ഒരു ബി.എഡുകാരന്‍റെ ആടുജീവിതം
text_fieldsതന്‍റെ സ്റ്റാറ്റസും സമ്പാദ്യവും സമൃദ്ധിയുമെല്ലാം ആടുവളര്‍ത്തലാണെന്ന് പറയും ഈ 27കാരൻ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പാലക്കയം സ്വദേശിയും ബി.എഡ്. രണ്ടാംവര്‍ഷ വിദ്യാർഥിയുമായ ആന്‍റണി തോമസാണ് ആടുവളർത്തലിലൂടെ നേട്ടം കൊയ്യുന്നത്. ആട് വളർത്തൽ സാധ്യതകള്‍ മനസ്സിലാക്കി അഞ്ചുവർഷം മുമ്പ് ബിരുദപഠനകാലത്തിന്‍റെ തുടക്കത്തില്‍ ഈ രംഗത്തേക്ക് കടന്നുവന്നതാണ് ഈ യുവാവ്. വീടിനോട് ചേര്‍ന്നുള്ള 'ആന്‍റണ്‍സ് ഗോട്ട് ഫാം' എന്ന സംരംഭത്തില്‍ ചെറുതും വലുതുമായ ഇരുപതോളം ആടുകളുണ്ട്.
പരിപാലനം
ആടുവളര്‍ത്തലിലെ പിഴവില്ലാത്ത പരിപാലനമുറകളാണ് ആന്‍റണ്‍സ് ഫാമിന്‍റെ സവിശേഷത. ഏതൊരു ആടുവളര്‍ത്തല്‍ സംരംഭത്തിന്‍റെയും വളര്‍ച്ചയുടെയും വിജയത്തിന്‍റെയും അടിത്തറ മികച്ചയിനം പെണ്ണാടുകളും ആണാടുകളും അടങ്ങുന്ന പേരന്‍റ് സ്റ്റോക്ക് ആണെന്ന് ആന്‍റണിക്കറിയാം. മലബാറി, ജമുനാപാരി, ബീറ്റല്‍ തുടങ്ങിയ മികച്ചയിനം പെണ്ണാടുകളുടെയും ആണാടുകളുടെയും മാതൃ-പിതൃ ശേഖരം ഇവിടെയുണ്ട്. പെണ്ണാടുകള്‍ ആറ്-എട്ട് മാസം പ്രായമെത്തുമ്പോഴേക്കും പ്രജനനശേഷി കൈവരിക്കുമെങ്കിലും 11 മാസമെങ്കിലും പ്രായമെത്താതെ ഇണചേരാന്‍ അനുവദിക്കാറില്ല. ഇളംപ്രായത്തിലുള്ള ആടുകളെ ഇണചേര്‍ത്താല്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെക്കാള്‍ മികവേറിയ കൂടുതല്‍ എണ്ണം കുഞ്ഞുങ്ങൾ മതിയായ വളര്‍ച്ചയെത്തിയ ശേഷം പെണ്ണാടുകളെ ഇണചേര്‍ത്താല്‍ ഉണ്ടാവുമെന്നാണ് ആന്‍റണിയുടെ അനുഭവപാഠം. ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകളില്‍ പ്രധാനി എണ്ണക്കറുപ്പിന്‍റെ ഏഴഴകും കുതിരക്കുഞ്ഞിന്‍റെ കരുത്തുമായി ജനുസ്സിന്‍റെ ഗുണഗണങ്ങൾ ഒത്തിണങ്ങിയ ബീറ്റല്‍ ആടാണ്. ബീറ്റല്‍ മുട്ടനാടിനെ മലബാറി ജനുസ് പെണ്ണാടുകളുമായി ക്രോസ് ബ്രീഡിങ് നടത്തുന്ന കുഞ്ഞുങ്ങള്‍ തൂക്കത്തിലും വളര്‍ച്ചയിലും ഒരുപടി മുന്നിലായിരിക്കും.
തീറ്റയിലും ശ്രദ്ധവേണം
ആടിന് തീറ്റനല്‍കുന്ന കാര്യത്തിലും ആന്‍റണ്‍സ് ഫാമില്‍ ചിട്ടവട്ടങ്ങളുണ്ട് . തീറ്റപ്പുല്ലും മഹാഗണി, പ്ലാവില, പീലിവാക തുടങ്ങിയവയുമാണ് തീറ്റയില്‍ പ്രധാനം. മുതിര്‍ന്ന ഒരാടിന് ദിവസം നാലുമുതല്‍ അഞ്ച് കിലോ വരെ പച്ചപ്പുല്ല്, പച്ചില തീറ്റ വേണ്ടിവരും. ഒപ്പം വേവിച്ച ഗോതമ്പ്, ചോളപ്പൊടി, തേങ്ങപ്പിണ്ണാക്ക്, ഗോതമ്പ് തവിട് എന്നിവ ചേര്‍ത്ത് ദിവസം രണ്ടുനേരം ആടുകളുടെ ശരീരതൂക്കത്തിനനുസരിച്ച് തരാതരം പോലെ തീറ്റ നല്‍കും. ഈ തീറ്റമിശ്രിതം ധാതുമിശ്രിതവും ലിവര്‍ടോണിക്കുകളും പ്രോബയോട്ടിക്കുകളും ചേര്‍ന്ന് സമീകൃതമാക്കാനും ആന്‍റണി മറക്കാറില്ല. ഇതിനു പുറമേ വൈകുന്നേരങ്ങളില്‍ രണ്ടു മണിക്കൂര്‍ പുറത്ത് അഴിച്ചുവിട്ട് മേഞ്ഞ് നടന്ന് വയറുനിറക്കാനും വ്യായാമം ഉറപ്പാക്കാനും ആടുകള്‍ക്ക് അവസരം നല്‍കും.
കൂടിന് കൂടുതൽ മുടക്കേണ്ട
ആടുകൃഷി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞെങ്കിലും ചെലവ് കൂടിയ ഹൈടെക് കൂടുകൾക്കൊന്നും പിന്നാലെ പോവാതെ തെങ്ങ്, കവുങ്ങ്, ഞാവല്‍ തുടങ്ങിയ മരത്തടികളിൽ ചെലവ് കുറഞ്ഞ കൂടുകളാണ് ഫാമിൽ ഒരുക്കിയത്. ആടുകളേക്കാൾ കൂടുകൾക്ക് മുതൽമുടക്കുന്ന പ്രവണത ആടുവളർത്തൽ സംരംഭങ്ങളെ പരാജയത്തിൽ കൊണ്ടെത്തിക്കുമെന്ന ബോധ്യം ആന്‍റണിക്കുണ്ട്.
ഇൻഷുറൻസ്
പേരന്‍റ് സ്റ്റോക്കിൽപെട്ട ആടുകളെ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനം വഴി ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. ആടുകളുടെ വിപണിവിലയുടെ എട്ട് ശതമാനം വരെയാണ് വാര്‍ഷിക ഇൻഷുറൻസ് പ്രീമിയമെങ്കിലും അത് സംരംഭത്തിന് നല്‍കുന്ന സാമ്പത്തികസുരക്ഷ ചെറുതല്ല. ഇൻഷുറൻസ് ഉണ്ടെങ്കിൽ ആശങ്കയില്ലാതെ ആടുവളർത്താം. ആടുവസന്ത, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ തടയാനുള്ള വാക്സിനുകള്‍ നല്‍കി ആടുകളുടെ ആരോഗ്യസുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. വിരമരുന്നുകള്‍ നല്‍കുന്നതിലും വിട്ടുവീഴ്ചയില്ല. ഓരോ ആടുകളെയും തിരിച്ചറിയാൻ ചെവിയിലടിച്ച കമ്മലിലെ നമ്പറുകള്‍ക്ക് പുറമേ വിളിപ്പേരുകളുമുണ്ട്. ഇതനുസരിച്ച് ഓരോ ആടിന്റെയും ചികിത്സ, പ്രജനനം തുടങ്ങിയ വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുന്നതും ഇവിടത്തെ രീതിയാണ്.
ആദായ വഴികള്‍
ഏതു സമയത്തും പണം നല്‍കുന്ന എ.ടി.എമ്മുകള്‍ മാത്രമല്ല, ആടില്‍നിന്ന് ആദായമെത്തുന്ന വഴികള്‍ പലതാണെന്നും ഈ ഫാമിലെത്തിയാല്‍ മനസ്സിലാകും. അഞ്ചു മുതല്‍ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വിൽപനയാണ് വരുമാനത്തില്‍ പ്രധാനം. തൂക്കത്തിനനുസരിച്ചാണ് കുഞ്ഞുങ്ങളുടെ വില. അഞ്ചു മാസം വരെ പ്രായമെത്തിയ ക്രോസ്ബ്രീഡ് ഇനം പെണ്ണാടുകള്‍ക്ക് 20 കിലോവരെ തൂക്കമുണ്ടാകും. ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയവ വഴിയാണ് ഇപ്പോൾ വിൽപന. ഒപ്പം കുഞ്ഞുങ്ങളില്‍ ഏറ്റവും വളർച്ച നിരക്കുള്ളവയെ അടുത്ത ബ്രീഡിങ് സ്റ്റോക്കായി വളർത്തും. ലിറ്ററിന് 120 രൂപയാണ് വിലയെങ്കിലും ആട്ടിന്‍പാലിനും ആവശ്യക്കാരുണ്ട്. കൂടുതല്‍ എണ്ണം പെണ്ണാടുകള്‍ ഫാമിലുള്ളതില്‍ കുഞ്ഞുങ്ങള്‍ കുടിച്ചുകഴിഞ്ഞാലും രണ്ടോ, മൂന്നോ ലിറ്റര്‍ പാല്‍ ഫാമില്‍ മിച്ചമുണ്ടാവും . ആട്ടിന്‍മൂത്രവും കാഷ്ഠവും ആദായ സാധ്യതകൾ തന്നെ. മൂത്രത്തിന് ലിറ്ററിന് 30 രൂപ കിട്ടുമെങ്കില്‍ ഉണങ്ങിയ കാഷ്‌ഠം ഒരു കൊട്ടയ്ക്ക് 35 രൂപയാണ് വില. മൂത്രം പ്രത്യേകം ശേഖരിക്കാനുള്ള സംവിധാനം കൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. ബ്രീഡിങ് ബിസിനസാണ് മറ്റൊരു ആദായ സ്രോതസ്സ്. ഫാമിലെ മികച്ച മുട്ടനാടുകളുമായി പുറത്തുനിന്നുള്ള പെണ്ണാടുകളെ ഇണചേര്‍ത്ത് നല്‍കും. ഒരു ബ്രീഡിങ്ങിന് 500 രൂപ വരെ ഈടാക്കും. ആട് വളർത്തലിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് തന്‍റെ അറിവും അനുഭവങ്ങളും പകർന്നു നൽകുന്നു. ആട് കര്‍ഷകരുടെ സംസ്ഥാനതല കൂട്ടായ്മ ഗോട്ട് ഫാര്‍മേഴ്സ് ഗ്രൂപ്പിന്‍റെ പ്രധാന ഭാരവാഹികളില്‍ ഒരാളും കൂടിയാണ് ആന്‍റണി. ആടുകൃഷിക്ക് പുറമേ തേനീച്ച കൃഷിയിലും ആന്‍റണി ഒരുകൈ നോക്കിയിട്ടുണ്ട്. ബി.എഡ് പൂര്‍ത്തിയാക്കി അധ്യാപനത്തിനൊപ്പം ആടുവളർത്തൽ മികവോടെ മുന്നോട്ടു കൊണ്ടുപോവണമെന്നാണ് ആന്‍റണിയുടെ ആഗ്രഹം. കൂട്ടായി അമ്മയും അച്ഛനും സഹോദരങ്ങളും ഒപ്പമുണ്ട്. ആന്‍റണി തോമസ് ഫോൺ: 9061550459.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.