25 ലിറ്റർ വരെ പാൽ, തൂക്കം 400 കിലോ; സങ്കരൻ 'ഫ്രീസ്വാൾ'തന്നെ താരം
text_fieldsതൃശൂർ: 'ഫ്രീസ്വാൾ' വിദേശിയുമല്ല, നാടനുമല്ല, സങ്കരയിനം പശുവാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിെൻറ സ്വന്തം ജനുസ്സ്. തൂക്കം കുറഞ്ഞത് 400 കിലോ. പാലുൽപാദനത്തിൽ അതികേമൻ. ഈ പശുക്കൾ ഇപ്പോൾ മണ്ണൂത്തി വെറ്ററിനറി സർവകലാശാലക്ക് കീഴിലെ ലൈവ്സ്റ്റോക്ക് ഫാമിൽ ചരിത്രം സൃഷ്ടിക്കുകയാണ്. ഇവിടത്തെ പശുക്കളുടെ പാലുൽപാദനം പ്രതിദിനം 1250 ലിറ്റർ എത്തുകയും 2021 സാമ്പത്തിക വർഷത്തെ വരുമാനം രണ്ട് കോടി കടന്നുവെന്ന ഇരട്ട നേട്ടത്തിെൻറ പിന്നിലെ പ്രധാനിയാണ് ഫ്രീസ്വാൾ ഇനം.
ഫാമിൽ ഫ്രീസ്വാൾ ഇനത്തിൽപെട്ട 300ഓളം പശുക്കളും കിടാരികളും കുട്ടികളുമാണുള്ളത്. ഇതിൽ പാൽചുരത്തുന്ന 100 ഫ്രീസ്വാൾ എന്ന സങ്കരയിനം പശുക്കളുണ്ട്. 305 ദിവസത്തെ കറവക്കാലത്ത് ഇവ ശരാശരി 12 ലിറ്റർ പാൽ തരുന്നു. പരമാവധി 25 ലിറ്റർ തരുന്ന പശുക്കളേറെ. 400 കിലോയിലധികം തൂക്കംവരുന്ന ഇവ നാല് ശതമാനം കൊഴുപ്പുള്ള പാലാണ് നൽകുന്നതെന്നാണ് പ്രത്യേകത.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും ഇന്ത്യന്‍ മിലിറ്ററി കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളും സംയുക്തമായി 1985ല്‍ രൂപംകൊടുത്ത സങ്കര പ്രജനന പദ്ധതിയിലൂടെ ഉരുത്തിരിഞ്ഞ കന്നുകാലി ഇനമാണ് 'ഫ്രീസ്വാൾ'.
വേനല്‍ക്കാലത്തെ താപസമ്മര്‍ദത്തെ അതിജീവിക്കാനും ഉൽപാദനം നിലനിര്‍ത്താനും ഇവക്ക് പ്രത്യേക കഴിവുണ്ട്. ഉയര്‍ന്ന ഉല്പാദന -പ്രത്യുല്പാദനക്ഷമത, രോഗപ്രതിരോധ ശേഷി, തീറ്റ പരിവര്‍ത്തന ശേഷി, കാലാവസ്ഥയുമായി അതിവേഗം ഇണങ്ങിച്ചേരുന്ന സ്വഭാവം, കൈകാര്യം ചെയ്യാനുള്ള എളുപ്പം തുടങ്ങിയ സവിശേഷതകളെല്ലാം ഒത്തിണങ്ങിയ കന്നുകാലി ഇനമാണിത്. സാധാരണ 80 ശതമാനം പശുക്കളും മൂന്നു വയസ്സിനുള്ളില്‍ പ്രസവിക്കുകയും ചെയ്യുമെന്ന് മണ്ണൂത്തിയിലെ ലൈവ്സ്റ്റോക്ക് ഫാം തലവൻ ഡോ. കെ.എം. ശ്യാംമോഹൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വെറ്ററിനറി ഫാമിലെ നാല് ഏക്കർ സ്ഥലത്താണ് പശുക്കളെ സംരക്ഷിക്കുന്നത്. ഒമ്പത് തൊഴുത്തുകൾ ഇവിടെയുണ്ട്. ആധുനിക കറവ യന്ത്രം ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചുമാസത്തിനകം കൂടുതൽ അത്യന്താധുനിക കറവ യന്ത്ര സംവിധാനം ഇവിടെ സജ്ജീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പശുക്കളുടെ ശരീര ഊഷ്മാവ് ക്രമീകരിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന ആശ്വാസ് എന്ന സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഫ്രീസ് വാളിന് പുറമെ 'മുറ' ഇനത്തിൽപെട്ട 100ഓളം എരുമകളും ഉണ്ട്. തീറ്റപ്പുൽ കൃഷിക്കും കന്നുകാലികൾക്ക് വിഹരിക്കാനും 40 ഏക്കർ വീതമുണ്ട്. ഓരോ പശുവിെൻറയും തൂക്കവും അവസ്ഥയും കണക്കാക്കി ശാസ്ത്രീയമായി സർവകലാശാല തീറ്റക്രമം നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ച് കന്നുകാലികളെ പരിപാലിക്കാനായി 103 തൊഴിലാളികളും ഏഴ് ഫാം സൂപ്പർവൈസർമാരും സയൻറിഫിക് ജീവനക്കാരും ഫാമിെൻറ നേട്ടത്തിന് പിറകിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.