പൊൻകതിർ വിളയിച്ച നാലുപതിറ്റാണ്ടുകൾ
text_fieldsചവറ: മണ്ണിനെ സ്നേഹിച്ചാൽ പൊന്നുവിളയുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചയാളാണ് ചവറ കൊട്ടുകാട് മുകുന്ദപുരം മുക്കടയില്‍ കിഴക്കതില്‍ ഇബ്രാഹിം കുട്ടി. കൃഷിതന്നെ ജീവിതവഴി എന്ന തീരുമാനമെടുത്ത് മണ്ണിൽ പൊൻകതിർ വിളയിക്കാൻ തുടങ്ങിയ കാലം മുതൽ ഇതുവരെ എത്തുമ്പോൾ നാലു പതിറ്റാണ്ടിലേക്ക് കടക്കുന്നു ഇബ്രാഹിംകുട്ടിയുടെ കൃഷിവിജയഗാഥ.
പ്രായം തളർത്താതെ ഈ 66ാം വയസ്സിലും നെൽകൃഷിയിൽ നൂറുമേനി കൊയ്ത് നാടിന്റെ സ്വന്തം പാരമ്പര്യ കർഷകനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം. ഇത്തവണയും പാട്ടത്തിനെടുത്ത രണ്ടേക്കര്‍ സ്ഥലത്ത് ഉമ നെല്ലിനം വിതച്ച് വിജയം കൊയ്ത് ചിരിക്കുകയാണ് ഇബ്രാഹിംകുട്ടി.
സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ കാർഷിക മേഖലയോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന ഇബ്രാഹിം കുട്ടി നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പച്ചക്കറി കൃഷിയിൽ ആദ്യ പരീക്ഷണം നടത്തിയത്.
കടകളിൽനിന്നും വാങ്ങുന്ന പച്ചക്കറികളുടെ വിത്ത് പാകി വളർത്തിയത് വീട്ടുകാരുടെ പ്രശംസക്കിടയായതോടെ പച്ചക്കറി കൃഷിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. പിന്നീട് യൗവനത്തിൽ 1984 മുതലാണ് വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. സ്വന്തമായുള്ള ഒരേക്കർ സ്ഥലം കൂടാതെ, രണ്ടേക്കർ സ്ഥലം കൂടി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തുവരുന്നത്.
കാർഷിക മേഖലയെ പ്രധാന ജീവിത ഉപാധിയാക്കിയ ഇബ്രാഹിംകുട്ടി മികച്ച ഒരു ക്ഷീരകർഷകൻ കൂടിയാണ്. ഒരേസമയംതന്നെ പത്തോളം കറവപ്പശുക്കളെ വരെ പരിപാലിച്ചിട്ടുണ്ട്. നിലവിൽ അഞ്ചു കറവ പശുക്കളാണ് ഇദ്ദേഹത്തിനുള്ളത്.
കൃഷിക്ക് ആവശ്യമായ ചാണകം ഉൾപ്പെടെ അടിസ്ഥാന വളങ്ങൾ കണ്ടെത്തുന്നത് ക്ഷീരോൽപാദക മേഖലയിൽനിന്നാണ്. ദിവസവും രാവിലെയും വൈകീട്ടും മൂന്നു മണിക്കൂർ പാടത്ത് ജോലി ചെയ്യുന്ന ഇദ്ദേഹം സ്വന്തം കുടുംബത്തെപ്പോലെ കൃഷിയെ കാണുന്നതിന് തെളിവാണ് പാട്ടത്തിനെടുത്ത വയലിൽ വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകൾ.
വയലൊരുക്കുന്നത് ഇങ്ങനെ
ആവശ്യത്തിനുള്ള കുമ്മായം വിതറി ഒരാഴ്ച കഴിഞ്ഞ് പാകത്തി ജൈവവളം ചേർത്ത് വയല്‍ പൂട്ടി പരുവപ്പെടുത്തും. തുടര്‍ന്ന് കലപ്പ വെച്ച് ഉഴുത് വിത്ത് വിതറും. 110 ദിവസംകൊണ്ട് വിളവെടുക്കാന്‍ പറ്റുന്ന ഉമ വിത്താണ് ഇബ്രാഹിം കുട്ടി ഉപയോഗിക്കുന്നത്. വിളവെടുക്കുന്ന നെല്ല് പുഴുങ്ങിക്കുത്തി ആവശ്യക്കാര്‍ക്ക് കൊടുക്കും.
ഭാര്യ ജമീല, മക്കളായ ഹര്‍ഷ, ഹസ്ന എന്നിവരും ഇദ്ദേഹത്തെ സഹായിക്കാന്‍ പാടത്തുണ്ട്. ചവറ പാടശേഖര സമിതി സെക്രട്ടറി കൂടിയായ അദ്ദേഹം ഇടക്ക് എള്ള് കൃഷിയും നടത്തി വിജയം നേടിയിട്ടുണ്ട്. തനിക്ക് ജീവിതശൈലീ രോഗങ്ങൾ ഇല്ലാത്തത് കൃഷി മനസ്സിൽ കൊണ്ടുനടക്കുന്നതുകൊണ്ടാണെന്നാണ് ഇബ്രാഹിംകുട്ടിയുടെ അഭിപ്രായം.
പ്രോത്സാഹനവുമായി കൃഷി ഓഫിസറും ഉദ്യോഗസ്ഥരും
ചവറ കൃഷി ഓഫിസർ പ്രീജാ ബാലൻ, അസി. കൃഷി ഓഫിസർ എ.ആര്. സൗമ്യ എന്നിവർ കൃഷി സ്ഥലം സന്ദര്‍ശിച്ച് വേണ്ടതായ നിര്‍ദേശങ്ങളും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കര്‍ഷക സംഘത്തിന്റെ അവാര്‍ഡുള്‍പ്പെടെ നിരവധി പ്രോത്സാഹനങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
കൃഷി ഓഫിസിലെ മറ്റു ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഈ കർഷകന്റെ കൃഷിസ്നേഹത്തിന് പിന്തുണ നൽകുമ്പോൾ പുതുതലമുറക്ക് മാതൃകയായി പ്രായം തളർത്താത്ത മനസ്സുമായി വീണ്ടും വയലുകളെ ഹരിതാഭമാക്കാൻ ഇബ്രാഹിം കുട്ടി പാടത്ത് വിയർപ്പൊഴുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.