പരീക്ഷണശാലയിൽനിന്ന് കാർഷിക വിജ്ഞാനം പാടത്തേക്കിറക്കിയ ഡോ. ലതക്ക് പുരസ്കാരം
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രം മേധാവിയും പ്രഫസറുമായ ഡോ. എ. ലതക്ക് കാർഷിക ഗവേഷണത്തിനുള്ള സംസ്ഥാന കൃഷി വകുപ്പിന്‍റെ ഡോ. എം.എസ്. സ്വാമിനാഥൻ പുരസ്കാരം. കാർഷിക വിജ്ഞാനം വെറും ഗവേഷണ വിഷയവും പരീക്ഷണശാലയിൽ ഒതുങ്ങുന്നതുമല്ലെന്ന തെളിയിച്ച മികവിനാണ് ഡോ. ലതയെ തേടി പുരസ്കാരം എത്തുന്നത്.
സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രക്ടീസിൽ ശിപാർശ ചെയ്ത, 2017ൽ പുറത്തിറക്കിയ നെല്ലിനം ‘മനുരത്ന’, 2019ൽ ഇറക്കിയ ‘മനുവർണ്ണ’ എന്നിവ വയലുകളിൽ പരീക്ഷിച്ച് മികവ് തെളിയിച്ചതാണ്. മനുരത്നയുടെ 595 ടൺ വിത്ത് കർഷക പങ്കാളിത്തത്തോടെ ഉൽപാദിപ്പിച്ച് സംസ്ഥാനത്തുടനീളം 15,000 ഏക്കർ കൃഷി ഭൂമിയിലേക്ക് വിതരണം ചെയ്തു. കോൾനിലങ്ങളിൽ ഒന്നാം വിള പുറമെ രണ്ടാം പൂ കൃഷിക്കും ഈ വിത്താണ് ഉപയോഗിക്കുന്നത്. 132 ടൺ വിത്ത് ഉൽപാദിപ്പിച്ച് വിതരണം ചെയ്താണ് കോൾനിലങ്ങളിൽ രണ്ടാം പൂ കൃഷി വിജയിപ്പിച്ചത്. കുട്ടനാട്ടിലെ കർഷകർക്കിടയിൽ ഈ നെല്ലിനം പ്രചാരം നേടിയിട്ടുണ്ട്. മനുവർണ്ണയുടെ 75 ടൺ വിത്ത് 1875 ഏക്കറിലാണ് കൃഷിക്ക് നൽകിയത്. പാലക്കാട് മേഖലയിൽ ഈ നെല്ലിനം പ്രചാരം നേടി വരികയാണ്.
‘അശ്വനി 1’ എന്ന അശോകം, കോൾനിലങ്ങളിൽ മൂലകങ്ങളുടെ അഭാവം പരിഹരിക്കാനുള്ള മാർഗങ്ങൾ, യന്ത്രവൽകൃത നടീൽ ഞാറ്റടിക്കുള്ള സാങ്കേതിക വിദ്യ, കോൾനില ജൈവ കൃഷി സാങ്കേതിക വിദ്യ, കശുമാവിന്‍റെ രാസവള പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ, ബ്രഹ്മി, കുറുന്തോട്ടി, നീലമരി, പനികൂർക്ക, തുളസി, കിരിയാത്ത് എന്നിവയുടെ കൃഷിയുമായി ബന്ധപ്പെട്ടുള്ള ഗവേഷണം തുടങ്ങിയവ നടത്തി വിജയിപ്പിച്ചു.
ഇരുന്ന് കയറാവുന്ന 321 കേരസുരക്ഷാ തെങ്ങു കയറ്റ യന്ത്രം നിർമിച്ച് കർഷകർക്ക് വിതരണം ചെയ്തു. ടില്ലറിൽ ഘടിപ്പിക്കാവുന്ന തെങ്ങിന്‍റെ തടം തുറക്കുന്ന യന്ത്രം, തേങ്ങ വീഴാതെ സംരക്ഷിക്കുന്ന തൊട്ടിൽ എന്നിവ വികസിപ്പിച്ച് വിതരണം ചെയ്തു. ഇവ കേരള അഗ്രോ മെഷിനറി കോർപറേഷൻ ഏറ്റെടുത്തു. റിമോട്ടിൽ പ്രവർത്തിക്കുന്ന പവർ ടില്ലർ, കുടുംബ പവർ ടില്ലർ, നെൽപാടങ്ങളിൽ കുമ്മായം വിതറുന്ന യന്ത്രം, പയർ വർഗങ്ങൾ വിളവെടുക്കുന്ന യന്ത്രം എന്നിവയും ഡോ. ലതയുടെ ഗവേഷണഫലങ്ങളാണ്. കോൾ നിലങ്ങളിൽ അധിക വിള കൃഷി ചെയ്യുന്ന ‘ഓപറേഷൻ കോൾ ഡബിൾ’ പദ്ധതി പദ്ധതി എക്സിക്യുട്ടീവ് അംഗമാണ്. തരിശ് നില കൃഷി, കാർഷിക യന്ത്രവത്കരണം പരിചയപ്പെടുത്തൽ, ജൈവകൃഷി സാങ്കേതിക സഹായം, നാടൻ സങ്കരയിനം തെങ്ങിൻ തൈകളുടെ ഉൽപാദനം എന്നിവയിലും ഡോ. ലതയുടെ നേതൃത്വത്തിൽ കാർഷിക ഗവേഷണ കേന്ദ്രം പ്രധാന പങ്ക് വഹിച്ചു.
മികച്ച കോഴ്സ് ഡയറക്ടർക്കുള്ള കാർഷിക സർവകലാശാല അവാർഡ്, നല്ല ഗവേഷണ കേന്ദ്രം മേധാവിക്കുള്ള സർവകലാശാല അവാർഡ്, കേന്ദ്ര കൃഷിമിത്ര അവാർഡ്, അഗ്രോണമിസ്റ്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.