റബര്‍ വഴിമാറി; അവിനാഷിന്‍റെ പുരയിടത്തില്‍ പച്ചക്കറിയും പഴങ്ങളും സുലഭം
text_fieldsലോക്ഡൗണ്‍ കാലയളവില്‍ അമ്പത് സെന്‍റില്‍ നൂറ്‌മേനി വിളയിച്ച് പരിസ്ഥിതി പ്രവര്‍ത്തകനായ അധ്യാപകന്‍. അടൂര്‍ മണ്ണടി പള്ളീനഴികത്ത് അവിനാഷ് ആണ് മാതൃകയായത്. സംസ്‌കൃതം ശാസ്ത്രി ബിരുദധാരിയായ അവിനാഷ് കിളിമാനൂരില്‍ സംസ്‌കൃതം അധ്യാപകനും പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് കൂടിയാണ്.
കോവിഡ് മഹാമാരി മൂലം സ്‌കൂള്‍ അടച്ച് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് കൃഷി എന്ന ആശയം ഉടലെടുത്തത്. കൃഷി വകുപ്പ് അസി. ഡയറക്ടര്‍ കെ.എസ്. പ്രദീപിന്‍റെ നിർദേശം അനുസരിച്ച് വര്‍ഷങ്ങളായി ടാപ്പിങ്ങ് ചെയ്യാതെ ഇട്ടിരുന്ന റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റി ബന്ധുവായ ദാമോദരനില്‍ നിന്നും ഹരികുമാറില്‍ നിന്നും കൃഷിയുടെ ബാലപാഠങ്ങള്‍ പഠിച്ച് എസ്‌കവേറ്റര്‍ ഉപയോഗിച്ച് കൃഷിഭൂമി തയ്യാറാക്കി. ചാണകം, ചകിരിച്ചോര്‍, കുമ്മായം, തുടങ്ങിയ ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി.
പാവല്‍, പടവലം, വെണ്ട, തക്കാളി, പയര്‍, മുളക്, നിത്യവഴുതന, കോവല്‍ അഞ്ച് ഇനം വാഴകള്‍, മുരിങ്ങ, അഗസ്ത്യചീര, കുമ്പളം, മത്തന്‍, വെള്ളരി, ചേന, ചേമ്പ്, കാച്ചില്‍, തെങ്ങ്, വിവിധ ഇനത്തില്‍പ്പെട്ട പ്ലാവ്, മാവ്, റംബൂട്ടാന്‍, തായ്‌ലാന്‍റ് പേര, റെഡ്‌ലേഡി ഓമ, മുന്തിരി, പാഷന്‍ ഫ്രൂട്ട്, കരിമഞ്ഞള്‍, വിവിധ ഇനം മരച്ചീനികള്‍ എന്നിവ ഇടകലര്‍ത്തി വളര്‍ത്തുന്നു.
കൃഷി വകുപ്പ് അസി. ഡയറക്ടര്‍ കെ.എസ്. പ്രദീപിന്‍റെ നിർദേശം അനുസരിച്ച് കൃത്യമായ അകലത്തില്‍ ശാസ്ത്രീയത പാലിച്ച് വളര്‍ത്തുന്ന വാഴകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. തെങ്ങും വാഴയും നടുന്നത് ഒഴിച്ച് കൂലിക്ക് ആളിനെ വിളിക്കാതെ സ്വന്തമായാണ് കൃഷിയും പരിപാലനവും. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷിഭവനില്‍ അപേക്ഷ നല്‍കിയെങ്കിലും ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അവിനാഷ് പറയുന്നു.
കഴിഞ്ഞ മഴയില്‍ 200 മൂട് മരച്ചീനിക്ക് ഭാഗികമായി നാശം സംഭവിച്ചിരുന്നു. തക്കാളി കൃഷിയിലും മുളകുകൃഷിയിലുമുള്ള കീടങ്ങളുടെ ആക്രമണം അല്‍പ്പം വിഷമമുണ്ടാക്കിയെന്ന് അവിനാഷ് പറയുന്നു. കോവിഡ് മാറി സ്‌കൂള്‍ തുറന്നാലും കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിക്ക് സഹായിയായി അവിനാഷിന്‍റെ ഭാര്യയും തുവയൂര്‍ സൗത്ത് ഡബ്ല്യു.എല്‍.പി സ്‌കൂളിലെ അധ്യാപികയുമായ സിമിയും മക്കളായ അദ്വൈതും അനിരുദ്ധും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.