റബർ ഔട്ട്; പഴം, പച്ചക്കറി കൃഷി ഇൻ...
text_fieldsറബർ വെട്ടിമാറ്റി സാജൻ ആരംഭിച്ച പഴം- പച്ചക്കറി കൃഷി സമ്പൂർണ വിജയം. റബറിനെക്കാൾ ആദായകരമെന്നു കണ്ടാണ് റബർ മൊത്ത വ്യാപാരി അടൂർ ഏഴംകുളം സാജൻ വില്ലയിൽ സാജൻ വീടിനോട് ചേർന്ന 45 സെൻറിൽ റബർ വെട്ടിമാറ്റി ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടെ മറ്റു കൃഷികൾ ചെയ്തത്. ഇതിൽ 15 സെൻറിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുണ്ട്. ബാക്കിയുള്ള സ്ഥലത്ത് റമ്പൂട്ടാൻ, പാഷൻ ഫ്രൂട്ട ്, പച്ചക്കറി, വാഴ കൃഷിയുമുണ്ട്. തിരുവനന്തപുരത്ത് സുഹൃത്തിെൻറ വീട്ടിൽ നിന്നാണ് ഡ്രാഗൺ ഫ്രൂട്ട് എത്തിച്ചത്.
പുറംതോട് ചുവന്ന ഇനത്തിൽപ്പെട്ട 30 എണ്ണമാണ് വച്ച് പിടിപ്പിച്ചത്. രണ്ട് വർഷമായപ്പോഴേക്കും ഇവയിൽ കായ്ഫലമായി. കോൺക്രീറ്റ് തൂണ് കുഴിച്ചിട്ട് അഞ്ചടി ഉയരത്തിൽ മുകളിൽ ടയർവെച്ചു കെട്ടി അതിലാണ് ഡ്രാഗൺ ഫ്രൂട്ട് പടർത്തിയത്. 400 മുതൽ 450 ഗ്രാം വരെ പഴം ലഭിക്കും. പഴങ്ങൾ വിൽപന നടത്താറില്ല വീട്ടിലേക്കുള്ള ആവശ്യം കഴിഞ്ഞാൽ സുഹുത്തുക്കൾക്കും അയൽവാസികൾക്കും നൽകും.
മൊട്ട് വന്നാൽ 25 ദിവസത്തിനകം പൂവാകും. തുടർന്ന് 25-30 ദിവസത്തിനുമിടയിൽ പഴമാകും. ഏപ്രിൽമുതൽ ആഗസ്റ്റ് വരെയുള്ള സമയത്താണ് ഇവ പൂത്ത് ഫലമാകുന്നത്. 20 സെൻറിമീറ്റർ നീളമുള്ള കാണ്ഡഭാഗങ്ങൾ മുളപ്പിച്ചാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. കോൺ ക്രീറ്റ് തൂണുകൾക്ക് ചുവട്ടിൽ ചുറ്റുമായി മൂന്നു തൈകൾ വരെ പിടിപ്പിച്ചിട്ടുണ്ട്.
തൂണിന് മുകളിൽ വൃത്താകൃതിയിലുള്ള ഫ്രയിം ഉറപ്പിച്ചിട്ടുണ്ട്. ചെടി വളർന്ന് താഴേക്ക് പടരാനാണ് ഇത്. കുഴികൾ തമ്മിൽ ഏഴടി അകലവും വരികൾ തമ്മിൽ ഒമ്പതടി അകലവും ഉണ്ട്. ജൈവവളമാണ് ഉപയോഗിക്കുന്നത്. ഏകദേശം എട്ടു മുതൽ 10 കിലോഗ്രാം വരെ കായ്കൾ ഒരു ചെടിയിൽ നിന്നു ലഭിക്കുമെന്ന് സാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.