ഡ്രാഗണ്‍ ഫ്രൂട്ടിന്‍െറ വീട്ടുകാര്‍
text_fieldsകേരളത്തില്‍ മെക്സിക്കന്‍ ഡ്രാഗണ്‍ ഫ്രൂട്ടും സമൃദ്ധമായി വിളയുമെന്നു തെളിയിക്കുകയാണ് അടൂര്‍ തട്ട പാറക്കര പറങ്കാംവിളയില്‍ വീട്ടില്‍ ജ്യോതിഷ്കുമാര്‍. വീടിനോടു ചേര്‍ന്ന 60 സെന്‍്റിലാണ് ഈ വിദേശപഴം വിളയിച്ചത്. 700 മൂട് ചെടികളാണ് ഇവിടെ പഴങ്ങളുമായി നില്‍ക്കുന്നത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായാണ് മധുരക്കള്ളി എന്നറിയപ്പെടുന്ന മെക്സിക്കന്‍ ഡ്രാഗണ്‍ ഫ്രൂട്ട് വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. കള്ളിച്ചെടി ഇനത്തില്‍പ്പെട്ട ഇത് കൃഷി ചെയ്തപ്പോള്‍ കളിയാക്കിയവര്‍ വരെ ഇപ്പോള്‍ അത്ഭുതത്തോടെയാണ് കാണുന്നതെന്ന് ജ്യോതിഷ്കുമാര്‍ പറയുന്നു.
വിപണിയില്‍ കിലോയ്ക്ക് 350 രൂപക്ക് മുകളിലാണ് ഇതിന്‍െറ വില. മെക്കാനിക്കല്‍ എഞ്ചിനീയറായ ജ്യോതിഷ്കുമാര്‍ പെരുമ്പാവൂര്‍ എ.കെ സ്പൈസസ് ഡെപ്യൂട്ടി ജനറല്‍ മാനേജറാണ്. കമ്പനി കമ്പോഡിയയില്‍ 2008ല്‍ 2000 ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചിരുന്നു. ഇതിന്‍്റെ ചുമതലക്കാരനായി കമ്പോഡിയയില്‍ പോയത് ജ്യോതിഷായിരുന്നു. അവിടെ എള്ള്, ചോളം, മഞ്ഞള്‍, മുരിങ്ങ, കുരുമുളക് എന്നിവക്കൊപ്പം മെക്സിക്കന്‍ ഡ്രാഗണ്‍ ഫ്രൂട്ടും വ്യാപകമായി കൃഷി ചെയ്തു. അവിടെ വളരെ വിജയമായിരുന്നു ഈ കൃഷി. 2013ല്‍ കമ്പോഡിയയില്‍ നിന്ന് മടങ്ങുമ്പോള്‍ ബാഗില്‍ കരുതിയ രണ്ട് തണ്ടുകളാണ് 700 മൂടു വരെയായത്.
നട്ടുകഴിഞ്ഞാല്‍ വളരെ കുറച്ച് പരിപാലനം മതി ഇതിന്. വെള്ളവും ജൈവവളവും കുറച്ച് മാത്രം മതി. കൃഷി ചെലവും കുറവാണ്. ചെടിയില്‍ മുള്ളുകള്‍ ഉള്ളതിനാല്‍ പക്ഷികളുടെ ശല്യവും പഴത്തിന് ഉണ്ടാകില്ല. ഒന്നര വര്‍ഷത്തിനകം ചെടിയില്‍ നിന്ന് പഴങ്ങള്‍ കിട്ടി തുടങ്ങും. വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ പഴമാണിത്. ഇടവിളയായി മറ്റ് പച്ചക്കറികളും നട്ട് പിടിപ്പിക്കാം. കമ്പോഡിയയില്‍ നിന്ന് എത്തിച്ച ഉയര്‍ന്ന ഗുണനിലവാരമുള്ള മഞ്ഞളാണ് ജ്യോതിഷ് ഇടവിളയായി കൃഷി ചെയ്യുന്നത്. ഒരു മൂടില്‍ നാല് ചെടികളാണ് നട്ടത്. ജ്യോതിഷ് ഇല്ലാത്ത ദിവസങ്ങളില്‍ ഭാര്യ സ്മിതയും മകന്‍ ധ്യാന്‍ ജ്യോതിയുമാണ് കൃഷിപരിപാലനം.
എങ്ങനെ കൃഷി ചെയ്യാം?
വെയില്‍ കിട്ടുന്ന പുഷ്ടിയുള്ള മണ്ണില്‍ നന്നായി ഇതു വളരും. വിത്ത് പാകി മുളപ്പിച്ചോ വള്ളിത്തണ്ടുകള്‍ നട്ടോ വളര്‍ത്തിയെടുക്കാം. വള്ളിത്തണ്ട് മുറിച്ച് നട്ട തൈകള്‍ ഒന്നര വര്‍ഷം മുതല്‍ ഫലം നല്‍കി തുടങ്ങും. ഒരു ചെടിയുടെ ആയുസ്സ് 20 വര്‍ഷമായതിനാലും വള്ളികള്‍ക്ക് നല്ല ഭാരമുള്ളതിനാലും കോണ്‍ക്രീറ്റ് കാലിലാണ് പടര്‍ത്തുന്നത്. വര്‍ഷം നാല് മുതല്‍ ആറ് വരെ തവണ ഫലം കിട്ടുമെന്ന് ജ്യോതിഷ് പറഞ്ഞു.
ആരോഗ്യപ്രദം
ഡ്രാഗണ്‍ ഫ്രൂട്ടിന് ഒൗഷധ ഗുണങ്ങളുണ്ടെന്ന് ജ്യോതിഷ് പറയുന്നു. വിറ്റാമിന്‍ സി അടങ്ങയിരിക്കുന്നതിനാല്‍ ശരീരത്തിന്‍്റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം. ധാരാളം നാരുകള്‍ പഴത്തില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രീയകളെ സഹായിക്കുകയും ചെയ്യുന്നു.
വാണിജ്യ സാധ്യത ഏറെ
വാണിജ്യ സാധ്യതയുള്ള വിളയാണിത്. കേരളത്തിലെ കാലാവസ്ഥക്ക് വളരെ അനുയോജ്യമാണ്. ഒരേക്കറില്‍ 450 താങ്ങ് കാലുകളില്‍ 1800 ചെടികള്‍ നട്ടാല്‍ നിലവിലെ വിപണി വില അനുസരിച്ച് രണ്ടാം വര്‍ഷം 2.24 ലക്ഷവും മൂന്നാം വര്‍ഷം 3.27 ലക്ഷവും നാലാം വര്‍ഷം ആറ് ലക്ഷവും അഞ്ചാം വര്‍ഷം ആറ് ലക്ഷവും എന്നീ ക്രമത്തില്‍ വരുമാനം ലഭിക്കുമെന്ന് ജ്യോതിഷ്കുമാര്‍ പറയുന്നു. കൃഷിക്ക് ചെലവാക്കേണ്ടത് ആദ്യ വര്‍ഷം 5.17 ലക്ഷവും രണ്ടാം വര്‍ഷം 2.10 ലക്ഷവും മൂന്നാം വര്‍ഷം 2.25 ലക്ഷവും നാലാം വര്‍ഷം 24000 രൂപയും അഞ്ചാം വര്‍ഷം 26000 രൂപയും എന്നീ ക്രമത്തിലാണ്. 20 വര്‍ഷം വരെ ചെടിയില്‍ നിന്ന് പഴങ്ങള്‍ ലഭിക്കുമെന്ന് ഇദ്ദേഹം ഉറപ്പ് പറയുന്നു.
ജ്യോതിഷ്കുമാര്‍.മൊബൈല്‍- 8281889112
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.