കൊറോണക്കാലത്തെ ആട് വളർത്തലിലൂടെ അതിജീവിച്ച് രാഘവ നായ്ക്കരും കുടുംബവും
text_fields'എന്ക്ക് പയിനഞ്ച് കൊല്ലം ഇഞ്ചി കൃഷിയ്ണ്ടായ്ര്ന്ന്.. അത്ല്ലം പോയി കാടായി... അങ്ങനെ ഞങ്ങോ ആടിന മേൺച്ചു പോറ്റാൻ തൊട്ങ്ങി. അത് കൊണ്ട് കൊറോണ ബന്നയിപ്പിന്നെ കൊണായി...' -ഉണക്കിയ പ്ലാവിലകൾ മുറ്റത്ത് നിരത്തിയിട്ടുകൊണ്ട് രാഘവനായ്ക് പറഞ്ഞു തുടങ്ങി. അമ്മുവും ചിന്നുവും പാറുവും ഉണക്ക പ്ലാവിലകൾ നക്കിയെടുത്ത് ചവച്ചുകൊണ്ടിരിക്കെ ഉണ്ണിക്കുട്ടനും കണ്ണനും ഓടിവന്ന് അമ്മുവിന്‍റെ അകിടിൽ മൂക്ക് കൊണ്ടു കുത്തി പാൽകുടി മത്സരം ആരംഭിച്ചു.
കാസർകോട് ജില്ലയിലെ പനത്തടി മാട്ടക്കുന്ന് പട്ടികവർഗ്ഗ കോളനിയിലെ രാഘവ നായ്ക്കരും കുടുംബവും ജീവിക്കുന്നത് ആടുകളുടെ കാരുണ്യത്തിലാണ്. 33 ആടുകളാണ് കുടുംബാംഗങ്ങളെപ്പോലെ ഇവർക്കൊപ്പം ജീവിക്കുന്നത്. ഇഞ്ചി കർഷകനായിരുന്ന രാഘവ നായ്ക് കൃഷി നശിച്ച് കടബാധ്യതയുണ്ടായപ്പോഴാണ് ആട് വളർത്തൽ തുടങ്ങിയത്.
രാഘവ നായ്ക്കിന്‍റെ മകൻ രതീഷിന് ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പാലക്കാട്ടും എറണാകുളത്തും ഹോട്ടലുകളിൽ ജോലി ചെയ്തു കിട്ടിയ പ്രതിഫലമായ 25,000 രൂപ ഉപയോഗിച്ച് വാങ്ങിയ രണ്ട് ആടുകൾ ഇപ്പോൾ കുഞ്ഞുങ്ങളടക്കം 33 ആടുകളുള്ള വലിയ കൂട്ടുകുടുംബമായി വളർന്നു. മലബാറി സങ്കരയിനം ആടുകളാണ് ഇവ.
'അതിങ്ങനെ പെറ്റ് പെരുകി കൊറേയായി.. പിന്നെ കൊറേയെണ്ണത്തിനെ വിക്കുകയും ചെയ്തു... അച്ഛനാ ആ ടിന്‍റെ കാര്യങ്ങളൊക്കെ നോക്ക്ന്നത്...' -രതീഷ് പറഞ്ഞു. 'ഒര് അയ്മ്പതിനായിരത്തിന്‍റെ വരുമാനം കിട്ടും കൊല്ലത്തില്. ഇപ്പൊ ഒര് ലക്ഷത്തിന്‍റെ വിക്കാന്ണ്ട്...' -രാഘവ നായ്ക് കൂട്ടിച്ചേർത്തു.
മാട്ടക്കുന്നിലെ പരേതനായ അപ്പാണു നായ്ക്കരുടെ മകനാണ് രാഘവനായ്ക്. ഭാര്യ ശാരദാ ഭായിയും മകൻ രതീഷിന്‍റെ ഭാര്യ ശൈലജയും ഇവരുടെ മകൻ മൂന്നു വയസ്സുകാരൻ ഋതുദേവും ആട് വളർത്തലിന് തുണയായുണ്ട്. രതീഷിന്‍റെ ചേച്ചി സതി കുടുംബസമേതം റാണിപുരത്താണ് താമസം. പുറമെനിന്നും ആളുകൾ ആടുകളെ വാങ്ങാൻ വരാറുണ്ടെന്ന് രതീഷ് പറഞ്ഞു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ രതീഷ് ഹോട്ടൽ ജോലി ഒഴിവാക്കി, നാട്ടിലെത്തിയ ശേഷം ഇപ്പോൾ ഉപജീവനത്തിന് കൂലിപ്പണി ചെയ്യുകയാണ്. ആട് കൃഷിയിൽ അച്ഛനെ സഹായിക്കുകയും ചെയ്യുന്നു.
പച്ച പ്ലാവില തിന്നുമ്പോൾ ആടുകളുടെ തൊണ്ടയിൽ കറ പറ്റിപ്പിടിച്ച് പ്രയാസമുണ്ടാകുന്നത് കൊണ്ടാണ് ഉണക്കി കൊടുക്കുന്നതെന്ന് രാഘവ നായ്ക് പറഞ്ഞു. അമ്മുവാണ് കൂട്ടത്തിൽ മൂത്തവൾ. പിന്നെ പാറു, ചിഞ്ചു.. കുട്ടു..
'പേര് വിളിച്ചാൽ എല്ലാവരും ഓടി വരും.. ഈടെ ഫോറെസ്റ്റല്ലേ. ചെന്നായ് വരൂന്ന് പേടിയ്ണ്ട്. അതുകൊണ്ട് വിളിച്ചാ അപ്പൊ ഓടി ബെരും..' -രാഘവൻ നായ്ക് ആടുകളുമായുള്ള അടുപ്പം വിവരിച്ചു.
വനപ്രദേശമായതിനാൽ ചെന്നായകളും കുറുക്കൻമാരുമുണ്ട്. എന്നാൽ, വീടുകൾ അടുത്ത് തന്നെയായതുകൊണ്ട് അവ ഇതുവരെ ആടുകളെ ഉപദ്രവിച്ച അനുഭവമുണ്ടായിട്ടില്ലെന്നും രാഘവനായ്ക് പറഞ്ഞു.
ആടുകളുടെ പാൽ കറന്നു വിൽക്കാറില്ല. അത് അവയുടെ കുഞ്ഞുങ്ങൾക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കൊറോണക്കാലത്തെ ആട് വളർത്തലിലൂടെ അതിജീവിച്ച് കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്‍റെ കുടുംബം നാടിന് തന്നെ മാതൃകയായി മാറിയെന്ന് പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗവും സാമൂഹിക പ്രവർത്തകനുമായ എൻ. വിൻസെന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.