വിളവിന്‍റെ ഒരു വിഹിതം അശരണർക്ക്, അതാണ് ടോമിയുടെ പോളിസി
text_fieldsവിളയിച്ചെടുക്കുന്നതില്‍ ഒരു വിഹിതം മുടങ്ങാതെ നിര്‍ധനര്‍ക്കും ശരണാലയങ്ങള്‍ക്കും നല്‍കുന്ന വ്യത്യസ്ത കര്‍ഷകനാണ് കൊടകര തേശേരിയിലെ കള്ളിയത്ത്പറമ്പില്‍ ടോമി. കൃഷി ഒരാവേശമാണ് ഈ 55കാരന്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി കാര്‍ഷികജീവിതം നയിക്കാന്‍ ടോമി തീരുമാനമെടുത്തതും കൃഷിയോടുള്ള സ്നേഹംകൊണ്ടാണ്. ആറേക്കറോളം ഭൂമിയാണ് ടോമിക്ക് സ്വന്തം.
പാവല്‍, പടവലം, പയര്‍, പീച്ചിങ്ങ, ചീര, വെള്ളരി, നാളികേരം, മരച്ചീനി, കുമ്പളം, മാങ്ങ, മത്തൻ, മഞ്ഞള്‍, ഇഞ്ചി, പച്ചമുളക്, ചുരക്ക, ചേന, കായ, വഴുതനങ്ങ, കൂര്‍ക്ക തുടങ്ങി കറിവേപ്പിലവരെയാണ് തോട്ടത്തിലുള്ളത്. വിളവെടുക്കുന്നതില്‍ ഒരു പങ്ക് മുടങ്ങാതെ നിര്‍ധനകുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഈ കര്‍ഷകന്‍ മറക്കാറില്ല. ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷവേളകളില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ സൗജന്യമായി വീടുകളിലെത്തിച്ചു നല്‍കും.
കൊരട്ടി ചിറങ്ങരയില്‍ നടക്കാറുള്ള കുംഭനിലാവ് ആഘോഷത്തിന് പുഴുക്ക് തയാറാക്കാൻ പലയിനം കിഴങ്ങുവര്‍ഗങ്ങള്‍ മുടങ്ങാതെ നല്‍കുന്നതും ടോമിയാണ്. കൊടകരയിലും അന്നമനടയിലുമുള്ള ശരണാലയങ്ങളിലേക്കും പച്ചക്കറികള്‍ എത്തിക്കുന്നു. കോവിഡ് കാലത്തിനു മുമ്പ് വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിനായും ഈ കര്‍ഷകന്‍ പച്ചക്കറികള്‍ ലഭ്യമാക്കിയിരുന്നു. പ്രളയകാലത്ത് കൊടകരയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്കും പഴങ്ങളും പച്ചക്കറികളും നല്‍കിയിരുന്നു. ആരോഗ്യം അനുവദിക്കും വരെ അധ്വാനത്തിെൻറ ഒരു വിഹിതം നിര്‍ധനര്‍ക്ക് നല്‍കുമെന്ന് ടോമി പറഞ്ഞു.
രാസകീടനാശിനിയും രാസവളവും ഒഴിവാക്കിയാണ് ടോമിയുടെ കൃഷിരീതി. ജൈവവളമാണ് മിക്കതിനും ഉപയോഗിക്കുന്നത്. ലാഭം ഉണ്ടാക്കുന്നതിലുപരി വിഷരഹിതമായ നല്ല പച്ചക്കറി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ കാലത്തും ടോമിയുടെ തോട്ടത്തില്‍ പച്ചക്കറികള്‍ ഉണ്ടാകും. പല ഘട്ടങ്ങളായി കൃഷിയിറക്കുന്നതുകൊണ്ടാണിത്.
കപ്പകൃഷിക്കായി വാരം എടുക്കുമ്പോള്‍ ഇരുവശത്തും ഇടവിളയായി വെണ്ട, തക്കാളി, പയര്‍, മഞ്ഞള്‍, വഴുതന തുടങ്ങിയവ നടും. ഒന്ന് വിളവെടുക്കുമ്പോഴേക്കും മറ്റൊന്ന് പാകമാകും. ഈ രീതിയില്‍ വര്‍ഷം മുഴുവനും വിളവെടുക്കാന്‍ ടോമിക്കു കഴിയുന്നു. കൃഷിക്കാവശ്യമായ വിത്തുകളും തൈക്കളും സ്വന്തം കൃഷിയിടത്തില്‍നിന്നാണ് ടോമി കണ്ടെത്തുന്നുത്.
മണ്ണുത്തിയിലെ ഫാമില്‍നിന്ന് ചിലപ്പോള്‍ വിത്തുകള്‍ കൊണ്ടുവരാറുണ്ട്. പ്രാദേശിക കച്ചവടക്കാര്‍ക്കും തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ചന്തകളിലുമാണ് ഉൽപന്നങ്ങള്‍ വിറ്റഴിക്കുക. നിരവധിപേര്‍ ടോമിയുടെ വീട്ടിലെത്തിയും വാങ്ങാറുണ്ട്. വേനല്‍ക്കാലത്ത് വെള്ളം കിട്ടാതെയും മഴക്കാലത്ത് വെള്ളം കയറിയും വിളകള്‍ക്ക് നാശമുണ്ടാകാറുണ്ടെങ്കിലും നിരാശനാകാതെ ടോമി കൃഷിയില്‍ സജീവമാകും. നിരവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ ഇതിനകം ടോമിയെ തേടിയെത്തി. ടോമിയുടെ നന്മയുള്ള മനസ്സിനും പൊതുവേദികളില്‍ ആദരം ലഭിച്ചു.
ഗള്‍ഫിലെ വെല്‍ഡിങ് ജോലി ഉപേക്ഷിച്ചാണ് പത്ത് വര്‍ഷം മുമ്പ് ടോമി നാട്ടിലെത്തി കൃഷിയില്‍ സജീവമായത്. അതിന് മുമ്പ് പേരാമ്പ്രയിലെ അപ്പോളോ ടയര്ഫാക്ടറിയില് കുറച്ചുനാൾ തൊഴിലാളിയായിരുന്നു. മാതാവ് റോസി. പഞ്ചായത്ത് ഓഫിസിലെ എ.ഇ ആയ ഭാര്യ ജൂലി, മക്കളായ ജീന്‍ ജോസഫ് , ജെനറ്റ് റോസ് എന്നിവരടങ്ങിയതാണ് ടോമിയുടെ കുടുംബം. ഫോണ്‍: 8593070148.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.