മായിനെ പോലെ ഔഷധക്കൃഷി നോക്കിയാലോ?
text_fieldsമോഹൻ ചീക്കിലോട്
അമ്പതോളം ഔഷധസസ്യങ്ങൾ നിറഞ്ഞ ഒന്നരയേക്കർ കൃഷിയിടം. ആയിരത്തോളം വെളുത്ത ശംഖുപുഷ്പ ചെടികളും പതിമുഖവും കാണാം. ഇത് ഏതെങ്കിലും വൈദ്യശാലയുടെ മരുന്നുകൃഷിയിടമാണെന്ന് കരുതിയാൽ തെറ്റി. കോഴിക്കോട് കാക്കൂർ കൃഷിഭവൻ പരിധിയിലെ കണ്ടോത്ത്പാറ തോടമാക്കിൽ പി.ടി. മായിെൻറ ഔഷധ സസ്യകൃഷിയാണിത്.
1976ൽ 18ാമത്തെ വയസ്സിലാണ് വയനാട് മാനന്തവാടിയിലെ കർഷകനിൽനിന്ന് കിട്ടിയ വെളുത്ത ശംഖുപുഷ്പ ചെടിയുടെ ഏഴു വിത്തുകൾ ഉപയോഗിച്ച് മായിൻ വീട്ടുപറമ്പിൽ ഔഷധസസ്യകൃഷി തുടങ്ങിയത്. 45 വർഷത്തോളമായി ഇതിൽനിന്ന് വരുമാനം നേടുന്നു.
ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ മായിന് ആയുർവേദ ഡോക്ടറാകണമെന്നായിരുന്നു ജീവിതാഭിലാഷം. പേക്ഷ, പത്താംതരം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് തുടർപഠനത്തിന് കഴിഞ്ഞില്ല. പിന്നീട് വീട്ടുപറമ്പിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തി പച്ചമരുന്നുകൾ വൈദ്യശാലകൾക്ക് വിപണനം ചെയ്ത് ചെറിയ രീതിയിൽ വരുമാനം നേടി.
ശംഖുപുഷ്പ ചെടിയുടെ വേരും പൂവും കോഴിക്കോട് പാളയം പി. കൃഷ്ണൻ വൈദ്യരുടെ ഔഷധശാലയിൽ നൽകുമായിരുന്നു. അവിടെനിന്നാണ് പതിമുഖം കൃഷിചെയ്യാനുള്ള േപ്രാത്സാഹനം കിട്ടിയത്. വിശ്വംഭരൻ വൈദ്യരുടെ കടയിലും പച്ചമരുന്ന് നൽകുന്നു. കാക്കൂർ പി.സി. പാലത്ത് ഔഷധസസ്യകൃഷി ചെയ്തിരുന്ന മധുവനം മാധവൻ വൈദ്യരുടെ കൃഷിയിടത്തിൽനിന്നാണ് ഇരുവേലിയുടെ തൈകൾ കിട്ടിയത്. അദ്ദേഹവും പ്രചോദനമായിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് വരുന്ന ആവശ്യക്കാർക്ക് വിത്തുകളും ചെടികളും നൽകാറുണ്ട്. ഒരു വർഷം മുതൽ രണ്ടുവർഷം വരെ മൂപ്പെത്തിയ ശംഖുപുഷ്പ വേരുകളാണ് വിൽക്കുക. ഇത് അൾസറിന് ഒറ്റമൂലിയാണ്. കൂടാതെ, നീലയമരിയും കൃഷിചെയ്യുന്നു.
വെള്ളത്തെച്ചി, ആടലോടകം, കാട്ടുതിപ്പലി, കരിമഞ്ഞൾ, കസ്തൂരിമഞ്ഞൾ, നാഗദന്തി, ഓരില മൂവില, കരിങ്കുറുഞ്ഞി, കുറുന്തോട്ടി, കയ്യോന്നി, ശതാവരി, നീലക്കൂവ, കാട്ടുചേന, വെള്ളക്കുന്നി, ചുവപ്പുകുന്നി, തഴുതാമ, നിലമ്പരണ്ട, മർമാണിപ്പച്ച, രാമച്ചം, വാതംകൊല്ലി, പാൽമുതുക്ക്, ഗുഡജാദ്രി ഇലച്ചെടി, വലിയ കടലാടി, മാങ്ങ ഇഞ്ചി, ചെങ്ങഴിനീർകിഴങ്ങ് തുടങ്ങിയ ഔഷധസസ്യങ്ങൾ ഇദ്ദേഹം കൃഷിചെയ്യുന്നു. ഒരു വിള മാത്രം ആശ്രയിക്കാതെ ഇടവിളയായി മൂന്നുതരം മരച്ചീനിയും ചേനയും നാടൻ കൈതച്ചക്കയും കൃഷിചെയ്യുന്നു. തണൽ വേണ്ട ഔഷധസസ്യങ്ങൾക്ക് കപ്പയും ചേനയും തണലേകും.
കൃഷിയിടത്തിൽ തേനീച്ചകളെയും വളർത്തുന്നു. മേയ്-ജൂൺ മാസങ്ങളിലാണ് ചെടികൾ നടുന്നത്. അടിവളമായി ചാണകപ്പൊടി നൽകും. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ചാണകപ്പൊടി, കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം, ചാരം തുടങ്ങിയ ജൈവവളങ്ങൾ നൽകി മായിൻ തന്നെയാണ് കൃഷിപ്പണി. ആയിരത്തോളം മഹാഗണി തൈകളും 3000 പതിമുഖം ചെടികളും ആവശ്യക്കാർക്ക് സൗജന്യമായി മായിൻ നൽകിയിട്ടുണ്ട്. ഭാര്യ ഖദീജയും മക്കളായ മുഹമ്മദലി, മുഹസിൻ, യംഷീദ് എന്നിവരും കൃഷിയിൽ സഹായിക്കുന്നു. മായിൻ ഫോൺ: 9656882565.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.