തേനൂറും പാഠപുസ്തകമായി പ്രഭാത്
text_fieldsകേളകം: വരുമാനമുള്ള ജോലി സ്വപ്നം കാണുന്ന ചെറുപ്പക്കാർക്ക് മധുരമൂറുന്ന പാഠപുസ്തകമാണ് കേളകം മഞ്ഞളാംപുറത്തെ പാലാരിപ്പറമ്പിൽ പ്രഭാത്.
തേനീച്ചകളുമായുള്ള ചങ്ങാത്തത്തിലൂടെ 18 വർഷം കൊണ്ട് മികച്ച സമ്പാദ്യമാണ് പ്രഭാത് നേടിയത്. കുട്ടിക്കാലത്ത് സാഹസികത നിറഞ്ഞ തേൻ ശേഖരണം കൗതുകമായി വളർന്ന് ഇഷ്ടപ്പെട്ട തൊഴിലെന്ന നിലയിലേക്ക് തേനീച്ച വളർത്തലിലേക്ക് തിരിഞ്ഞതായി പ്രഭാത് പറഞ്ഞു. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഞൊടിയൽ തേനീച്ചകളെയാണ് പ്രഭാതും തിരഞ്ഞെടുത്തിട്ടുള്ളത്. വീടിന് സമീപം നാലു കിലോമീറ്ററിൽ 10 തോട്ടങ്ങളിലായി 250ഓളം തേനീച്ചക്കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
150 കൂട് ചെറുതേൻ കോളനികളുമുണ്ട്. പെട്ടി ഒന്നിന് 10കിലോ മുതൽ 25 കിലോ വരെ വൻതേനും 350 ഗ്രാം മുതൽ 600 ഗ്രാം വരെ ചെറുതേനും ലഭിക്കുന്നുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് സീസൺ. റബർ തളിർക്കുമ്പോഴും കശുമാവ് പൂക്കുമ്പോഴുമാണ് അനുകൂല കാലം.
മഴക്കാലം വൈകിയാൽ തേൻകർഷകർക്ക് ഗുണമാണ്. തേനീച്ചകൾ പരാഗണത്തിന് സഹായിക്കുന്നതിനാൽ പച്ചക്കറിയടക്കം മറ്റ് വിളകൾക്കും ഇവ ഗുണകരമാണ്. വൻതേൻ കിലോയ്ക്ക് 250 രൂപ ലഭിക്കുമ്പോൾ ഔഷധ ഗുണമേറെയുള്ള ചെറുതേനിന് 2000 രൂപയാണ് വില . ഹോർട്ടി കോർപ്,ഖാദി ബോർഡ് തുടങ്ങിയ സർക്കാർ ഏജൻസികൾ മുഖേനയാണ് വിൽപന. മെഴുകിനും ആവശ്യക്കാരേറെയാണ്.
നൂറുപെട്ടിയിൽ നിന്ന് 10 കിലോ മെഴുക് കിട്ടും. കിലോയ്ക്ക് 400 രൂപയാണ് വില. കണ്ണൂരിലെ മലബാർ ഹണി എന്ന സ്ഥാപനത്തിൽ ഒരുവർഷത്തെ ഡിപ്ലോമ കോഴ്സിന് ചേർന്ന് പഠിക്കുകയാണ് പ്രഭാത്. അടുത്ത മാസം കോഴ്സ് പൂർത്തിയാകും. തേനീച്ച കൃഷിയിൽ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കുന്ന മലയോരത്തെ ആദ്യ യുവാവാകും പ്രഭാത്.
തേനീച്ച വളർത്തൽ പരിശീലകരെ തിരഞ്ഞെടുക്കാൻ ആദ്യമായി പി.എസ്.സി വിജ്ഞാപനം നടത്തിയപ്പോൾ അപേക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.