മണ്ണറിഞ്ഞ് മനസ്സുനിറഞ്ഞ്
text_fieldsഹായ്, ബിൻസീസ് ഫാമിലേക്ക് എല്ലാവർക്കും സ്വാഗതം. സോഷ്യൽമീഡിയയിലെ ഫോളോവേഴ്സിനെ സ്വാഗതം ചെയ്ത് ബിൻസി ജെയിംസ് എത്തുമ്പോൾ ‘ഇന്ന് എന്താണ് പരിചയപ്പെടുത്താൻ പോകുന്നതെന്ന’ ആകാംക്ഷയായിരിക്കും എല്ലാവർക്കും. ചിലപ്പോൾ വിത്ത് വീണ് മുളച്ചുവന്ന ഒരു കാരറ്റ് ആയിരിക്കും, അല്ലെങ്കിൽ തക്കാളി, വാഴ, പച്ചമുളക്... പട്ടിക നീളും. മറ്റു ചിലപ്പോൾ സ്വന്തം കൃഷിത്തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്ന കാബേജും കോളിഫ്ലവറും തക്കാളിയും പയറും പച്ചമുളകും വഴുതനയും. അല്ലെങ്കിൽ ഇതുവരെ കേട്ടും കണ്ടും പരിചയമില്ലാത്ത ഏതെങ്കിലും പച്ചക്കറിയോ ഇലവർഗമോ ആയിരിക്കും. ബിൻസീസ് ഫാമിന്റെ പ്രത്യേകതയും അതുതന്നെയാണ്. പലതരം പച്ചക്കറികൾ ഇവിടെ വിളഞ്ഞു നിൽപ്പുണ്ടാകും. കാർഷിക സംസ്കാരം വിളിച്ചോതുന്ന ഇടുക്കിയുടെ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകയാണ് ബിൻസി ജെയിംസ്. കേരള സർക്കാറിന്റെ കർഷക തിലകം പുരസ്കാരം നേടിയ വീട്ടമ്മ.
അടുക്കള കൃഷിയിൽനിന്ന്
മറ്റുള്ളവർക്ക് എന്നും പ്രചോദനം നൽകുന്ന ഒന്നാണ് കൃഷി. 18 വർഷത്തിലധികമായി ചെറിയ രീതിയിൽ അടുക്കള കൃഷി ചെയ്യുന്നുണ്ട്. വർഷങ്ങളായി ചെയ്യുന്ന ഈ കൃഷി വലിയ സംഭവമായൊന്നും അഞ്ചെട്ടുവർഷം മുമ്പ് തോന്നിയിരുന്നില്ല. കുമളിയിൽ ഒമ്പത് സെന്റ് പുരയിടത്തിലായിരുന്നു അന്ന് താമസം. ഏലത്തോട്ടത്തിൽ കൂലിപ്പണിയായിരുന്നു എനിക്കും ഭർത്താവ് ജെയിംസിനും. മക്കൾ ചെറിയ ക്ലാസുകളിൽ പഠിക്കുന്നു. പുറത്തുനിന്നുള്ളവർ വീട്ടിൽ വരുമ്പോൾ ഈ അടുക്കള കൃഷിയെക്കുറിച്ച് സംസാരിക്കും. അടുക്കളത്തോട്ടത്തിൽ കൃഷിചെയ്യാൻ സാധിക്കുന്ന മിക്ക പച്ചക്കറികളും അന്ന് നട്ട് പരിപാലിച്ചിരുന്നു. അവർ അത്ഭുതത്തോടെയാണ് ഇതിനെ കണ്ടിരുന്നത്. റോഡിനോട് ചേർന്നല്ലായിരുന്നു അന്ന് താമസം. അതിനാൽ വീട്ടിൽ വരുന്നവർ മാത്രമാണ് കൃഷി ശ്രദ്ധിച്ചിരുന്നത്. എല്ലാവരും കൃഷിയെക്കുറിച്ച് അറിയണം, കാണണം എന്നെല്ലാം ആഗ്രഹമുണ്ടായിരുന്നു.
സോഷ്യൽമീഡിയയിലേക്ക്
ഇന്റർനെറ്റും ഫേസ്ബുക്കും വാട്സ്ആപ്പുമൊന്നും ഇല്ലാത്ത ഒരു സാദാ ഫോണാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെക്കുറിച്ച് കേട്ടറിവ് മാത്രവും. കൃഷിയുടെ ചിത്രങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ സമൂഹമാധ്യമങ്ങളിൽ ഒരു അക്കൗണ്ട് തുറക്കാൻ തീരുമാനിച്ചു. അങ്ങനെ സമീപത്തെ ഒരു ഇന്റർനെറ്റ് കഫേയിൽ ചെന്ന് അവരുടെ സഹായത്തോടെ ഫേസ്ബുക്ക് ഐഡി തുടങ്ങി. അന്ന് സ്ത്രീകൾ അധികം സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരുന്നില്ല. എങ്കിലും കൃഷിയുടെ ഫോട്ടോകൾ ഇടക്ക് പങ്കുവെച്ചു. പിന്നീട് സുഹൃത്ത് നൽകിയ പഴയ സ്മാർട്ട് ഫോണിലൂടെ ആദ്യമായി ഫോണിൽനിന്ന് ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിച്ചു തുടങ്ങി.
ബിൻസി ജെയിംസ് എന്ന പേരിൽതന്നെ പിന്നീട് ഐഡി തുടങ്ങി വിഡിയോകൾ പോസ്റ്റ് ചെയ്തു. കൃഷിയുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചതോടെ കൃഷിയെ സ്നേഹിക്കുന്ന ധാരാളം സുഹൃത്തുക്കളെ കിട്ടി. കാർഷിക ഗ്രൂപ്പുകളിൽ അംഗമായി. ഇതോടെ, പുതിയൊരു സ്മാർട്ട് ഫോൺ വാങ്ങി. സമൂഹമാധ്യമങ്ങളിൽനിന്ന് നല്ല പിന്തുണ കിട്ടിയതോടെ വിത്തുകൾക്ക് ആവശ്യക്കാർ വന്നു. ആദ്യം സൗജന്യമായാണ് വിത്തുകൾ നൽകിയത്. പിന്നീട് പലരും വില നൽകി വിത്തുകൾ വാങ്ങാൻ തുടങ്ങി. ഒരു പാക്കറ്റിന് 10 രൂപയാണ് വില. ഇതോടെ ഒരുപാട് ആവശ്യക്കാർ വന്നു. ഇതിൽനിന്നുതന്നെ ചെറിയൊരു വരുമാനവും ലഭിച്ചു.
സ്വന്തംസ്ഥലത്ത് കൃഷിചെയ്യണം
വിത്ത് വിൽപനയിലൂടെ ചെറിയ വരുമാനം ലഭിച്ചുതുടങ്ങി. ഇതോടെ കൂലിപ്പണിക്ക് പോകാൻ സാധിക്കാതെയായി. ചേട്ടായിക്കും പണികൾ കുറഞ്ഞു. അപ്പോഴാണ് മുഴുവൻ സമയം കൃഷിയിലേക്ക് തിരിഞ്ഞാലെന്താണെന്ന ചിന്ത വന്നത്. മൂലധനമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് താമസിക്കുന്ന ഒമ്പതുസെന്റ് സ്ഥലവും വീടും പണയത്തിന് കൊടുത്തു. കുമളിയിൽ ആദ്യമായി ഒരു സ്ഥലം പാട്ടത്തിനെടുത്തു. അടുക്കളകൃഷി ചെയ്തുള്ള പരിചയംവെച്ച് അവിടെ കൃഷിതുടങ്ങി. അവിടെതന്നെ താൽക്കാലിക ഷെഡ് കെട്ടിയായിരുന്നു താമസവും. പ്രളയസമയത്ത് ധാരാളം നഷ്ടം വന്നിരുന്നു. വിളകൾക്ക് വില ലഭിക്കാതെയായി. ജൈവകൃഷിയെ എല്ലാവരും പ്രോത്സാഹിപ്പിക്കുമെങ്കിലും വിപണിയിൽ വിലയില്ലായിരുന്നു.
എറണാകുളം കാക്കനാട് സ്കൂൾ ഗ്രൗണ്ടിൽ എല്ലാ ആഴ്ചയിലും നടക്കുന്ന നാട്ടുചന്ത നാട്ടുനന്മയിൽ പച്ചക്കറികൾ എത്തിക്കാൻ തുടങ്ങി. ഇതോടെ പച്ചക്കറികൾക്ക് ആവശ്യക്കാരേറി. അവിടത്തെ പരിചയക്കാർ വഴിയായിരുന്നു വിൽപന. പച്ചക്കറിക്ക് അവിടെ നല്ല മാർക്കറ്റ് ലഭിച്ചതോടെ കൂടുതൽ പേർ കൃഷിസ്ഥലം കാണാൻ വന്നു. വിദേശത്തുനിന്നടക്കം ധാരാളം പേർ ബിൻസീസ് ഫാമിലേക്ക് എത്താറുണ്ട്. ആ സമയത്തും സാമ്പത്തികമായി വലിയ മെച്ചം എന്നിട്ടും ഉണ്ടായിരുന്നില്ല. വലിയ പാട്ടത്തുക നൽകേണ്ടിവന്നു. മൂന്നരവർഷത്തോളം അവിടെ കൃഷിചെയ്തു. അവർ സ്ഥലം വിറ്റപ്പോൾ മറ്റു സ്ഥലങ്ങൾ തേടി. ഇടുക്കിയെന്നാൽ ഏലത്തിന്റെ നാടാണല്ലോ, അതിനാൽ പച്ചക്കറി കൃഷിക്കായി പാട്ടത്തിന് സ്ഥലം കിട്ടാൻ വലിയ പ്രയാസമായിരുന്നു. ഒരുപാട് സ്ഥലങ്ങൾ അന്വേഷിച്ചെങ്കിലും വലിയ വില നൽകേണ്ടിവരും. പാട്ടത്തിനും കൃഷിക്കുമായി ഒരുപാട് തുക മുടക്കി. കൂടാതെ, മറ്റു പ്രശ്നങ്ങളും വന്നുതുടങ്ങി. അതോടെ, ഇനി കൃഷി ചെയ്യുന്നെങ്കിൽ സ്വന്തം സ്ഥലം മേടിച്ച് കൃഷി ചെയ്യണമെന്ന് ഞങ്ങൾ വിചാരിച്ചു. എങ്ങനെ ഒരു സ്ഥലം മേടിക്കുമെന്ന യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. സാമ്പത്തികംതന്നെയായിരുന്നു പ്രധാന പ്രശ്നം. വിദേശത്തുള്ള ഒരുപാട് കാലമായുള്ള ഒരു സുഹൃത്തുമായി ഇക്കാര്യം സംസാരിച്ചു. അവർ ധൈര്യമായി സ്ഥലം വാങ്ങാനും പണത്തെക്കുറിച്ച് ആലോചിച്ച് പേടിക്കണ്ട എന്നും പറഞ്ഞു. അതോടെ ബാങ്കിൽ ജപ്തിയാകാൻ പോകുന്ന ഒരു വീടും രണ്ടരയേക്കർ സ്ഥലവും മേടിച്ചു. പ്രധാന ടൗണിൽനിന്നും കുറച്ച് അകലെ തോപ്രാംകുടി ഈട്ടിത്തോപ്പ് തേക്കുംകാനം എന്ന സ്ഥലത്താണിത്. സ്വന്തം സ്ഥലത്ത് ആദ്യമായി വിത്ത് നട്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. ജനുവരി -ഫെബ്രുവരിയിൽ ഇവിടെ വിളവെടുപ്പ് തുടങ്ങാനാകും.
ജൈവകൃഷിയാണ് പ്രധാനം
വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ ഹൈബ്രിഡ് ഇനങ്ങളാണ് ഉപയോഗിക്കുക. ഫാഷനുവേണ്ടിയോ കാണാൻ ഭംഗിക്കുവേണ്ടിയോ അല്ലല്ലോ കൃഷി ചെയ്യുന്നത്. എനിക്കും കുടുംബത്തിനും ഉപജീവനമാർഗമാണ് കൃഷി. നാടൻ വിറ്റഴിക്കാൻ പ്രയാസമായിരിക്കും. വിളവിലും വ്യത്യാസമുണ്ടാകും. ജൈവകൃഷിയാണ് ചെയ്യുന്നത്.
കാബേജ്, തക്കാളി, ബീൻസ്, കോളി ഫ്ലവർ, ബ്രോക്കോളി, ചൈനീസ് കാബേജ്, മല്ലി, കെയ്ൽ, സുക്കിനി, കുക്കുംബർ... തുടങ്ങിയവയാണ് ഇപ്പോൾ തോട്ടത്തിലുള്ളത്. തോട്ടം കാണാൻ വരുന്നവർക്ക് എല്ലാ പച്ചക്കറിയും വാങ്ങി പോകാൻ കഴിയണം എന്നതാണ് ആഗ്രഹം. സ്ട്രോബെറിയും മറ്റും സീസൺ അനുസരിച്ച് കൃഷി ചെയ്യും. ഇടുക്കിയിലെ കാലാവസ്ഥ ഒരുവിധം എല്ലാ പച്ചക്കറി കൃഷിക്കും അനുകൂലമാണ്. അതുകൊണ്ടുതന്നെ ജൈവകൃഷിയിലൂടെതന്നെ നല്ല വിളവ് ലഭ്യമാകുകയും ചെയ്യും.
വെള്ളം അധികം പാഴാക്കാതെ ചെയ്യുന്ന മൾച്ചിങ് കൃഷിരീതിയാണ് ബിൻസീസ് ഫാമിൽ അധികവും. നിലമൊരുക്കി മൾച്ചിങ് ഷീറ്റ് വിരിച്ച് നിശ്ചിത അകലം ക്രമീകരിച്ച് വിത്തിടുകയാണ് ചെയ്യുക. ശേഷം ഓരോ ചെടിക്കും ആവശ്യത്തിന് വെള്ളമെത്തിക്കുന്ന തുള്ളിനന സൗകര്യവും ഒരുക്കും.
കൃഷിയിലെ നേട്ടങ്ങൾ
2019ൽ ലഭിച്ച സംസ്ഥാന സർക്കാറിന്റെ കർഷക തിലകം അവാർഡ് ബിൻസിയെ തേടിയെത്തി. കൂടാതെ, വിദേശ രാജ്യങ്ങളിൽനിന്നടക്കം 50ഓളം അംഗീകാരങ്ങൾ ബിൻസി ഏറ്റുവാങ്ങി. സമൂഹമാധ്യമങ്ങളിലെ കുഞ്ഞുകഥകളിലൂടെ പ്രായഭേദമെന്യേ എല്ലാവരുടെയും ഇഷ്ടം നേടിയവരാണ് ബിൻസിയും കുടുംബവും. ലക്ഷകണക്കിന് ഫോളോവേഴ്സുള്ള ബിൻസീസ് ഫാം പേജ് കൃഷിയെ ഇഷ്ടപ്പെടുന്നവർക്ക് അറിവുകൾ കൂടി പകർന്നുനൽകുന്നതാണ്. കൃഷി അറിവുകൾ പങ്കുവെക്കുന്നതിനായി കോളജുകളിൽ ഉൾപ്പെടെ ക്ലാസെടുക്കാനും പോകാറുണ്ട് ബിൻസി. മാത്രമല്ല, വിത്ത് വിൽപനയും മറ്റു കാർഷിക ഉൽപന്നങ്ങളുടെയും ഉപോൽപന്നങ്ങളുടെയും വിൽപനയിലൂടെ മികച്ച സംരംഭകകൂടിയാണ്. ജെയിംസ് ഫ്രാൻസിസാണ് ഭർത്താവ്. ബിൻസിക്കൊപ്പം ഫാമിലെ കൃഷി ജോലികളെല്ലാം നോക്കി നടത്തുന്നത് ജെയിംസാണ്. മൂന്ന് മക്കളും ഫാമിന് പ്രോത്സാഹനമായി രംഗത്തുണ്ട്. മകൾ ജിനുമോൾ ബി.എസ്.സി നഴ്സിങ്ങിന് ശേഷം ജോലിചെയ്യുകയാണ്. ജഫിൻ ഓട്ടോമൊബൈൽ കഴിഞ്ഞു. ഇപ്പോൾ കാർഷിക ഫാമുകൾ സെറ്റ് ചെയ്ത് നൽകിവരുന്നു. ഇളയമകൻ ജറിൻ ഓട്ടോമൊബൈൽ വിദ്യാർഥിയാണ്.
വിദേശികൾക്ക് പ്രിയം കെയ്ൽ ചീര
വിദേശികൾ അവരുടെ ഭക്ഷണങ്ങളിൽ സുലഭമായി ഉപയോഗിക്കുന്ന ഒരു ഇലവർഗമാണ് കെയ്ൽ ചീര. ബിൻസീസ് ഫാമിലെത്തിയ വിദേശികളാണ് കെയ്ൽ ചീരയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിൻസിക്ക് പകർന്നു നൽകിയത്. ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും കെയ്ൽ ചീര കൃഷിയോ അതിന്റെ ചെടിയോ വിദേശികൾക്ക് അത്ര പരിചയമില്ല. അതുകൊണ്ടുതന്നെ ഫാമിലെത്തുന്ന വിദേശികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന വിളയാണ് കെയ്ൽ.
നഴ്സറികളിൽനിന്ന് തൈകൾ ശേഖരിച്ചോ വിത്തുമുളപ്പിച്ചോ കെയ്ൽ നടാം. കുമ്മായം, ചാണകപ്പൊടി, ചകിരിച്ചോറ് തുടങ്ങിയവയിട്ട് മണ്ണൊരുക്കിയെടുക്കും. ശേഷം ഒരു ചെറിയ ചട്ടിയിൽ ഈ മണ്ണ് നിറച്ച് കെയ്ൽ വിത്ത് പാകി നനച്ചുകൊടുക്കും. ദിവസങ്ങൾക്കുള്ളിൽതന്നെ കെയ്ൽ ചീരക്ക് മുള വന്നു തുടങ്ങും. ഇലകൾ വന്ന ശേഷം പ്രധാന കൃഷി സ്ഥലത്തേക്ക് മാറ്റി നടാം. സാധാരണ ചീര വിളവെടുക്കുന്നതുപോലെയല്ല ഇതിന്റെ വിളവെടുപ്പ്. മുകളിൽനിന്ന് ഒടിച്ചെടുക്കാൻ പാടില്ല. അടിഭാഗത്തുനിന്ന് ഇലഭാഗം അടർത്തിയെടുക്കുകയാണ് ചെയ്യുക. ഒന്നരവർഷത്തോളം ഇങ്ങനെ വിളവെടുക്കാൻ കഴിയും. തോരൻ വെക്കാനും ജ്യൂസാക്കി കഴിക്കാനും സലാഡ് ആയും കെയ്ൽ ചീര ഉപയോഗിക്കും. വിദേശത്ത് ഈ ഇലകൾ ഉണക്കിപൊടിച്ച് പാലിനൊപ്പം ചേർത്താണ് കഴിക്കുക. ചീരകളിൽ ഏറ്റവും ഗുണമേന്മയുള്ള ഇനമാണെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.