കൃഷി ലാഭകരമല്ലെന്ന് പറയുന്നവർ ഇതൊന്ന് കാണൂ; 10 ഏക്കറിൽ വിളയുന്നത് 180 ഇനങ്ങൾ, കയറ്റി അയക്കുന്നത് യു.എസിലേക്കും യു.എ.ഇയിലേക്കും
text_fieldsകൃഷി ചെയ്യുന്നത് ലാഭകരമല്ലെന്ന് ആര് പറഞ്ഞാലും മഹാരാഷ്ട്രയിലെ ഖേദ ജില്ലക്കാരനായ അജയ് യാദവ് സമ്മതിച്ചുതരില്ല. മണ്ണിനെയും വിപണിയെയും അറിഞ്ഞ് കൃഷി ചെയ്താൽ മനസ്സും പോക്കറ്റും നിറക്കുന്ന ബിസിനസാണ് കൃഷിയെന്ന് ഇദ്ദേഹം പറയും. പതിറ്റാണ്ടുകൾ നീണ്ട തന്‍റെ കാർഷിക ജീവിതം തന്നെയാണ് ഇദ്ദേഹത്തിന് ഉദാഹരണമായി കാണിക്കാനുള്ളത്.
1990കളുടെ തുടക്കത്തിൽ, ജൈവകൃഷി എന്ന വാക്കുപോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ജൈവകൃഷിയിലൂടെ മുന്നേറിയ ആളാണ് അജയ് യാദവ്. കർഷകരെല്ലാം രാസവളങ്ങളെയും കീടനാശിനികളെയും ആശ്രയിച്ച് നിലകൊള്ളുന്ന കാലമായിരുന്നു അത്. എന്നാൽ, അന്ന് മുതൽ ഇന്ന് വരെ ജൈവകൃഷിയാണ് ഇദ്ദേഹത്തിന്‍റെ വഴി.
തന്‍റെ 10 ഏക്കർ കൃഷിയിടത്തിൽ 180 ഇനങ്ങളാണ് ഇദ്ദേഹം കൃഷിചെയ്യുന്നത്. ഇത് യു.എസ്, യു.എ.ഇ ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നു. വർഷം അഞ്ച് മുതൽ 10 ലക്ഷം രൂപ വരെ വരുമാനം നേടിക്കൊടുക്കുന്നു. ഒപ്പം, കൃഷിചെയ്യുന്നതിലെ മാനസികോല്ലാസവും.
സഹോദരനും അജയ് യാദവും ചേർന്നാണ് കൃഷി വിജയകരമായി മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഡയറി ഫാമും ഇവർ തുടങ്ങിയിരുന്നു. എന്നാൽ, 2005ൽ സഹോദരൻ മരിച്ചതോടെ കൃഷി ഒറ്റക്കായി. ഇതോടൊപ്പം, സർക്കാറിന്‍റെ പല കാർഷിക വിരുദ്ധനയങ്ങളും കൂടിയായപ്പോൾ ഇടക്കാലത്ത് തിരിച്ചടി നേരിട്ടു. ജൈവകാർഷിക രീതിക്ക് ചെലവ് വൻതോതിൽ വർധിച്ചു.
കരിമ്പ് പാടത്തുനിന്ന് ഉൽപ്പാദിപ്പിക്കുന്ന ശർക്കരയാണ് അജയ് യാദവിന്‍റെ പ്രധാന വരുമാനമാർഗം. പ്രകൃതി കൃഷിരീതിയുടെ പല സെമിനാറുകളിലും മറ്റും പങ്കെടുത്ത യാദവ് ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. ആ പാഠങ്ങൾ തന്‍റെ കൃഷിയിടത്തിൽ പ്രാവർത്തികമാക്കി. അതേസമയം, ഗ്രാമത്തിലെ സാധാരണക്കാരായ കൃഷിക്കാർക്കും ഈ പാഠങ്ങൾ പകർന്നുനൽകണം എന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായി. അങ്ങനെ തന്‍റെ കൃഷിയിടം എല്ലാവർക്കും സന്ദർശിക്കാനായി അദ്ദേഹം തുറന്നിട്ടു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ആർക്കും സന്ദർശിക്കാം. അഞ്ച് ലക്ഷം കർഷകർ ഇതുവരെ സന്ദർശിച്ചതായി യാദവ് പറയുന്നു.
ജൈവ കൃഷിയാണെങ്കിലും ആവശ്യമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ഇദ്ദേഹത്തിന് മടിയില്ല. പൈപ്പ് വഴിയുള്ള തുള്ളിനനയാണ് കൃഷികൾക്ക് നൽകുന്നത്. വെള്ളത്തിന്‍റെ ഉപയോഗം വളരെയേറെ നിയന്ത്രിക്കാൻ ഇതുവഴി സാധിച്ചു. സമൂഹമാധ്യമങ്ങളെ വിപണനത്തിനായി ഉപയോഗിച്ചു. 1000ലേറെ അംഗങ്ങളുള്ള വാട്സാപ്പ് കമ്യൂണിറ്റിയുണ്ട്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും തന്‍റെ വിളകൾ എത്തുന്നതായി ഇദ്ദേഹം പറയുന്നു. യു.എസിൽ നിന്നും ദുബൈയിൽ നിന്നും സ്ഥിരം ആവശ്യക്കാരുണ്ട്. വാട്സാപ്പിലൂടെ മാത്രം ഒരു മാസം ലക്ഷത്തിലേറെ രൂപയുടെ ഓർഡറാണ് ലഭിക്കുന്നത് -യാദവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.