രാഘവനും ഗണേശനും പറയുന്നു; 'മനസ്സുവെച്ചാൽ വയലും മനസ്സും നിറയും'
text_fieldsകാഞ്ഞങ്ങാട്: മണ്ണിനോടുള്ള പ്രണയത്താൽ തൂമ്പയുമായി പാടത്തേക്കിറങ്ങിയ കെ.വി. രാഘവനും പി. ഗണേശനും മാക്കി വയലിൽ വിളയിക്കുന്നത് ടൺ കണക്കിന് പച്ചക്കറി. വെള്ളരി, കക്കിരി, പടവലം, തണ്ണിമത്തൻ എന്നിങ്ങനെ ഇല്ലാത്തതായി ഒന്നുമില്ല. വി.എഫ്.പി.സി.കെയുടെ ഔട്ട്‍ലെറ്റുകൾ മുതൽ വീടുകൾ തോറും കയറിയാണ് ഇവർ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്. ശ്രീവിഷ്ണു ക്ഷേത്രത്തോട് ചേർന്നാണ് കൃഷിയിടം.
രാഘവൻ ചെങ്കൽ തൊഴിലാളിയും ഗണേശൻ ഓട്ടോ ഡ്രൈവറുമാണ്. പത്തുവർഷത്തിടെയാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. ആധുനിക സംവിധാനങ്ങൾ ശാസ്ത്രീയമായി ഉപയോഗിച്ചാൽ കൃഷി ലാഭം തന്നെയാണെന്ന് മികച്ച കർഷകനുള്ള അവാർഡ് ഉൾപ്പെടെ നേടിയ രാഘവൻ പറയുന്നു. രാഘവൻ 1000 വാഴയും ഗണേശൻ 600 വാഴയും കൃഷി ചെയ്യുന്നുണ്ട്.
പുലർച്ച അഞ്ചിനുമുമ്പ് വയലിലിറങ്ങുന്നതാണ് ഇവരുടെ ദിനചര്യ. ഈ സീസണിൽ ഇരുവർക്കും 30 ക്വിന്റൽ വീതം മധുരക്കിഴങ്ങും കിട്ടിയിട്ടുണ്ട്.
സ്കൂട്ടറിലാണ് ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നത്. വീടുകളിലെത്തിച്ചാൽ ഇടനിലക്കാരന് കൊടുക്കേണ്ട തുക ലാഭിക്കാം. മഴക്കാലത്ത് കുന്നിൻചരുവിലും ഇവർ കൃഷിയിറക്കും. എല്ലാകാലത്തും ഉൽപന്നങ്ങൾ കൈയിലുണ്ടാകും. വ്യാപകമായി കൃഷി ചെയ്യുന്നതിനാൽ ക്ഷുദ്രജീവികളും ഇവർക്കൊരു വെല്ലുവിളിയല്ല. കായീച്ചകളെ കെണിവെച്ച് പിടിക്കുന്നതോടെ ഇവയുടെ ശല്യമേയില്ല. പച്ചക്കറി പോലെ നെല്ല് ലാഭകരമല്ലെങ്കിലും യന്ത്രവത്കരണം നടപ്പാക്കിയാൽ അതിജീവിക്കാമെന്നാണ് ഇവരുടെ പക്ഷം. പഞ്ചായത്തും കൃഷിഭവനും നൽകുന്ന പിന്തുണയും സഹായമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.