ജിജിയുടെ ആടുലോകം
text_fieldsആടുകളെ പരിപാലിച്ച് ജീവിതം മുന്നോട്ടു നീക്കുന്ന ജിജിയും കുടുംബവും നമുക്കെല്ലാം മാതൃകയാകേണ്ടതാണ്. അടൂര്‍ ആനന്ദപ്പള്ളി ആലുംമൂട്ടില്‍ ജോണ്‍സ് ഭവനില്‍ ജിജി ജോണിന്‍റെ ആട് ഫാം വിശേഷങ്ങള്‍ നോക്കൂ. ജിജിയുടെ ഭര്‍ത്താവ് ജോണ്‍ ഡാനിയേലിന്‍റെയും മകള്‍ ജോയന്ന അന്ന ജോണിന്‍റെയും കൂട്ടായ പരിശ്രമത്താലാണ് ഈ ഫാം വിജയകരമായി മുന്നോട്ടു പോകുന്നത്.
ചെലവു ചുരുക്കി കൂട്
ആട്ടിന്‍ കൂട് സാധാരണ കണ്ടുവരുന്നതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ചെലവ് ചുരുക്കിയാണ് കൂട് നിര്‍മ്മിച്ചിരിക്കുന്നത്. തറയില്‍ നിന്ന് ആറടി ഉയരത്തില്‍ ഉരുണ്ട കോണ്‍ക്രീറ്റ് തൂണുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന കൂട് തടിയിലാണ് നിർമിച്ചിരിക്കുന്നത്. ടിന്‍ ഷീറ്റാണ് മേല്‍കൂര. ഭര്‍ത്താവ് ജോണ്‍ നിര്‍മിച്ച ഈ കൂടിന്‍റെ ചെലവ് 42,000 രൂപ മാത്രമാണ്. ആട്ടിന്‍ കാഷ്ടം, മൂത്രം ഇവയൊക്കെ കെട്ടിനിന്ന് അമോണിയ ഉണ്ടായി ആടുകള്‍ക്ക് അസുഖം വരാതെ സംരക്ഷിക്കാനാണ് ഇത്തരത്തില്‍ കൂട് നിര്‍മിച്ചതെന്ന് ജിജി ജോണ്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി ഫാം തുടങ്ങിയിട്ട്. തങ്ങളുടെ കുടുംബ വരുമാനം ആട് ഫാമില്‍ നിന്നാണെന്ന് ജിജി പറഞ്ഞു.
ആടുകളുടെ ഇനം
ബ്ലാക്ക് ബീറ്റില്‍, റെഡ് ബീറ്റില്‍, ശിരോഗി, ബോയര്‍ എന്നിവയുടെ ഒറിജിനല്‍ ബ്രീഡും പര്‍പ്പസാരി -മലബാറി ക്രോസ്, ക്വാട്ട -മലബാറി ക്രോസ്സ്, ശിരോഗി-ബീറ്റില്‍ ക്രോസ്സ്, ഹൈദരാബാദി ബീറ്റില്‍-മലബാറി ക്രോസ്സ് എന്നീ ഇനത്തില്‍ പെട്ട ഹൈബ്രിഡ് ക്രോസ്സ് ആടുകളും മലബാറി ആടുകളും ഈ ഫാമില്‍ വളര്‍ത്തുന്നുണ്ട്.
ആടുകളുടെ ഭക്ഷണരീതി
പുളിയരി പൊടി, ഗോതമ്പ്, ഗോതമ്പ് തവിട്, ചോള പൊടി, ഇവയെല്ലാം വേവിച്ച് അധികം വെള്ളം ചേര്‍ക്കാതെ രാവിലെ ഏഴിന് കൊടുക്കും. അതിനു ശേഷം മൂന്ന് നേരം പുല്ല്, ആടിന്‍റെ തീറ്റ, പ്ലാവില എന്നിവ ലഭ്യത അനുസരിച്ചു കൊടുക്കും. അവര്‍ക്ക് കുടിക്കുവാനുള്ള ശുദ്ധജലം ഇതോടൊപ്പം കരുതി വെക്കാറുണ്ട്. വൈകുന്നേരം നാലിന് ആടിന്‍റെ പെല്ലറ്റ്, അരികഞ്ഞി, ഗോതമ്പു തവിട് എന്നിവ വെള്ളം കൂടുതല്‍ ചേര്‍ത്ത് മഞ്ഞള്‍പൊടി കലക്കി കൊടുക്കാറുണ്ട്. മഞ്ഞള്‍ പൊടി കൊടുക്കുന്നത് മൂലം ആടിന്‍റെ പ്രതിരോധശേഷി കൂടും.
ആടുകളുടെ രോഗങ്ങളും ചികിത്സയും
ആഴ്ചതോറും ആണാടിന് മുട്ടയും മീന്‍ എണ്ണയും കൊടുക്കും. പെണ്ണാടുകള്‍ക്ക് കാല്‍സ്യവും ലിവര്‍ ടോണിക്കും കൊടുക്കാറുണ്ട്. എല്ലാവര്‍ക്കും പി.പി.ആര്‍ വാക്‌സിന്‍ എടുക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ജനിച്ച് 20 ദിവസത്തിനു ശേഷം ഓരോ മാസവും തുടര്‍ച്ചയായി ആറ് മാസം വരെ വിരമരുന്ന് കൊടുക്കണം. മുതിര്‍ന്ന ആടുകളുടെ പ്രസവ ശേഷം ഒരു മാസത്തിനുള്ളില്‍ വിരമരുന്ന് കൊടുക്കാറുണ്ട്. അതുപോലെ തന്നെ ആരോഗ്യമുള്ള പെണ്ണാടിനെ ക്രോസ്സ് ചെയ്യുന്നതിന് മുന്‍പായും വിരമരുന്ന് കൊടുക്കണം.
പനി, ചുമ, ജലദോഷം, അകിടുവീക്കം, ദഹനക്കേട്, ചെള്ള് ഇവയൊക്കെ ആണ് ആടുകളെ ബാധിക്കുന്ന അസുഖങ്ങള്‍. ഓരോ രോഗാവസ്ഥയെയും നിസാരമായി കണക്കാക്കാതെ കൃത്യമായി ചികിത്സ കൊടുക്കാറുണ്ട്. അടൂര്‍ വെറ്ററിനറി ഹോസ്പിറ്റലിലെ സ്വപ്ന, പ്രേംരാജ്, സൂരജ് എന്നിവരാണ് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതെന്ന് ജിജി പറഞ്ഞു.
ആടുവളര്‍ത്തലില്‍ നിന്നുള്ള വരുമാനം
ആടിന്‍റെ കുഞ്ഞുങ്ങളെ മൂന്ന് മാസം ആകുമ്പോള്‍ വില്‍ക്കും. ഓരോ കുഞ്ഞുങ്ങള്‍ക്കും അവരുടെ ഇനം അനുസരിച്ചും തൂക്കം അനുസരിച്ചും ആണ് വില നിശ്ചയിക്കുന്നത്. കാര്‍ഷിക ആവശ്യത്തിനായി ആട്ടിന്‍ കാഷ്ടം വില്‍ക്കാറുണ്ട്. ഒരു ചാക്കിന് 250 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഹൈദ്രബാദി ബീറ്റിലിന്‍റെ ആണാടിനെ പ്രത്യുത്പാദന പ്രക്രിയക്കും ഉപയോഗിക്കാറുണ്ട്.
മനസുണ്ടെങ്കില്‍ എന്ത് കാര്യവും നമുക്ക് സാധിക്കും എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഈ ആട് ഫാം. അര്‍ബുദരോഗത്തിന്‍റെ പിടിയില്‍ നിന്നും അതിജീവനത്തിന്‍റെ വഴിയിലൂടെ ആണ് ജോണ്‍ ഡാനിയേലും ഭാര്യ ജിജി ജോണും മുന്നോട്ടു പോകുന്നത്.
ആടുവളര്‍ത്താന്‍ താല്പര്യം ഉള്ളവര്‍ക്ക് ജിജിയുടെ ഉപദേശം: അഞ്ചില്‍ താഴെ ആടുകളെ മാത്രം ആദ്യം വളര്‍ത്തുക. കൂട് ഏറ്റവും ചെലവ് ചുരുക്കി ഉണ്ടാക്കുക. തീര്‍ച്ചയായും വിജയം കൈവരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.