ഒന്നേകാൽ ഏക്കറിൽ നിന്ന് 38 ലക്ഷം വരുമാനം; കശ്മീരിലും ആസ്സാമിലും മാത്രമല്ല, രാജസ്ഥാനിലെ കൊടുംചൂടിലും വിളയും മധുരമേറിയ ആപ്പിൾ
text_fieldsസാധാരണയായി തണുപ്പുള്ള മേഖലകളിൽ കണ്ടുവരുന്ന കൃഷിയാണ് ആപ്പിൾ. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലും പശ്ചിമഘട്ടത്തിലെ നീലഗിരി മേഖലയിലും ആപ്പിൾ കൃഷിയുണ്ട്. കേരളത്തിൽ ഇടുക്കിയിലെ കാന്തല്ലൂരിൽ ആപ്പിൾ തോട്ടങ്ങളുണ്ട്. എന്നാൽ, കടുത്ത ചൂട് അനുഭവപ്പെടുന്ന രാജസ്ഥാനിൽ ആപ്പിൾ കൃഷി വിജയിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി. രാജസ്ഥാനിലെ 50 ഡിഗ്രീ സെൽഷ്യസ് ചൂടിൽ ആപ്പിൾ കൃഷി ചെയ്ത് വിജയഗാഥ രചിച്ചിരിക്കുകയാണ് സന്തോഷ് ദേവി കേദാർ എന്ന സ്ത്രീ. ഒന്നേകാൽ ഏക്കർ സ്ഥലത്തെ ആപ്പിൾ കൃഷിയിൽ നിന്ന് വർഷം 38 ലക്ഷമാണ് ഇവർ വരുമാനമായി നേടുന്നത്.
രാജസ്ഥാനിലെ സികാറിലെ ബെരി ഗ്രാമത്തിലാണ് സന്തോഷ് ദേവി കേദാർ താമസിക്കുന്നത്. 2015ൽ തന്‍റെ കൃഷിയിടത്തിൽ 100 ആപ്പിൾ തൈകൾ നടുമ്പോൾ താൻ വലിയൊരു സാഹസികതയിലേക്കാണ് കടക്കുന്നതെന്ന് ഇവർക്ക് ബോധ്യമുണ്ടായിരുന്നു. ഉയർന്ന താപനിലയിൽ വളരാൻ ശേഷിയുള്ള എച്ച്.ആർ.എം.എൻ.എൻ എന്ന പ്രത്യേക ആപ്പിൾ തൈകളാണ് ഇവർ ഉപയോഗിച്ചത്. ജൈവകൃഷിയായിരുന്നു രീതി. ജൈവകൃഷിയിൽ നേരത്തെ വിജയഗാഥ രചിച്ചതിന്‍റെ ആത്മവിശ്വാസം ഇവർക്കുണ്ടായിരുന്നു.
നാല് വർഷമെടുക്കും ആപ്പിൾ തൈകൾ ഫലം നൽകാൻ എന്നായിരുന്നു സന്തോഷ് ദേവിയുടെ ധാരണ. എന്നാൽ, ഇവരുടെ കൃഷിയിടത്തിലെ ആപ്പിൾ തൈകൾ രണ്ട് വർഷം കൊണ്ട് തന്നെ ഫലം നൽകി. രണ്ടാം വർഷം ഒരു തൈയിൽ നിന്ന് ശരാശരി 34 ആപ്പിൾ മാത്രം ലഭിച്ചപ്പോൾ മൂന്നും നാലും വർഷങ്ങളിൽ 132ഉം 368ഉം ആപ്പിളുകൾ ഓരോ തൈയിൽ നിന്നും ലഭിച്ചു. ഇന്ന് ഓരോ ആപ്പിൾ മരത്തിൽ നിന്നും 70 മുതൽ 80 കിലോഗ്രാം വരെ ആപ്പിൾ ലഭിക്കുന്നുണ്ട്. അനുയോജ്യമായ കാലാവസ്ഥയുള്ള കശ്മീരിൽ പോലും ഒരു ആപ്പിൾ മരത്തിലെ ശരാശരി വിളവ് 50 കിലോഗ്രാം മാത്രമാണ്.
നിലവിൽ ഒന്നേകാൽ ഏക്കറിൽ ആപ്പിൾ കൃഷിയുണ്ട്. ജൈവ ആപ്പിളിന് കിലോഗ്രാമിന് 150 മുതൽ 200 വരെ വില ലഭിക്കുന്നുണ്ടെന്ന് സന്തോഷ് ദേവി കേദാർ പറയുന്നു. ഫെബ്രുവരിയിലാണ് മരത്തിൽ പൂവിടാൻ തുടങ്ങുക. ജൂൺ അവസാനമാകുമ്പോഴേക്കും പഴങ്ങൾ വിളവെടുക്കാൻ പാകമാകും. മാതളനാരങ്ങ, മുസമ്പി, ചെറുനാരങ്ങ, സിട്രസ് എന്നിവയും ഇവർ കൃഷിചെയ്യുന്നുണ്ട്.
ഇവരുടെ കൃഷിയിടത്തിൽ നേരിട്ടെത്തി ആളുകൾ പഴങ്ങൾ വിലക്കെടുക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. കൂടാതെ ഇവർ മാർക്കറ്റിൽ വിൽക്കുന്നുമുണ്ട്. ജൈവ വളങ്ങളും കീടനാശിനികളും ഇവർ തന്നെ തയ്യാറാക്കുന്നതിനാൽ അതിന്‍റെ ചെലവ് കുറഞ്ഞുകിട്ടുമെന്ന് സന്തോഷ് ദേവിയുടെ ഭർത്താവ് രാംകരൺ കേദാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.