ആയിരം രൂപയിൽ തുടങ്ങി, ഇപ്പോൾ മാസം രണ്ട് ലക്ഷം വരുമാനം; കൂൺ കൃഷിയിൽ ഒരു ബിഹാറി വിജയഗാഥ
text_fields15 വയസ്സുള്ളപ്പോഴാണ് പ്രതിഭ ഝായുടെ പിതാവ് അർബുദബാധിതനായി മരിക്കുന്നത്. ബിഹാർ കാർഷിക വകുപ്പിലായിരുന്നു പിതാവ് ജോലി ചെയ്തിരുന്നത്. അസുഖബാധിതയായി അമ്മയും കിടപ്പായതോടെ, 2000ൽ തന്‍റെ 16ാം വയസ്സിൽ പത്താംക്ലാസ് പാസ്സായ ഉടനെ പ്രതിഭയെ വിവാഹം ചെയ്തയച്ചു. ദർഭാംഗ ജില്ലയിലെ മിർസാപൂർ ആയിരുന്നു ഭർത്താവിന്‍റെ നാട്. വീട്ടുജോലികൾ തീർക്കുക മാത്രമായിരുന്നു അവിടെ പ്രതിഭക്ക് ചെയ്യാനുണ്ടായിരുന്നത്.
സർക്കാർ ജോലിക്കാരനായ പ്രതിഭയുടെ ഭർത്താവിന് ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെ ഇവർ അങ്ങോട്ടേക്ക് മാറി. ഭർത്താവിന്‍റെ മാതാപിതാക്കൾക്ക് സുഖമില്ലാതായതോടെ 2016ൽ പ്രതിഭ മിർസാപൂരിലേക്ക് തന്നെ തിരികെ വന്നു. വീട്ടുജോലികൾ കഴിഞ്ഞുള്ള സമയം എന്തുചെയ്യും എന്ന് ആലോചിക്കുന്ന നേരത്താണ് പത്രത്തിൽ വന്ന ഒരു വാർത്ത പ്രതിഭയുടെ ശ്രദ്ധയിൽപെട്ടത്. കൂൺ കൃഷിയിലേർപ്പെട്ട ഒരാളെ കുറിച്ചായിരുന്നു അത്. അവളുടെ ജില്ലയിൽ കൂൺ കൃഷി കേട്ടുകേൾവി ഉണ്ടായിരുന്നില്ല. അപൂർവമായ ഒന്നായിരുന്നു അവിടെ കൂൺ.
പത്രവാർത്തയിൽ താൽപര്യമുണ്ടായതോടെ കൂൺകൃഷിയെ കുറിച്ച് കൂടുതലറിയാൻ പ്രതിഭ ശ്രമിച്ചു. കൂൺ കൃഷിയിലുള്ള അവളുടെ താൽപര്യം കേട്ടവരൊക്കെ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ, വീട്ടുജോലികൾക്കപ്പുറം എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് പ്രതിഭ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഇക്കാര്യത്തിൽ ഭർത്താവ് പ്രതിഭയെ പിന്തുണച്ചു.
കൃഷി വകുപ്പിലൂടെ ബിഹാർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുമായി പ്രതിഭ ബന്ധപ്പെട്ടു. തുടർന്ന് അവർ കൂൺ കൃഷിയിൽ പ്രതിഭക്ക് പരിശീലനം നൽകി. 2016ലായിരുന്നു ഇത്. അടിസ്ഥാന പാഠങ്ങൾ അറിഞ്ഞതോടെ രണ്ടും കൽപ്പിച്ച് ഇറങ്ങാൻ പ്രതിഭ തീരുമാനിച്ചു. അഞ്ച് കിലോ കൂൺവിത്തുകളും വളർത്താൻ ആവശ്യമായ വൈക്കോലും പോളിബാഗുകളും വാങ്ങി. ഇതിനെല്ലാം കൂടി ചെലവാക്കിയത് 1000 രൂപ. പാൽക്കൂൺ ആയിരുന്നു ആദ്യമായി കൃഷിചെയ്തത്.
പോളിബാഗിലായിരുന്നു ആദ്യത്തെ കൃഷി. എന്നാൽ, തുടക്കക്കാരിയായതിനാൽ പ്രതിഭക്ക് ചെറിയ അബദ്ധങ്ങളും സംഭവിച്ചു. ഒരു ബാഗിൽ നിന്ന് ശരാശരി 10 കിലോയെങ്കിലും കൂൺ ലഭിക്കേണ്ട സ്ഥാനത്ത് ആറ് കിലോ മാത്രമാണ് പ്രതിഭക്ക് ലഭിച്ചത്. ആകെ ലഭിച്ച 30 കിലോ കൂൺ പ്രതിഭ ഗ്രാമത്തിൽ തന്നെ വിറ്റു. 2500 രൂപയാണ് ഇതിന് ലഭിച്ചത്.
ആദ്യ കൃഷിയിൽ 1500 രൂപ ലാഭം ലഭിച്ചത് പ്രതിഭക്ക് പ്രോത്സാഹനമായി. കൂൺ കൃഷിയെ കുറിച്ച് കൂടുതൽ പഠിച്ചു. പരിശീലന പരിപാടികളിൽ പങ്കെടുത്തു. മൂന്ന് തരം കൂണുകളാണ് രണ്ടാമതായി വളർത്തിയത്. ഒയിസ്റ്റർ, പാൽക്കൂൺ, ബട്ടൺ കൂൺ എന്നിവ. ഇതിൽ നിന്ന് മികച്ച ഫലം ലഭിച്ചു. മറ്റുള്ളവരെ കൂൺകൃഷി പഠിപ്പിക്കാനും തുടങ്ങി. കൂണിനൊപ്പം കൂൺവിത്തുകളും വിറ്റു.
സർക്കാർ പരിപാടികളിലും കാർഷിക സർവകലാശാല പരിപാടികളിലും സ്റ്റാളുകൾ തുടങ്ങി പ്രതിഭ കൂൺ കൃഷിക്ക് പരമാവധി പ്രചാരം നേടി. കൂണിന്‍റെ മൂല്യവർധിത ഉൽപ്പന്നങ്ങളായി അച്ചാറുകൾ, പലഹാരങ്ങൾ, കൂൺ ഉണക്കിയത്, കൂൺ പൗഡർ എന്നിവയും വിൽപ്പനക്കെത്തിച്ചു. പതുക്കെ പതുക്കെ പ്രതിഭയുടെ കൃഷിയും വിപണനവും വൻ വിജയത്തിലേക്കെത്തി. നിലവിൽ പ്രതിമാസം രണ്ട് ലക്ഷം രൂപ വരുമാനം ലഭിക്കുന്ന ലാഭകരമായ ബിസിനസ്സായി പ്രതിഭയുടെ കൂൺ കൃഷി മാറി.
മൂന്ന് തരം കൂണുകൾ വളർത്തുന്നതിനാൽ വർഷം മുഴുവനും കൂൺ ഉൽപ്പാദിപ്പിക്കാൻ പ്രതിഭക്ക് സാധിക്കുന്നു. ഒയിസ്റ്റർ കൂണും പാൽക്കൂണും കിലോക്ക് 150 രൂപക്കാണ് വിൽപന. ബട്ടൺ കൂണിന് കിലോക്ക് 200 രൂപയും. പ്രതിഭയുടെ കൃഷിയിടത്തിൽ പ്രതിദിനം 25 കിലോഗ്രാം ഒയിസ്റ്റർ കൂണും 25 കിലോഗ്രാം പാൽക്കൂണും 35 കിലോഗ്രാം ബട്ടൺ കൂണുമാണ് അതത് സീസണുകളിൽ വിളവെടുക്കുന്നത്. ദർഭാംഗ ജില്ലയിൽ തന്നെയാണ് പ്രതിഭ കൂൺ വിപണി കണ്ടെത്തിയതും. വിറ്റുപോകാത്തവയുണ്ടെങ്കിൽ അച്ചാർ, പപ്പടം പോലെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കും. അതിനാൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന കൂണുകൾ വിറ്റുപോവാതെ നഷ്ടംവരുന്ന സാഹചര്യമില്ല. കൂൺ പൗഡർ 1000 രൂപക്കും അച്ചാർ 600 രൂപക്കുമാണ് വിൽക്കുന്നത്.
പ്രതിഭയുടെ കീഴിൽ പരിശീലനം നേടിയ നിരവധി ഗ്രാമീണ വനിതകൾ ഇപ്പോൾ കൂൺകൃഷിയിലൂടെ ഉപജീവന മാർഗം കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ മുതൽമുടക്ക് മാത്രം മതി എന്നതിനാൽ കൂൺ കൃഷി എത്ര കുറഞ്ഞ വരുമാനക്കാർക്കും അനുയോജ്യമാണെന്ന് പ്രതിഭ പറയുന്നു.
എങ്ങനെ നിങ്ങൾക്കും കൂൺ കൃഷി ചെയ്യാം
മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നല്‍കുന്ന കൃഷിയാണ് കൂണ്‍ കൃഷി. ചുരുങ്ങിയ മുതല്‍മുടക്കില്‍ കൂണ്‍ കൃഷി ചെയ്യാവുന്നതാണ്. ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍, വൈക്കോല്‍ കൂണ്‍ എന്നിവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്ന കൂണ്‍ ഇനങ്ങള്‍.
കൂണ്‍ തടമൊരുക്കല്‍:
കൂണ്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന പ്രതലത്തെ കൂണ്‍ ബെഡ് എന്നാണ് പറയുന്നത്. വൈക്കോലാണ് കൂണ്‍ ബെഡിലെ പ്രധാന വസ്തു.
ബെഡിനായി തിരഞ്ഞെടുക്കുന്ന വൈക്കോല്‍ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കുന്ന വൈക്കോല്‍ 5-8 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത് വെള്ളത്തില്‍ കുതിര്‍ക്കുന്നു. കുതിര്‍ത്ത വൈക്കോല്‍ ഏകദേശം 12-14 മണിക്കൂറിനുശേഷം വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് വെള്ളം വാര്‍ന്നുപോകുന്നതിനായി വെക്കുക. വെള്ളം വാര്‍ന്ന വൈക്കോല്‍ 100 ഡിഗ്രീ സെൽഷ്യസ് ചൂടില്‍ ആവിയില്‍ ഒരു മണിക്കൂര്‍ പുഴുങ്ങിയെടുക്കുന്നു. അണുനശീകരണം ഉറപ്പാക്കുന്നതിനായാണ് ഇത്. ഇനി ഈര്‍പ്പം കുറയ്ക്കുന്നതിനായി ഇളം വെയിലില്‍ വാട്ടിയെടുക്കുക. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന വൈക്കോലാണ് ബെഡുണ്ടാക്കുന്നതിനായി ഉപയോഗിക്കേണ്ടത്.
കൃഷി രീതി:
നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കൂടാണ് കൂണ്‍ കൃഷിക്ക് അനുയോജ്യം. സുതാര്യമായ പ്ലാസ്റ്റിക് കൂടാണെങ്കില്‍ കൂടിനുള്ളില്‍ കൂണിന്റെ വളര്‍ച്ച കാണാനും സാധിക്കും.
തിളപ്പിച്ച് ഉണക്കി അണുരഹിതമാക്കി സൂക്ഷിച്ചിരിക്കുന്ന വൈക്കോല്‍ ചെറുചുരുളുകളാക്കി കൂടിന്റെ അടിഭാഗത്തു വയ്ക്കുക. അതിനു മുകളില്‍ വശങ്ങളില്‍ മാത്രമായി കൂണ്‍ വിത്ത് വിതറുക. ഇതിനു മുകളില്‍ രണ്ടാമത്തെ ചുരുള്‍ വൈക്കോല്‍ വെക്കുക. ഈ ചുരുളിന് വശങ്ങളിലും കൂണ്‍ വിത്ത് വിതറാം. ഇപ്രകാരം നാലോ അഞ്ചോ തട്ടുകളായി വൈക്കോല്‍ ചുരുളും കൂണ്‍ വിത്തും വിതറി വെക്കുക. ഇത്തരത്തില്‍ കവറിന്റെ മുകളറ്റം വരെ വൈക്കോല്‍ ചുരുളും കൂണ്‍ വിത്തും ഇട്ടശേഷം കവറിന്റെ മുകള്‍ഭാഗം ചരടുപയോഗിച്ചു നന്നായി കെട്ടിമുറുക്കുക.
കൂടിന്റെ എല്ലാ വശങ്ങളിലും സൂചി ഉപയോഗിച്ച് ചെറു സുഷിരങ്ങളിടുക. ഇങ്ങനെ വൈക്കോല്‍ തട്ടുകളായി നിറച്ച്, വശങ്ങളില്‍ വിത്ത് പാകി, മുറുക്കി കെട്ടി സുഷിരങ്ങളുമിട്ട കെട്ടിനെയാണ് കൂണ്‍ ബെഡ് അഥവാ കൂണ്‍ തടം എന്ന് പറയുന്നത്.
ഇനി തയാറാക്കിയ കൂണ്‍ ബെഡുകള്‍ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളില്‍ തമ്മില്‍ തൊടാത്ത അകലത്തില്‍ വെക്കുക. 10 ദിവസം കഴിയുമ്പോള്‍ കൂണ്‍ തന്തുക്കള്‍ വളരുന്നത് കാണാനാവും. ഏകദേശം 12 ദിവസമാകുമ്പോള്‍ സുഷിരങ്ങളിലൂടെ കൂണ്‍ പുറത്തേക്കു വളര്‍ന്നു തുടങ്ങും. ഈ പരുവമാകുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ താഴേക്ക് കീറി കൂണ്‍ ബെഡ് പുറത്തെടുക്കാവുന്നതാണ്.
രാവിലെയും വൈകിട്ടും വെള്ളം തളിച്ച് കൊടുക്കണം. സ്‌പ്രേയര്‍ ഉപയോഗിക്കുന്നതും ഉത്തമമാണ്. കൃത്യമായി വെള്ളം തളിച്ച് കൊടുത്താല്‍ 2-3 ദിവസത്തിനകം കൂണ്‍ വിളവെടുക്കാന്‍ പാകമാകും. ഇങ്ങനെ മൂന്നു പ്രാവശ്യം വരെ ഒരേ ബെഡില്‍ നിന്നും കൂണ്‍ വിളവെടുക്കാനാവും.
കീടനിയന്ത്രണം:
കൂണ്‍ കൃഷിയെ ബാധിക്കുന്ന കീടങ്ങള്‍ കൂടുതലും പച്ചിലകളില്‍ കാണപ്പെടുന്നതിനാല്‍ കൂണ്‍ ബെഡുകള്‍ക്കരികിലായി പച്ചിലക്കാടുകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. കീടബാധ ഒഴിവാക്കുന്നതിന് കൂണ്‍പുര ഫോര്‍മാലിന്‍-പൊട്ടാസിയം പെര്‍മാംഗനേറ്റ് ഉപയോഗിച്ച് പുകയ്ക്കുന്നത് (ഫ്യൂമിഗേറ്റ്) നല്ലതാണ്. കഴിവതും കൂണ്‍ ബെഡുകള്‍ ഒരുക്കുന്നതിന് തലേദിവസം മുറി ഫ്യൂമിഗേറ്റ് ചെയ്യുക. കൂണ്‍ വളര്‍ന്നതിന് ശേഷം കീടങ്ങളെ കാണുകയാണെങ്കില്‍ വെളുത്തുള്ളി ചതച്ച മിശ്രിതം തളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.