മലയാള മണ്ണിൽ അതിഥി തൊഴിലാളിയുടെ പച്ചക്കറി കൃഷി വിജയഗാഥ
text_fieldsകായംകുളം: അസമിലെ ഗുവാഹാത്തിയിൽ നിന്നുള്ള പച്ചക്കക്കറി വിത്തിൽ നിന്നും മലയാള മണ്ണിൽ നൂറ് മേനി വിളവ് കൊയ്യുകയാണ് അതിഥി തൊഴിലാളി. കറ്റാനം ഇലിപ്പക്കുളം കട്ടയിൽ പുരയിടത്തിലാണ് അസം സ്വദേശിയായ ഗഫൂർ റഹ്മാന്‍റെ (33) കൃഷി തഴച്ചുവളരുന്നത്. ചുരക്ക, വെള്ളരി, മത്തങ്ങ, പീച്ചിങ്ങ, വഴുതന, പച്ചമുളക് തുടങ്ങിയവയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് ജൈവരീതിയിൽ കൃഷിയിറക്കിയത്.
20 സെൻറിൽ തുടങ്ങിയ കൃഷി വിജയകരമെന്ന് കണ്ടതോടെ ഒരു ഏക്കറിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. സഹോദരീ ഭർത്താവായ റമദാനും ഇടക്ക് ഒപ്പം കൂടുന്നത് ഇദ്ദേഹത്തിന് സഹായകരമാകുന്നു. കൂലിപ്പണി ഇല്ലാത്ത ദിവസം പൂർണമായും കൃഷിയിടത്തിൽ ചിലവഴിക്കുന്നതാണ് രീതി. പണിയുള്ളപ്പോൾ രാവിലെയും വൈകുന്നേരവും കൃഷിയിടത്തിലെത്തി അധികം ജോലി ചെയ്യും.
കട്ടയിൽ ജലാലുദ്ദീൻകുഞ്ഞും നൂറുദ്ദീൻകുഞ്ഞുമാണ് കൃഷിതാൽപ്പര്യം മനസിലാക്കി ഗഫൂറിന് സ്ഥലം വിട്ടുനൽകിയത്. കൃഷിയോട് ആഭിമുഖ്യമുള്ള ഇരുവരും ഗഫൂറിനൊപ്പം കൃഷിയിടത്തിൽ കൂടുകയും ചെയ്യും. വിളവെടുക്കുന്ന പച്ചക്കറികൾ ചൂനാട് ചന്തക്ക് സമീപമുള്ള വിപണിയിലൂടെയാണ് പ്രധാനമായും വിറ്റഴിക്കുന്നത്. ജലാലുദ്ദീനാണ് വിൽപ്പനക്ക് മേൽനോട്ടം വഹിക്കുന്നത്.
ഏഴ് വർഷം മുമ്പാണ് ഗഫൂർ ഇലിപ്പക്കുളത്ത് എത്തുന്നത്. നഷ്ടം പറഞ്ഞ് കൃഷിയോട് പുറന്തിരിഞ്ഞ് നിൽക്കുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന തരത്തിൽ മികച്ച ജൈവ കൃഷിരീതിയാണ് ഇദ്ദേഹം നടപ്പിലാക്കുന്നതെന്നതാണ് ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.