ഇടവിള കൃഷിയിൽ താരമായി ഇഞ്ചി വെള്ളരി
text_fieldsതൊടുപുഴ: ആവശ്യക്കാരേറിയതോടെ ഇടവിള കൃഷിയെന്ന നിലയിൽ ഇഞ്ചി വെള്ളരി വിപണിയിൽ താരമാകുന്നു. നാടന്‍ വിളകള്‍ പ്രോത്സാഹിപ്പിക്കുന്ന വെജിറ്റബിള്‍ ആൻഡ് ഫ്രൂട്സ് പ്രമോഷന് കൗണ്‍സിലിന്റെ (വി.എഫ്.പി.സി.കെ) പദ്ധതി പ്രകാരമാണ് ഇടുക്കിയിലെ ഉടുമ്പന്നൂര്‍, കോടിക്കുളം മേഖലകളില്‍ കര്‍ഷകര്‍ ഇഞ്ചി വെള്ളരി കൃഷി വ്യാപകമാക്കിയത്.
മഴക്കാലത്ത് ഇടവിളയായി ഇഞ്ചിത്തോട്ടങ്ങളില്‍ ചെയ്തിരുന്ന വിളയായതിനാലാണ് ഇഞ്ചി വെള്ളരിയെന്ന് അറിയപ്പെടുന്നത്. സാധാരണ സലാഡിന് ഉപയോഗിക്കുന്ന വെള്ളരിയേക്കാള്‍ രുചിയും വലുപ്പവും കൂടുതല്‍ ഇതിനുണ്ടെന്നതാണ് മേന്മ. മുള്ള് വെള്ളരിയെന്നും വിളിക്കാറുണ്ട്.
ഉടുമ്പന്നൂര്‍ പന്നൂര് സ്വദേശിയായ തടത്തില്‍ ജെറാള്‍ഡ് വര്‍ഷങ്ങളായി ഇഞ്ചി വെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഒരേക്കറിൽ മറ്റ് പച്ചക്കറികള്‍ക്ക് ഇടവിളയായാണ് ഇഞ്ചി വെള്ളരി കൃഷി. മഴക്കാലത്താണ് വിളവ് കൂടുതല്‍ ലഭിക്കുന്നത്. ശരാശരി 40ന് മുകളില്‍ വില ലഭിക്കാറുണ്ടെന്ന് ജെറാള്‍ഡ് പറയുന്നു. കഴിഞ്ഞ ദിവസം കിലോക്ക് 50 വരെ വില ലഭിച്ചു. വേനല്‍ക്കാലത്ത് 70 രൂപവരെ വില ലഭിക്കുമെങ്കിലും ഈ സമയം ഉൽപാദനം കുറവായിരിക്കും.
എങ്കിലും മറ്റു വിളകള്‍ക്കൊപ്പം അധികവരുമാനം എന്ന നിലക്കാണ് ഇത് കൃഷി ചെയ്യുന്നത്. വിപണിയില്‍ ഇതിന് ഏറെ ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഞ്ചി നടാനുള്ള തടങ്ങളില്തന്നെയാണ് ഇഞ്ചി വെള്ളരിയും കൃഷി ചെയ്യുന്നത്. വള്ളിയായി പടര്ന്നുകിടന്നാണ് വളരുന്നത്. ഇപ്പോള്‍ പൈനാപ്പിള്‍ തോട്ടങ്ങളിലും ഇഞ്ചി വെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഇടവിളയായി കൃഷി ചെയ്യുന്നതുമൂലം ഇതിനായി പ്രത്യേക സ്ഥലമോ കൃഷിപ്പണിയോ ആവശ്യമില്ല. മൂപ്പെത്തുന്നതിനുമുമ്പ് വിളവെടുക്കുന്നതാണ് ഉത്തമം. സാലഡ് വെള്ളരിയായി ഇതുപയോഗിക്കാം. മൂപ്പെത്തുന്നവ കറിക്കും ഉപയോഗിക്കാം. ഒരു വെള്ളരിക്ക് ശരാശരി 700 ഗ്രാം വരെ തൂക്കംവെക്കും.
കര്‍ഷകര്‍ക്ക് കിലോക്ക് 45-50 രൂപ ലേലത്തിലൂടെ ലഭിക്കുന്നുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരള തനത് വിളകളുടെ ഉല്പാദനം വര്‍ധിപ്പിക്കാൻ പങ്കാളിത്ത ഗവേഷണ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വിത്തും സഹായവും നല്‍കിയാണ് വിള തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി ചെറിയതോതില്‍ സാമ്പത്തിക സഹായവും ചെയ്തുവരുന്നുണ്ട്. ഒമ്പതുമാസത്തോളം സൂക്ഷിച്ചുവെക്കുന്ന വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കേണ്ടത്.
അതിനാല്‍ തലേ വര്‍ഷം ഉൽപാദിപ്പിക്കുന്ന ഇഞ്ചി വെള്ളരിയുടെ വിത്താണ് അടുത്ത കൃഷിക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് പഞ്ചായത്തുകളിൽനിന്ന് രണ്ട് ടൺ ഇഞ്ചി വെള്ളരി ഇടുക്കിയിലും കോട്ടയം, എറണാകുളം ജില്ലകളിലുമായും വിറ്റഴിച്ചിട്ടുണ്ടെന്ന് വി.എഫ്.പി.സി.കെ മാർക്കറ്റിങ് മാനേജർ ജോമോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.