തരിശ് നിലം പഴങ്കഥ; 25 ടൺ നെല്ല് സംഭരിച്ച് കർഷകർ
text_fieldsആറ്റിങ്ങൽ: മീമ്പാട്ട് പാടശേഖരത്തിൽ നിന്ന് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ഉള്ള കൃഷിയിൽ 25 ടൺ നെല്ല് സംഭരിച്ച് കർഷകർ മാതൃക സൃഷ്ടിച്ചു. 'സുഭിക്ഷകേരളം' പദ്ധതിയുടെ ഭാഗമായി നഗരസഭയും പാടശേഖര സമിതിയും സംയുക്തമായി മീമ്പാട്ട് ഏലായിൽ ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പിലാണ് ഇത്രയും നെല്ല് സംഭരിക്കാൻ സാധിച്ചത്. പതിറ്റാണ്ടുകളായി തരിശ് കിടന്ന അഞ്ചര ഹെക്ടർ വയലിൽ 2017 ൽ നഗരസഭയുടെ സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യമായി നെൽകൃഷി ആരംഭിച്ചത്. ഇതിനായി പ്രദേശത്തെ കർഷകരെ കണ്ടെത്തി പാടശേഖരസമിതിയും രൂപവത്കരിച്ചു. തുടർന്നുള്ള എല്ലാ വർഷവും ഇവിടെ കൃഷി വളരുകയാണ്.
ഓരോ കൃഷിയിലും മികച്ച വിളവെടുക്കാൻ സാധിച്ചു. ഇത്തവണ കൂടുതൽ ഭൂമി ഏറ്റെടുത്ത് തരിശ് ഇല്ലാത്ത ഏല ആക്കി കൃഷി ഇറക്കുകയായിരുന്നു. 'ഉമ' ഇനത്തിൽപെട്ട അത്യുൽപാദന ശേഷിയുള്ള വിത്താണ് കൃഷിക്ക് വേണ്ടി വിതച്ചത്. തുടർച്ചയായ 120 ദിവസത്തെ പരിപാലനത്തിന് ശേഷം കഴിഞ്ഞ ദിവസം അത്യാധുനിക യന്ത്രസംവിധാനം ഉപയോഗിച്ച് വിജയകരമായി വിളവെടുത്തു.
കൃഷിക്ക് വേണ്ടി സർക്കാർ നിർദേശിച്ച എല്ലാവിധ ധനസഹായവും കർഷകർക്ക് ലഭ്യമാക്കാനുള്ള നടപടിയും പൂർത്തിയാക്കി. ഈ വർഷം പട്ടണത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മീമ്പാട്ട് ഏലായിലെ കൃഷി ഒഴികെ മറ്റിടങ്ങളിലെ കൃഷിക്ക് എല്ലാം തന്നെ മുഴുവനായും ഭാഗികമായും വെള്ളം കയറി വൻ നാശം സംഭവിച്ചിരുന്നു. വിളവെടുത്ത നെല്ല് ഒരു കിലോക്ക് 28 രൂപ നിരക്കിൽ സപ്ലൈേകായ്ക്ക് കൈമാറും.
കൂടാതെ നെല്ല് തരംതിരിച്ച ശേഷം ലഭിക്കുന്ന വയ്ക്കോൽ പ്രദേശത്തെ ക്ഷീരകർഷകർക്ക് നൽകുമെന്നും മുതിർന്ന കർഷകനും നഗരസഭാ വൈസ് ചെയർമാനുമായ ജി. തുളസീധരൻ പിള്ള അറിയിച്ചു. കൗൺസിലർ സംഗീതറാണി, പാടശേഖരസമിതി അംഗങ്ങളായ ഗിരീജൻ, നാരായണ പിള്ള, ബാലൻപിള്ള, പ്രഭാകരൻ, രാമചന്ദ്രൻ നായർ, ശ്രീരംഗൻ, ശ്രീകുമാർ, രഘുനാഥൻ, മുരുകൻ, ശശിധരൻ നായർ തുടങ്ങിയവരാണ് കൊയ്ത്തിന് നേതൃത്വം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.