ടെറസിൽ വിളഞ്ഞ് ഡ്രാഗൺ ഫ്രൂട്ട്; പുതുപരീക്ഷണങ്ങളുമായി ശുക്കൂർ
text_fieldsഎടവനക്കാട്: കൃഷിയിൽ പുതുമ തേടുന്നയാളാണ് എടവനക്കാട് കൊല്ലിയിൽ വീട്ടിൽ അബ്ദുൽ ശുക്കൂർ. 20 വർഷം മുമ്പ് ടെറസിൽ നെല്‍കൃഷി വിളവെടുത്തതും ഞൊടിയൻ ഇനത്തിൽപെട്ട തേനീച്ചകൃഷി വിജയിപ്പിച്ചതും അങ്ങനെ തന്നെ. ഇപ്പോൾ ടെറസിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയും ഹിറ്റാക്കിയിരിക്കുകയാണ് അദ്ദേഹം. കർഷക കുടുംബത്തിലെ അംഗമായ അബ്ദുൽ ശുക്കൂറിന്‍റെ കൃഷി പുരയിടം മുതൽ ഐസ് പ്ലാന്റ് സ്ഥിതി ചെയ്യുന്ന പറമ്പ്, പുതുതായി തുടങ്ങിയ ചിക്കൻ കടയുടെ ടെറസ് എന്നിവിടം വരെ നീളുന്നതാണ്.
വാഴ, പീച്ചിൽ, കോവൽ, പപ്പായ, ചീര, വെണ്ട, പച്ചമുളക്, ജാതിക്ക എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇവിടെ വിളവെടുക്കുന്ന പച്ചക്കറികൾ വീട്ടാവശ്യത്തിനെടുത്ത ശേഷം വിൽപന നടത്തും. വീടിന്റെ മുക്കിലും മൂലയിലും ഇന്‍ഡോർ പ്ലാന്റുകളുമുണ്ട്. മരുഭൂ പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇദ്ദേഹം ടെറസിൽ നട്ടുപിടിപ്പിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. കോഴിക്കോട് മുക്കത്തുള്ള ഡ്രാഗണ്‍ ഫ്രൂട്ട് കര്‍ഷകനെ സന്ദർശിച്ച് കൃഷിരീതികള്‍ മനസ്സിലാക്കിയായിരുന്നു തുടക്കം.
100 രൂപ വില വരുന്ന ഒരടി നീളമുള്ള തൈകള്‍ എടവനക്കാട് ജുമാമസ്ജിദിന് സമീപത്തെ വീടിന് മുന്‍വശത്തുള്ള കടമുറികളുടെ മുകളില്‍ 20 ഡ്രമുകളിലായി നട്ടുപിടിപ്പിച്ചു. പി.വി.സി പൈപ്പില്‍ കയര്‍ ചവിട്ടി പൊതിഞ്ഞ്, മുകളില്‍ മോട്ടോര്‍ ബൈക്കിന്റെ ടയറുമായി ബന്ധിപ്പിച്ച് പ്ലാസ്റ്റിക് കയറിന്റെ വല ഉപയോഗിച്ചാണ് കൃഷിയിടം ഒരുക്കിയത്. സ്വന്തമായി തയാറാക്കിയ ജൈവവളമാണ് പ്രയോഗിച്ചത്. കോഴിവളമാണ് അതില്‍ പ്രധാനം. യുട്യൂബ് വിഡിയോകളും ഉപയോഗപ്പെടുത്തി.
സാധാരണ നിലയില്‍ ഡ്രാഗൺ ഫ്രൂട്ട് വിളയാന്‍ ഒന്നര വര്‍ഷമെങ്കിലുമെടുക്കും. എന്നാൽ, ഇവിടെ ആറു മാസംകൊണ്ട് വിളവെടുക്കാനായി എന്നത് മറ്റ് കര്‍ഷകരിലും അമ്പരപ്പുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. എടവനക്കാട് കൃഷി ഭവനില്‍നിന്ന് നിരവധി അംഗീകാരം ലഭിച്ചിട്ടുണ്ട്. 20 വര്‍ഷം മുമ്പ് കാബേജും കോളിഫ്ലവറും കരനെല്‍ കൃഷിയും ചെയ്തു വിജയിപ്പിച്ചിരുന്നു. പുതുതായി ഏതെങ്കിലും കൃഷി രീതിയെക്കുറിച്ചറിഞ്ഞാല്‍ അത് പരീക്ഷിച്ച് വിജയിപ്പിച്ചെടുക്കുന്നതുവരെ അദ്ദേഹത്തിന് വിശ്രമമുണ്ടാകില്ലെന്ന് നാട്ടുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.