വിഷം തൊടാത്ത പച്ചക്കറികളുമായി 12 വർഷം; 'നവനീത'ത്തിലെ കൃഷിഗാഥ
text_fieldsഇതരസംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നു വരുന്ന വിഷലിപ്തമായ പച്ചക്കറികൾ നന്നല്ല എന്ന തിരിച്ചറിവാണ് കേന്ദ്ര സർക്കാർ ഗസറ്റഡ് ഓഫിസർ ആയ ഹരിസുതന് കൃഷി ചെയ്യാൻ പ്രചോദനമായത്. തൻ്റെ കുടുംബാംഗങ്ങൾക്ക് വിഷരഹിത പച്ചക്കറികളും പഴങ്ങളും നൽകുക എന്ന ഉദ്ദേശ്യത്തിലാണ് വീടിൻ്റെ മട്ടുപ്പാവിലും പറമ്പിലും വയലിലും അദ്ദേഹം കൃഷി ചെയ്യുന്നത്. സ്വന്തമായി കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികളാണ് 12 വർഷമായി തൻ്റെ വീട്ടിൽ ഉപയോഗിക്കുന്നതെന്ന് ഹരിസുതൻ പറയുന്നു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ഏനാത്ത് കൈതമുക്ക് നാടുകുന്നിൽ കിഴക്കേതിൽ മാധവൻ ഉണ്ണിത്താൻ്റെ മകൻ 'നവനീത'ത്തിൽ എം. ഹരിസുതൻ തിരുവനന്തപുരത്ത് പോസ്റ്റ് മാസ്റ്റർ ജനറലി (പി.എം.ജി) ൻ്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഇദ്ദേഹം കൃഷി പരിപാലനം നടത്തുന്നത്. കുളക്കട ഡബ്ല്യു.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായ ഭാര്യ സി.സി. ബിന്ദുവും മകൻ കോട്ടയം ബസേലിയോസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥി ധനുഷുമാണ് കൃഷിയിൽ ഇദ്ദേഹത്തെ സഹായിക്കുന്നത്.
വീട്ടിലെ 20 സെൻ്റ് സ്ഥലത്ത് അമ്പഴങ്ങ, ലെമൺ വൈൻ, വള്ളിചീര, ചീരചേമ്പ്, കസ്തൂരി മഞ്ഞൾ, മാങ്ങഇഞ്ചി, ചായമൻസ, മാതള നാരങ്ങ, സ്വീറ്റ് ലൈം, വാളരിപയർ, മധുരകരിമ്പ്, മുന്തിരി, മാങ്കോസ്റ്റിൻ, ആപ്പിൾചാമ്പ, ടെറസിൽ കൊച്ചുള്ളി, സ്ട്രോബറി, വെളുത്തുള്ളി, കാരറ്റ്, പുതിന, ആറുമാസ കപ്പ, മൂന്നു തരം കോവക്ക, ഡ്രാഗൺ ഫ്രൂട്ട്, വിവിധ തരം പ്ലാവുകൾ (തൃശൂർ സ്പെഷ്യൽ ഓൾസീസൺ പ്ലാവുകൾ), ബെയർ ആപ്പിൾ, കുരുമുളക്, കാപ്പി, ആത്തക്ക, ഒരേക്കർ വയലിൽ നോർത്ത് ഇന്ത്യൻ മത്തങ്ങ, പച്ചമുളക്, ചുവന്നചീര, ചോളം, വള്ളികിഴങ്ങ്. ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക (ചീവകിഴങ്ങ്), കപ്പ, കുറ്റി വാളരി, ആറുമാസ മുരിങ്ങ, വാഴ കൃഷിയിടത്തിൽ എത്തൻ, പൂവൻ, പടത്തി വാഴ, ചെങ്കദളി, ഞാലി പൂവൻ, റോബസ്റ്റ, എന്നിവയുമുണ്ട്. മൺകലത്തിലും തേക്കിൻപെട്ടിയിലും ചേറുതേനും വലിയ പെട്ടികളിൽ വൻതേൻ വളർത്തലുമുണ്ട്.
നാടൻ കോഴികളും മത്സ്യക്കുളത്തിൽ തിലോപ്പിയയും വളർത്തുന്നു. വാഴപ്പിണ്ടി, പച്ചക്കറി മാലിന്യം, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, കടലപിണ്ണാക്ക്, എല്ലുപൊടി, ജൈവകീടനാശിനി എന്നിവ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഏഴംകുളം കൃഷിഭവനിൽ നിന്ന് ആവശ്യമായ സഹായങ്ങളും മാർഗനിർദ്ദേശങ്ങളും ലഭിക്കാറുണ്ടെന്നും കൃഷി അസിസ്റ്റൻ്റ് ടി. അനീഷയുടെ പ്രചോദനത്തിലാണ് പുതിയ കൃഷികൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യുന്നതെന്നും ഇത് മിക്കപ്പോഴും വിജയമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.