മട്ടുപ്പാവ് കൃഷിയിലൂടെ പുന്നൂസ് ഉയരങ്ങളിൽ
text_fieldsതൊടുപുഴ: വീട്ടിലെ ആവശ്യങ്ങൾക്കായി മട്ടുപ്പാവിൽ കൃഷി തുടങ്ങിയ പുന്നൂസിനെ തേടിയെത്തിയത് സംസ്ഥാന കർഷക പുരസ്കാരം.
മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള ഒന്നാംസ്ഥാനമാണ് തൊടുപുഴ സ്വദേശിയായ പുന്നൂസ് ജേക്കബിന് ലഭിച്ചത്. 50,000 രൂപയും ഫലകവുമാണ് പുരസ്കാരം. നഗരമധ്യത്തിലെ വീടിന് സമീപ ബഹുനിലക്കെട്ടിടത്തിന്‍റെ മുകളിലാണ് പുന്നൂസിന്‍റെ കൃഷിയിടം. 2012ലായിരുന്നു മട്ടുപ്പാവ് കൃഷി തുടങ്ങിയത്. വീട്ടിലേക്കാവശ്യമായ ജൈവപച്ചക്കറി ഉൽപാദിപ്പിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. വളരെ ചുരുങ്ങിയ സ്ഥലത്താണ് ആദ്യം കൃഷി ചെയ്തത്. അത് വിജയം കണ്ടതോടെ ഓരോ വർഷവും കൃഷി വ്യാപിപ്പിച്ചു. മഴമറ തീർത്തായിരുന്നു കൃഷി ചെയ്തത്.
വെണ്ട, വഴുതന, പാവൽ, പടവലം, കാബേജ്, പയർ വർഗങ്ങൾ, പുതിന, മല്ലി, തക്കാളി എന്നിവ മട്ടുപ്പാവിലുണ്ട്. ടെറസിന്‍റെ മുകളിലായതുകൊണ്ട് കീടങ്ങളുടെയടക്കം ആക്രമണം കുറവാണെന്ന് ഇദ്ദേഹം പറയുന്നു. പൂര്‍ണമായും ജൈവപച്ചക്കറി കൃഷി അവലംബിക്കുന്നതിനാൽ വിളകൾക്ക് നല്ല വില ലഭിക്കുന്നുണ്ടെന്ന് പുന്നൂസ് പറയുന്നു.
ഇപ്പോൾ 3500 ചതുരശ്ര അടിയിൽ 450 ഓളം ഗ്രോബാഗുകളിലാണ് കൃഷി നടത്തുന്നത്. ലോക്ഡൗൺ സമയത്ത് കൃഷിയിൽ കൂടുതൽ സമയം ശ്രദ്ധിക്കാൻ സമയം കിട്ടിയതായി പുന്നൂസ് പറഞ്ഞു. കൃഷി വകുപ്പിന്‍റെയും തൊടുപുഴ നഗരസഭയുടെയും മികച്ച മട്ടുപ്പാവ് കർഷകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.