കാർഷികമേഖലയിൽ മികവിെൻറ പുരസ്കാരവുമായി ദമ്പതികൾ
text_fieldsകായംകുളം: പ്രവാസ ജീവിതത്തിന് വിടചൊല്ലി കാർഷികവൃത്തിയിലേക്ക് തിരിഞ്ഞ ദമ്പതികൾ പുരസ്കാരങ്ങളുമായി നാടിന് അഭിമാനമാകുന്നു. എരുവ ചെമ്പകപ്പള്ളിൽ സാദിഖും ഭാര്യ ഷീബയുമാണ് കന്നുകാലി പരിപാലനത്തിലൂടെ നേട്ടങ്ങളുടെ നെറുകയിലേക്ക് കയറുന്നത്.
ജില്ലയിലെ വനിതവിഭാഗം ക്ഷീര സഹകാരി പുരസ്കാരം നേടിയാണ് ഇത്തവണ ഷീബ തിളങ്ങിയത്. കഴിഞ്ഞതവണ സമ്മിശ്ര കർഷകനുള്ള അവാർഡ് സാദിഖും നേടിയിരുന്നു. കാൽനൂറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തിയ ഇരുവരും പശുവളർത്തലിലേക്കാണ് തിരിഞ്ഞത്. 25 പശുവാണ് ഇവരുടെ ഫാമിലുള്ളത്. ദിവസവും 400 ലിറ്ററോളം പാൽ ഉൽപാദിപ്പിക്കുന്നു. ഇതിൽ 100 ലിറ്ററോളം പ്രാദേശിക വിപണിയിൽ നൽകും.
ബാക്കി പാൽ ചേരാവള്ളി ക്ഷീര സംഘത്തിനാണ് നൽകുന്നത്. 10 ജഴ്സി, 10 എച്ച്.എഫ്, മൂന്ന് സ്വിസ് ബ്രൗൺ, രണ്ട് സുനന്ദിനി പശുക്കളാണ് ഇവിടെ വളരുന്നത്. കൃഷ്ണഗിരിയിൽനിന്നുംമറ്റും പശുക്കളെ എത്തിച്ച് വിൽപനയും നടത്താറുണ്ട്. ഇവ കൂടാതെ 20 കിടാരിയെയും 46 ആടിനെയും വളർത്തുന്നു.
പ്രവാസം മതിയാക്കാൻ തീരുമാനിച്ചത് മുതൽ വീട്ടുവളപ്പിൽ ഒരുക്കുന്ന വിശാലമായ ഫാമിനെക്കുറിച്ച ചിന്തകളാണ് ഇവരുടെ മനസ്സുകളിൽ നിറഞ്ഞത്. കുഞ്ഞുനാൾ മുതലുള്ള താൽപര്യമാണ് ഇതിന് പ്രേരണയായെതന്ന് ഇരുവരും പറയുന്നു. ചെമ്പകപ്പള്ളിൽ വീട്ടിലെ രണ്ട് ഏക്കർ കുറഞ്ഞ നാളിനുള്ളിൽ മികച്ചൊരു കൃഷിയിടമാക്കിയായിരുന്നു തുടക്കം.
പച്ചപ്പ് നിറഞ്ഞ പുരയിടത്തിൽ ആദ്യം ആടുകളെയാണ് വളർത്തിയത്. മുന്നൂറ്റമ്പതോളം ഇറച്ചി ആടുകളെ വളർത്തി വിറ്റു. തുടർന്ന് പശുവും ആടും കോഴിയും താറാവും മുയലുകളും ഒക്കെയായി വിശാലഫാമായി വികസിച്ചു. പശുക്കളുടെ എണ്ണം വർധിച്ചതോടെ കോഴികളെയും താറാവിനെയും ഒഴിവാക്കി. ഫാമിനോട് ചേർന്നുള്ള വിശാല കുളത്തിൽ മത്സ്യകൃഷിയുണ്ട്. വീട്ടുവളപ്പിൽ വാഴ, മരച്ചീനി എന്നിവയും പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്.
ബിരുദ പഠനത്തിനുശേഷം 24 ാം വയസ്സിലാണ് സാദിഖ് ജിദ്ദയിൽ പ്രവാസജീവിതം തുടങ്ങുന്നത്. 25 വർഷം കമ്പനി ജീവനക്കാരനായി ജോലി ചെയ്തു. ഭാര്യ ഷീബ 10 വർഷത്തോളം അധ്യാപികയായും ജിദ്ദയിൽ സേവനമനുഷ്ഠിച്ചു. കാർഷികവൃത്തിയോട് ഇരുവർക്കും ഒരുപോലെ തോന്നിയ കമ്പമാണ് മൂന്നുവർഷം മുമ്പ് പ്രവാസം മതിയാക്കാൻ കാരണം.
എൻജിനീയറിങ് വിദ്യാർഥിയായ മകൻ ബിലാലും ബി.ഡി.എസ് വിദ്യാർഥിനിയായ ആമിനയും വീട്ടിലുള്ളപ്പോൾ ഇവരെ സഹായിക്കാൻ കൂടാറുണ്ട്. കൊല്ലം ടൗൺ ഹാളിൽ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീനിൽനിന്ന് ഷീബ പുരസ്കാരം ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.