പക്ഷാഘാതത്തെ തോൽപിച്ചു; റഷീദിന്റെ കഠിനാധ്വാനത്തിന് അംഗീകാരം
text_fieldsവൈത്തിരി: മലബാർ മേഖല ക്ഷീര കർഷക സഹകാരി അവാർഡ് നേടിയ വയനാട് സ്വദേശി കെ. റഷീദ് കാർഷിക സംരംഭത്തിൽ ഇറങ്ങിത്തിരിക്കുന്നവർക്ക് ഉത്തമ മാതൃക.
പക്ഷാഘാതം പിടിപെട്ടു അനങ്ങാൻ പോലും കഴിയാതെ ഒരുവർഷം കിടപ്പിലായ റഷീദ് ഉയിർത്തെഴുന്നേറ്റാണ് അവാർഡുകൾ കരസ്ഥമാക്കിയത്.
ഫാറൂഖ് കോളജ് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 12 വർഷമായി കൽപറ്റ ഗവ. കോളജിനടുത്ത ചുണ്ടപ്പാടിയിലെ ഫാമിൽ സജീവമാണ്. 15 ഏക്കർ വരുന്ന ഫാമിൽ പശുവളർത്തൽ മാത്രമല്ല, വിപുലമായ മത്സ്യ വളർത്തുകേന്ദ്രവും ജൈവ പച്ചക്കറി തോട്ടവുമുണ്ട്.
കാർഷിക മേഖലയിൽ ആദ്യമായല്ല റഷീദിനെ തേടി അവാർഡ് എത്തുന്നത്. 2016ൽ ക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ്, 2017ൽ ജൈവ കർഷക ജില്ല അവാർഡ്, ക്ഷീര കർഷക ജില്ല അവാർഡ്, 2020ൽ മികച്ച മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി.
18 വർഷത്തിലധികം പ്രവാസ ജീവിതം നയിച്ചു. 2018ൽ പക്ഷാഘാതം പിടിപെട്ടു ശരീരം തളർന്നു. ഒരു വർഷത്തോളം അനങ്ങാൻപോലും വയ്യാതെ കിടപ്പിലായി.
വിദഗ്ധചികിത്സക്ക് ശേഷം ഫാമിലെത്തിയ റഷീദ് അഞ്ചു ജീവനക്കാരോടൊപ്പം കാർഷിക രംഗത്തു സജീവമായി.
ഫാമിൽ വിവിധയിനങ്ങളിൽ പെട്ട 75 പശുക്കളുണ്ട് റഷീദിന്. ദിവസം ശരാശരി 850ലിറ്റർ പാൽ ലഭിക്കും. തരിയോട് ക്ഷീര സംഘത്തിലാണ് വിൽക്കുന്നത്.
ചാണകം ഉണക്കി പുറത്തു വിൽക്കും. രണ്ടേക്കറിലാണ് മത്സ്യകൃഷി. ജൈവ പച്ചക്കറിയും കൃഷി ചെയ്യുന്നു. തൈര്, നെയ്യ് എന്നിവയും ഉണ്ടാക്കി വിൽക്കാറുണ്ടായിരുന്നു. അസുഖം വന്നതിനു ശേഷം പാൽ വിൽപന മാത്രമായി.
ചെറുപ്പത്തിൽ വീട്ടിൽ പശുക്കളുണ്ടായത് റഷീദിന് പ്രചോദനമായി. സ്കൂളിൽ പോകുമ്പോൾ പാൽ പാത്രവുമായാണ് പോകാറ്. ഭാര്യ സലീന. മക്കളായ മുഹമ്മദ് സാദും, മുഹമ്മദ് സയാനും, അലി ഹംദാനും രാമനാട്ടുകരയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.