കാച്ചിൽ കൃഷി ചെയ്ത് പുലരുന്ന ഒരു ഗ്രാമം
text_fieldsകൃഷിയിലെ വൻ വെല്ലുവിളിയാണ് വന്യമൃഗശല്യം. വനാതിർത്തികളിൽ മാത്രമല്ല നാട്ടിലും വന്യമൃഗങ്ങളിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. ജനങ്ങൾ വസിക്കുന്നതും കൃഷി ചെയ്യുന്നതും വനത്തിനുള്ളിലെ ഗ്രാമങ്ങളിലാണെങ്കിൽ പിന്നെ ശല്യത്തിന്റെ കാര്യം പറയാനില്ല.
അങ്ങനെ വന്യമൃഗശല്യം രൂക്ഷമായ വനഗ്രാമമാണ് വയനാട്ടിലെ കേരള -കർണാടക അതിർത്തിയായ മുത്തങ്ങയിലെ കുമഴി. ഒരു ഭാഗം കർണാടക വനവും മറ്റൊരു ഭാഗം തമിഴ്നാട് വനവുമാണ്. ആദിവാസി വിഭാഗത്തിലെ കാട്ടുനായ്ക്കരും ചെട്ടി സമുദായക്കാരുമാണ് ഇവിടെ പതിറ്റാണ്ടുകളായി താമസിക്കുന്നത്. നെല്ലായിരുന്നു പ്രധാന കൃഷി. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളുമിറങ്ങി നെൽകൃഷി നശിപ്പിക്കുന്നത് പതിവായതോടെ ജീവിക്കാൻ മറ്റ് വഴികളില്ലാതെ ഇവർ കാച്ചിൽ കൃഷിയിലേക്ക് തിരിഞ്ഞു. ഇന്ന് കുമഴി 'കാച്ചിൽ ഗ്രാമം' എന്ന പേരിലാണ് അറിയപ്പെടുന്നത്.
വനത്തിന് നടുവിലെ ഏക്കർകണക്കിന് വയലുകളിൽ ഇത്തവണ കാച്ചിൽ വിളവെടുപ്പിെൻറ തിരക്കാണ്. എല്ലാവരും ആടും പശുവും വളർത്തുന്നതിനാൽ ജൈവവളമാണ് കൂടുതൽ ഉപയോഗിക്കുന്നത്. കാട്ടുപന്നിശല്യം ഉണ്ടെങ്കിലും ആനകൾ കാച്ചിൽ കൃഷി നശിപ്പിക്കുന്നത് കുറവാണെന്ന് കർഷകർ പറഞ്ഞു. കിഴങ്ങുവർഗങ്ങൾക്ക് ഇടക്ക് വിപണിയിൽ നല്ല ആവശ്യക്കാരുള്ളതിനാൽ കഴിഞ്ഞ സീസണിൽ 60 കിലോ ചാക്കിന് 2000 രൂപ വരെ വില കിട്ടിയിരുന്നു.
എന്നാൽ, ഇത്തവണ പകുതി മാത്രമേ വില ഉള്ളൂ. നവംബറിൽ വിളവെടുപ്പ് തുടങ്ങി. ഫെബ്രുവരി വരെ നീളും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതൽ ആവശ്യക്കാർ. കർഷകരിൽനിന്ന് നേരിട്ട് കാച്ചിൽ വാങ്ങാൻ ചില മൊത്ത കച്ചവടക്കാരും കുമഴിയിൽ എത്താറുണ്ട്.
നൂൽപുഴ ഗ്രാമപഞ്ചായത്തിൽപെട്ട കുമഴിയിൽ 150ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. വന്യമൃഗങ്ങൾ നിറഞ്ഞ കാനനപാതയിലൂടെ സഞ്ചരിച്ചുവേണം കുമഴിയിലെത്താൻ. ഇവരിൽ ഭൂരിഭാഗം പേരും കാച്ചിൽ കൃഷി ചെയ്യുന്നുണ്ട്.
ചുരുക്കം ചിലർ നെൽകൃഷി നിലനിർത്തുന്നുണ്ട്. പരമ്പരാഗത രീതിയിൽ പാട്ടകൊട്ടിയും മറ്റുമാണ് രാത്രി കാവൽമാടങ്ങളിലിരുന്ന്, കൃഷിയിടത്തിലിറങ്ങുന്ന ആനയെ തുരത്തുന്നത്. കാച്ചിൽ ആനകൾക്ക് അത്ര പ്രിയമല്ലാത്തതിനാൽ ശല്യം കുറവാണെന്നതാണ് കാച്ചിൽ കൃഷിയിലേക്ക് തിരിയാൻ ഇവരെ പ്രേരിപ്പിച്ചത്.
നാടൻ ഇനത്തിൽപെട്ട കാച്ചിലാണ് കർഷകർ വിളവിറക്കുന്നത്. അതുകൊണ്ട് ഒരു പാരമ്പര്യ വിത്ത് സംരക്ഷണ കേന്ദ്രം കൂടിയാണിവിടം. മൂല്യവർധിത ഉൽപന്ന നിർമാണത്തിന് സാധ്യതയുണ്ടെങ്കിലും ഇതുവരെ ആരും അതിന് ശ്രമിച്ചിട്ടില്ല. ടൂറിസത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് കുറച്ചുപേർ ഹോം സ്റ്റേകളും റിസോർട്ടുകളും നടത്തുന്നുണ്ട്. സർക്കാർ സഹായം ലഭിച്ചാൽ കൃഷി വിപുലമാക്കാനും മൂല്യവർധിത ഉൽപന്ന നിർമാണത്തിനും സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.