെള്ളം വറ്റിക്കുകയോ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.