ഉൽപാദിപ്പിച്ചത് ഒരു ടൺ കല്ലുമ്മക്കായ; നൂതന സംയോജിത ജലകൃഷി വിജയം
text_fieldsകൊച്ചി: കേരളത്തിലാദ്യമായി വാണിജ്യാടിസ്ഥാനത്തിൽ പരീക്ഷിച്ച സംയോജിത ജലകൃഷിയിൽ (ഇൻറഗ്രേറ്റഡ് മൾട്ടിട്രോഫിക് അക്വാകൾചർ-ഇംറ്റ) മികച്ച നേട്ടം കൊയ്ത് കല്ലുമ്മക്കായ വിളവെടുപ്പ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) മൂത്തകുന്നത്ത് പുതിയ രീതിയിൽ കൃഷിയിറക്കാൻ നേതൃത്വം നൽകിയത്. കുറഞ്ഞ സ്ഥലത്തുനിന്ന് ഒരേകാലയളവിൽ തന്നെ വിവിധ കൃഷികളിലൂടെ കൂടുതൽ വരുമാനമുണ്ടാക്കാവുന്ന നൂതന ജലകൃഷി രീതിയാണ് ഇംറ്റ.
കൂടുമത്സ്യകൃഷിയോടൊപ്പം കല്ലുമ്മക്കായ, കടൽപായൽ എന്നിവയായിരുന്നു ഈ മാതൃകയിൽ കഴിഞ്ഞ ഡിസംബറിൽ കൃഷിയിറക്കിയത്. സംയോജിതകൃഷിയിൽ ആദ്യം വിളവെടുപ്പ് നടത്തിയ കല്ലുമ്മക്കായ മികച്ച ഉൽപാദനം നേടി. തമിഴ്‌നാട്ടിൽ സി.എം.എഫ്.ആർ.ഐ നേരത്തേ ഈരീതി പരീക്ഷിച്ചു വിജയിച്ചിരുന്നു. നാല് മത്സ്യക്കൂടുകൾക്ക്് പുറത്ത് ഒരു മീറ്റർ വലുപ്പമുള്ള 150 ചരടുകളിലായി ഇറക്കിയ കല്ലുമ്മക്കായ കൃഷിയിൽ ഒരു ടൺ കല്ലുമ്മക്കായയാണ് ഉൽപാദിപ്പിക്കാനായത്.
മൂന്നംഗ കർഷകസംഘമാണ് കൃഷിയിറക്കിയത്. വിളവെടുത്ത മുഴുവൻ കല്ലുമ്മക്കായയും ഉടൻ ആവശ്യക്കാരിലെത്തിക്കാൻ സാധിച്ചതിലൂടെ കർഷകർക്കും നേട്ടംകൊയ്യാനായി. കൂടുകൃഷിയിലെ മീനുകൾക്കും മികച്ച വളർച്ചനിരക്കുണ്ടെന്ന് ശാസ്ത്രസംഘം നടത്തിയ പരിശോധനയിൽ വ്യക്തമായി.
ജൂൺ അവസാനത്തോടെ കൂടുകൃഷി വിളവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ. വിളവെടുക്കാറായ കടൽപായൽകൃഷിയും വിജയകരമാണെന്ന്് കണ്ടെത്തി. മാരികൾചർ വിഭാഗം പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ഷോജി ജോസഫിെൻറ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കമിട്ടത്. ഇംറ്റ കൃഷിരീതിയും വ്യാപിപ്പിക്കാനാണ് സി.എം.എഫ്.ആർ.ഐ ശ്രമമെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.