നെൽ വിത്തുകളിൽ തളിർക്കുന്നു, അജയകുമാറിന്റെ ജീവിതം
text_fieldsപുല്പള്ളി (വയനാട്): പരീക്ഷണങ്ങളിലൂടെ കടന്നുപോയ അജയകുമാര്‍ എന്ന യുവസംരംഭകെൻറ ജീവിതം മാറ്റിയെഴുതിയത് വയനാടന്‍ നെല്ലിനങ്ങള്‍. പുല്പള്ളി ഭൂതാനം കോളനിയിലെ വാരിശേരിയില്‍ അജയകുമാറിെൻറ വയനാട് റൈസ്മില്ലില് ഇന്ന് ജില്ലയിലെ പാരമ്പര്യനെല്ലിനങ്ങള്‍ കുത്തിയെടുത്ത അരികളെല്ലാം ലഭിക്കും. ഈ അരിമില്ലിലേക്കെത്തും മുമ്പ് അജയകുമാര്‍ സഞ്ചരിച്ച വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ദുബൈയില്‍ ഹോട്ടല്‍ ബിസിനസും കര്‍ണാടകയില്‍ ഇഞ്ചികൃഷിയും നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇനിയെന്ത് എന്ന ചിന്തയിലാണ് വയലുകള്‍ നിറഞ്ഞ നാട്ടില്‍ ഒരു റൈസ് മില്ല് തുടങ്ങിയാലോ എന്ന ചിന്ത ഉടലെടുക്കുന്നത്.
പ്രോത്സാഹിപ്പിക്കേണ്ട പലരും നിരാശപ്പെടുത്തി. കര്‍ണാടകയിലെ റൈസ് മില്ലുകളിലൂടെ സഞ്ചരിച്ച് പ്രവര്‍ത്തനങ്ങള്‍ പഠിച്ചു. ഒടുവില്‍, 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍നിന്ന് മെഷീനുകള്‍ ഇറക്കുമതി ചെയ്ത് പുല്പള്ളിയിലെ ഭൂതാനം കോളനിയില്‍ റൈസ് മില്ല് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പച്ചരിയായിരുന്നു ഉൽപാദിപ്പിച്ചിരുന്നത്. വിപണിയില്‍ കുറഞ്ഞ വിലക്ക് പച്ചരി ലഭിക്കുന്നതിനാല്‍ ആവശ്യക്കാരില്ലാതായതോടെ ശ്രമം പരാജയപ്പെട്ടു. പിന്നീട് 2014, 2016 വര്‍ഷങ്ങളില്‍ മില്ല് നവീകരിച്ച് പ്രാദേശിക നെല്ലിനങ്ങള്‍ പുഴുങ്ങി കുത്തിയെടുക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി. ഇതോടെ വയനാട്ടില്‍നിന്നു ഉൽപാദിപ്പിക്കുന്ന നിരവധി പാരമ്പര്യ നെല്ലിനങ്ങള്‍ അരികളാക്കി വിപണിയിലെത്തിക്കാന്‍ സാധിച്ചു. ബ്രാൻഡ് ചെയ്യാതെ തന്നെ നിരവധി വ്യാപാരികള്‍ അരിയിനങ്ങൾക്കായി അജയകുമാറിെൻറ തേടിയെത്തി.
വയനാടന്പാടങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട അരിയിനമായ ഗന്ധകശാല, ഉമ, ആതിര, ജ്യോതി, തൊണ്ടി, പാല്‍തൊണ്ടി, ഒരുപുഴുക്കന്‍, മുള്ളന്‍കൈമ, മട്ടപച്ചരി എന്നിങ്ങനെ പതിനഞ്ചിലധികം നെല്ലിനങ്ങള്‍ വയനാട് റൈസ്മില്ലില്നിന്ന് ലഭിക്കും. കര്‍ഷകരില്‍നിന്നു മികച്ച വില നല്കി നെല്ലിനങ്ങള്‍ വാങ്ങുന്ന അജയകുമാര്‍ സ്വന്തമായി നെല്‍കൃഷിയും നടത്തുന്നു.
മഴക്കാലത്തും വെയില് ഇല്ലാത്തപ്പോഴും നെല്ലടക്കം ഉണങ്ങിയെടുക്കാന്‍ സാധിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഡ്രയറും ഇവിടെയുണ്ട്. അള്‍ട്രാവയലറ്റ് ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഷെഡ്ഡും അജയകുമാറിെൻറ സ്വന്തം കണ്ടുപിടുത്തമാണ്. നിരവധി കര്‍ഷകര്‍ ഈ ഡ്രയര്‍ നിര്‍മിച്ച് നൽകാൻ അജയകുമാറിനെ തേടിയെത്തുന്നു. ഭാര്യ സ്മിത മികച്ച പിന്തുണയുമായി യുവകര്ഷകനൊപ്പമുണ്ട്. ഗായന്ത്രി നന്ദ, സേതുലക്ഷ്മണ് എന്നിവരാണ് മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.